Allegation | വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂര്‍ പൂരത്തിനെതിരായ പരസ്യ വെല്ലുവിളി; അംഗീകരിക്കാനാവില്ല, പൂര്‍ണമായി പിന്‍വലിക്കണമെന്ന് കെ രാജന്‍
● 35 നിയന്ത്രണങ്ങളുടെ പട്ടികയില്‍ അഞ്ചെണ്ണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല
● ഫയര്‍ ലൈനില്‍ നിന്ന് 200 മീറ്റര്‍ അകലെയാകണം മാഗസിന്‍ എന്ന നിബന്ധനയും യോജിക്കാനാകാത്തത്
● കാണികള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ വരും
തൃശൂര്‍: (KVARTHA) വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂര്‍ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വിജ്ഞാപനം അംഗീകരിക്കാനാവില്ലെന്നും പൂര്‍ണമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തേക്കിന്‍കാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താന്‍ കഴിയാത്തവിധം അശാസ്ത്രീയമായ നിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരം വെട്ടിക്കെട്ട് സംബന്ധിച്ചുള്ള കേന്ദ്ര വിജ്ഞാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
35 നിയന്ത്രണങ്ങളുടെ പട്ടികയില്‍ അഞ്ചെണ്ണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തവയാണ്. ബാക്കിയുള്ളവ ഭേദഗതിയോടെ അംഗീകരിക്കാം. ഫയര്‍ ലൈനില്‍ നിന്ന് 200 മീറ്റര്‍ അകലെയാകണം മാഗസിന്‍ എന്ന നിബന്ധന വെടിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും.
2008ലെ സ്‌ഫോടകവസ്തു നിയമത്തില്‍ 45 മീറ്ററെന്ന നിബന്ധനയാണുള്ളത്. ഇതു പുനഃസ്ഥാപിക്കണം. ഫയര്‍ലൈനിലെ ബാരിക്കേഡില്‍ നിന്നു വീണ്ടും 100 മീറ്റര്‍ അകലെയേ ജനത്തെ നിര്‍ത്താവൂ എന്ന നിബന്ധന വന്നാല്‍ കാണികള്‍ക്കു വെടിക്കെട്ട് ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ വരും.
പുതിയ നിയമഭേദഗതിയനുസരിച്ച് കുറേക്കൂടി നീങ്ങിമാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങളുള്ള സ്ഥലമായതിനാല്‍ ഇത് സാധ്യവുമല്ല. ഇതിനാല്‍ ഈ നിയമഭേദഗതി നിലനില്‍ക്കുമ്പോള്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുക പ്രയാസമാണ്. വെടിക്കെട്ടിന് ആളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ പൂരത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതൊരു രാഷ്ട്രീയവിഷയമായി മാറുകയും ചെയ്തു.
ഫയര്‍ലൈനും താല്‍ക്കാലിക ഷെഡും തമ്മില്‍ 100 മീറ്റര്‍ അകലം വേണമെന്ന നിബന്ധനയാണ് മറ്റൊരു വെല്ലുവിളി. വെടിക്കെട്ട് നടക്കുന്നിടത്ത് ഇരുമ്പ്, സ്റ്റീല്‍ വസ്തുക്കള്‍ പാടില്ലെന്ന നിബന്ധന അശാസ്ത്രീയമാണ്. വെടിക്കെട്ടിനുള്ള കുഴിയില്‍ സ്ഥാപിക്കുന്ന കുഴല്‍ ഇരുമ്പിന്റേതാണ്. ഇതൊഴിവാക്കി എങ്ങനെ വെടിക്കെട്ടു നടത്തും എന്നും മന്ത്രി ചോദിച്ചു. വെടിക്കെട്ടിന്റെ കാര്യത്തില്‍ മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് പൊള്ളയായിരുന്നോ എന്ന കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
പൂരം തകര്‍ക്കാന്‍ ശ്രമിക്കുന്നതാരാണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൃശൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രിയുടേതടക്കം കേന്ദ്രസര്‍ക്കാരിലെ ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്കും പെട്രോളിയം വകുപ്പു മന്ത്രിക്കുമടക്കം ഇതുസംബന്ധിച്ച് പരാതി അയച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഔദ്യോഗിക ആശയവിനിമയം ഇക്കാര്യത്തില്‍ നടത്താന്‍ വേണ്ട നടപടിയെടുക്കുമെന്നും രാജന്‍ പറഞ്ഞു.
#ThrissurPooram #FireworksBan #KeralaFestivals #Keralanews #CulturalHeritage #FestivalSafety