Visit | മതസൗഹാർദത്തിന്റെ പാലം പണിയാൻ എത്തിയ മാർപാപ്പ; ഇന്തോനേഷ്യയില്‍ നിന്ന് മടങ്ങുമ്പോൾ പകരുന്ന സന്ദേശങ്ങൾ
*ഇന്തോനേഷ്യയിലെ രണ്ട് പ്രധാന മതസ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന തുരങ്കം മാര്‍പ്പാപ്പ ഉദ്ഘാടനം ചെയ്തു.
അർണവ് അനിത
(KVARTHA) ഇന്തൊനീഷ്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കുറ്റത്തിന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് ലോകം ഞെട്ടലോടെയാണ് കണ്ടത്. ഇതൊന്നും അദ്ദേഹത്തെയോ, അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യങ്ങളെയോ തെല്ലും ബാധിച്ചില്ല. സമാധാനത്തിന്റെ സന്ദേശം നല്‍കിയാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മാര്‍പ്പാപ്പ വെള്ളിയാഴ്ച പാപ്പുവ ന്യൂഗിനിയിലെത്തി. ഏഷ്യ - പസഫിക് രാജ്യങ്ങളിലെ 12 ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പോപ്പ് ഇന്തോനേഷ്യയില്‍ എത്തിയത്. 1989ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തിന് ശേഷം ആദ്യമായാണ് പോപ്പ് ഇവിടെ എത്തുന്നത്.
വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെങ്കിലും നാമെല്ലാം സഹോദരങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീര്‍ത്ഥാടകരാണ് എല്ലാ മനുഷ്യരും. അതുകൊണ്ട് മതത്തെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. മനുഷ്യരുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതാവണം മതം. നാമെല്ലാവരും സഹോദരങ്ങളാണ്. എല്ലാ വ്യത്യാസങ്ങള്‍ക്കുമപ്പുറം എല്ലാവരും ദൈവത്തെ വിശ്വസിക്കുന്നു എന്നും പറഞ്ഞ മാര്‍പ്പാപ്പ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആനും ബൈബിളും പാരായണം ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ജക്കാര്‍ത്തയിലെ ഇസ്തിഖലല്‍ മോസ്‌കിനെയും സെന്റ് മേരി ഓഫ് അസംപ്ഷന്‍ കത്തീഡ്രലിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ തുരങ്കമായ 'സൗഹൃദത്തിന്റെ തുരങ്കം' (ടണല്‍ ഓഫ് ഫ്രന്‍ഡ്ഷിപ്പ്) മാര്‍പ്പാപ്പ സന്ദര്‍ശിച്ചു. 2020 ഡിസംബറില്‍ തുടങ്ങിയ തുരങ്ക നിര്‍മാണം 2021 സെപ്തംബറിലാണ് പൂര്‍ത്തിയായത്. തുരങ്കത്തിന് 28.3 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ഉയരവുമുണ്ട്. 226 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും. തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ഇരു പള്ളികളുടെയും പരിസരത്ത് എത്താം. 37.3 ബില്യണ്‍ ഇന്തോനേഷ്യന്‍ രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇന്തോനേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്നോടിയായി മാര്‍പാപ്പ പങ്കെടുത്ത ജക്കാര്‍ത്തയിലെ കുര്‍ബാനയില്‍ ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുത്തു. സമാധാനത്തിന്റെ സംസ്‌കാരം പടുത്തുയര്‍ത്താനുള്ള സ്വപ്നത്തെ തളരാതെ പിന്തുടരാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്തോനേഷ്യയെ പ്രശംസിച്ചു.
മാര്‍പ്പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ടവരെ രഹസ്യവിവരത്തെ തുടര്‍ന്ന് ജക്കാര്‍ത്തയ്ക്കു സമീപമുള്ള ബൊഗോര്‍, ബെക്കാസി എന്നിവിടങ്ങളില്‍ നിന്നാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്. ഇവരെല്ലാം ഒരു സംഘമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരാളുടെ വീട്ടില്‍ നിന്ന് അമ്പും വില്ലും, ഒരു ഡ്രോണ്‍, ഭീകരസംഘടനയായ ദാഇശിന്റെ ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തു. മററ്റൊരാള്‍ ഭീകരപ്രവര്‍ത്തകനും വിരാന്റോയില്‍ മുന്‍പ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്.
മാര്‍പാപ്പയുടെ ഇസ്തിഖ്‌ലാല്‍ മസ്ജിദ് സന്ദര്‍ശനത്തില്‍ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു. പള്ളിയുടെ ഗ്രാന്‍ഡ് ഇമാം നസ്റുദ്ദീന്‍ ഉമറാണ് പോപ്പിനെ സ്വീകരിച്ചത്. മാനുഷിക, പാരിസ്ഥിതിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഒരുമിച്ച് നില്‍ക്കാമെന്ന പ്രഖ്യാപനത്തില്‍ ഇരുവരും ഒപ്പുവച്ചു. രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആറ് മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം യുദ്ധവും പരിസ്ഥിതി പ്രശ്‌നങ്ങളുമാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
ഗോത്രസംഘര്‍ഷവും പ്രകൃതിദുരന്തങ്ങളും രൂക്ഷമായ പാപ്പുവ ന്യൂഗിനിയില്‍ സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനാണ് സന്ദര്‍ശനമെന്ന് വത്തിക്കാന്‍ അറിയിച്ചു. സന്ദര്‍ശനം രാജ്യത്തെ ഇരുപത്തിയഞ്ചു ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികള്‍ക്ക് വലിയ ആഹ്ലാദം പകരുന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ 45-ാമത് അപ്പസ്‌തോലിക പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പാപ്പുവ ന്യൂഗിനിയയിലെത്തിയത്. തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ ഡെപ്യൂട്ടി പ്രധാനമന്ത്രി ജോണ്‍ റോസോ സ്വീകരിച്ചു. രാജ്യമെമ്പാടുമുള്ള വിശ്വാസികള്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ പാപ്പുവ ന്യൂഗിനിയയുടെ ഗവര്‍ണര്‍ ജനറല്‍ ബോബ് ഡാഡേയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് പാപ്പുവ ന്യൂഗിനിയയിലെയും സോളമന്‍ ദ്വീപുകളിലെയും മെത്രാന്മാരെയും പുരോഹിതരെയും കണ്ടു. ഞായറാഴ്ച രാവിലെ സര്‍ ജോണ്‍ ഗൈസ് സ്റ്റേഡിയത്തില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് വിമാനത്തില്‍ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള വാനിമോ പട്ടണത്തിലേക്കു പോകും. അവിടെയുള്ള വിദേശ മിഷണറിമാരെ കാണും. പോര്‍ട്ട് മോറെസ്ബിയിലേക്കു മടങ്ങുന്ന അദ്ദേഹം തിങ്കളാഴ്ച, യാത്രയുടെ മൂന്നാം ഘട്ടമായി കിഴക്കന്‍ ടിമൂറിലേക്കു പോകും
വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിനിടെ മാര്‍പ്പാപ്പയുടെ വീല്‍ചെയര്‍ തെന്നിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി. അതിഥിയോടുള്ള ആദരസൂചകമായി പട്ടാളം 21 തവണ പീരങ്കിവെടി മുഴക്കി. വിമാനത്താവളത്തില്‍ നിന്നു നേരേ അപ്പസ്‌തോലിക നുന്‍ഷ്യേച്ചറിലേക്കു പോയ മാര്‍പാപ്പ് ശനിയാഴ്ച വിശ്രമിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ഏറ്റവും വിദൂര രാജ്യമാണ് പാപ്പുവ ന്യൂഗിനിയ. വത്തിക്കാനില്‍ നിന്ന് 19,047 കിലോമീറ്റര്‍ അകലെയാണിത്. മൂന്നു ദിവസമാണ് മാര്‍പാപ്പ ഇവിടെ ചെലവഴിക്കുക.
ഭൂമിശാസ്ത്രപരമായി ഓഷ്യാനിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്ത് നദികള്‍, വെള്ളച്ചാട്ടങ്ങള്‍, അഗ്‌നിപര്‍വതങ്ങള്‍, ഇടതൂര്‍ന്ന വനങ്ങള്‍, മനോഹരമായ തീരപ്രദേശം എന്നിവയാല്‍ സമ്പന്നമാണ് പാപ്പുവ ന്യൂഗിനിയ. ആദിവാസികളാണ് മുഖ്യജനവിഭാഗം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലങ്ങള്‍ വളരെയധികം നേരിടുന്ന രാജ്യമാണിത്. രണ്ട് മാസം മുമ്പ് നടന്ന മലയിടിച്ചിലില്‍ 700 ലധികം പേരാണ് ഇവിടെ മരിച്ചത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരമായിരുന്നു. വലിയ സാമ്പത്തിക ശേഷിയില്ലാത്ത ഇത്തരം രാജ്യങ്ങളില്‍ മാര്‍പ്പാപ്പ സഞ്ചരിക്കുന്നത് ലോക ശ്രദ്ധ ആകര്‍ഷിക്കാനും ആ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന കാര്യങ്ങള്‍ ലഭിക്കാനും ഇടയാക്കും.
#PopeFrancis #Indonesia #PapuaNewGuinea #InterfaithDialogue #Peace #AssassinationAttempt