ഫ്രാൻസീസ് മാർപാപ്പയുടെ മാതൃസഭ ലത്തീൻ സഭയാണ്, ഏറ്റവും വലിയ കത്തോലിക്കാ സഭയും ലത്തീൻ തന്നെ!

 
Papal funeral procession in Vatican City.
Papal funeral procession in Vatican City.

Photo Credit: Facebook/ Defend Pope Francis

● കർദ്ദിനാളന്മാരിൽ ഭൂരിപക്ഷവും ലത്തീൻ സഭയിൽ നിന്ന്.
● റോമൻ കത്തോലിക്കാ സഭയിൽ 23 സഭകളുണ്ട്.
● കത്തോലിക്കാ സഭയിൽ 98% അംഗങ്ങളും ലത്തീൻ റീത്തിൽ.
കേരളത്തിൽ 12 ലത്തീൻ രൂപതകളുണ്ട്.
● സീറോ മലബാർ സഭയുടെ അധികാരം മേജർ ആർച്ച് ബിഷപ്പിന്.
● പുതിയ മാർപാപ്പ ലത്തീൻ സഭയിൽ നിന്നാകാനാണ് സാധ്യത.


 സോണി കല്ലറയ്ക്കൽ

 

(KVARTHA) ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസീസ് മാർപാപ്പ കാലം ചെയ്തു. കുറേ കാലമായി അദ്ദേഹം ശാരീരിക അവശതകളാൽ ക്ഷീണിതനായിരുന്നു. ക്രിസ്തുവിനെ അക്ഷരാർത്ഥത്തിൽ ലോകത്തിന് കാട്ടിക്കൊടുത്ത ലാളിത്യത്തിൻ്റെ പ്രതീകമായിരുന്നു ഫ്രാൻസീസ് മാർപാപ്പ. ക്രിസ്തു കാണിച്ചു തന്ന സ്നേഹത്തിലൂടെ മനുഷ്യ മനസ്സുകളെ കീഴടക്കിയ ഒരു ആത്മീയാചാര്യൻ വേറെ ഉണ്ടോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. മറ്റ് മതസ്ഥരോടും മത നേതാക്കളോടും അദ്ദേഹം കാണിച്ചു വന്ന സഹവർത്തിത്വത്തിൻ്റെ ഭാഷ്യം ഇവിടെയുള്ള മത നേതാക്കൾ, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ സ്വന്തം സഭയിലെ മത നേതാക്കൾ പോലും കണ്ടു പഠിക്കേണ്ടതാണ്.

മതം വിറ്റ് അധികാരവും ബിസിനസ്സും സമ്പത്തും വളർത്താൻ ശ്രമിക്കുന്ന ഈ കേരളത്തിലെ കത്തോലിക്കാ സഭയിലെ തന്നെ ആത്മീയ നേതാക്കളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ലോകം മുഴുവൻ ആദരിക്കുന്ന ഫ്രാൻസീസ് മാർപാപ്പ. അദ്ദേഹത്തിൻ്റെ തിളക്കമാർന്ന വ്യക്തിത്വം തന്നെയാണ് ജനങ്ങളുടെ ഇടയിൽ വലിയൊരു മതിപ്പ് അദ്ദേഹത്തിന് ഉണ്ടാക്കി കൊടുത്തത്. ഇതര മതങ്ങളെ പഠിക്കാനും സ്നേഹിക്കാനും എല്ലാവരുമായും സഹകരിച്ചു പ്രവർത്തിക്കാനും ഓടി നടന്ന ഇതുപോലെയൊരു മാർപാപ്പ ഇനി കത്തോലിക്കാ സഭയിൽ ഉണ്ടാകുമോയെന്നു പോലും സംശയമാണ്. കൊട്ടാരത്തിൻ്റെ സമ്പൽ സമൃദ്ധിയിൽ ജീവിക്കാമായിരുന്നിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് ലാളിത്യത്തിൻ്റെ വഴിയായിരുന്നു.

ആലംബഹീനരെയും അശരണരെയും കണ്ടെത്താനും അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ഫ്രാൻസീസ് മാർപാപ്പ സമയം കണ്ടെത്തിയെന്നത് ഇവിടെയുള്ള പുരോഹിത വർഗ്ഗം മാതൃകയാക്കേണ്ടതാണ്. തൻ്റെ മതമാണ് ലോകത്തിലെ ഏറ്റവും ശരിയായ മതമെന്ന് അദ്ദേഹം ഒരിക്കലും ശഠിച്ചിരുന്നില്ല. വർഗ്ഗീയത ഒരിക്കലും ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടില്ല. തൻ്റെ സഭയ്ക്ക് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആ തെറ്റ് ഏറ്റുപറയാൻ ഫ്രാൻസീസ് മാർപാപ്പ കാണിച്ച ധീരത കത്തോലിക്കാ സഭയ്ക്ക് അകത്തുപോലും സംസാരം ഉണ്ടാക്കുക തന്നെ ചെയ്തു. സഭയിലെ തെറ്റുകാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ മാർപാപ്പ തുനിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

ലത്തീൻ സഭ: ഫ്രാൻസീസ് മാർപാപ്പയുടെ മാതൃസഭ

ഈ അവസരത്തിൽ ഇവിടെ പലരും പറയുന്നുണ്ട് മാർപാപ്പയുടെ സഭ തങ്ങളുടേതാണെന്ന്. എന്നാൽ ആഗോള കത്തോലിക്കാ സഭയുടെ തലവൻ എന്ന നിലയിൽ ഫ്രാൻസീസ് മാർപാപ്പ നിൽക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ സഭയായ ലത്തീൻ സഭയുടെ പരമോന്നത അധ്യക്ഷനും കൂടിയാണ് ഫ്രാൻസീസ് മാർപാപ്പ. ലത്തീൻ സഭയാണ് ഫ്രാൻസീസ് പാപ്പയുടെ മാതൃസഭ. മാർപാപ്പ ഈ ലോകത്തിൽ എവിടെ ചെന്നാലും ചൊല്ലുന്ന കുർബാനയും ലത്തീൻ കുർബാനയാണ്. ആഗോള റോമൻ കത്തോലിക്കാ സഭയെന്ന് പറയുന്നത് പാശ്ചാത്യവും പൗരസ്ത്യവുമായ മാർപാപ്പയെ അംഗീകരിക്കുന്ന 23 സഭകൾ ചേർന്നതാണ്. അതിൽ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വലിയ സഭയെന്നത് ലത്തീൻ സഭയാണ്. ഇതിൽ നിന്നാണ് ഏറ്റവും കൂടുതൽ കർദ്ദിനാളന്മാർ ഉള്ളത്. കർദ്ദിനാളന്മാർ ചേർന്നാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്.

കേരളത്തിൽ മാത്രം മലയാളികളുടെ ഇടയിൽ തന്നെ ഒതുങ്ങി നിൽക്കുന്ന സീറോ മലബാർ സഭയും സീറോ മലങ്കര സഭയും മാർപാപ്പയെ അംഗീകരിക്കുന്നുവെന്നതിനാൽ റോമൻ കത്തോലിക്കാ സഭയുടെ ഭാഗം തന്നെയാണ്. സീറോ മലബാർ സഭയുടെ പ്രധാനപ്പെട്ട കാര്യങ്ങളും ബിഷപ്പുമാരെ തീരുമാനിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനം എടുക്കുന്നത് ഇവിടുത്തെ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് തന്നെയാണ്. അതിന് റോമിൽ നിന്ന് ഒരു അനൗപചാരിക അംഗീകാരം കൊടുക്കുന്നു എന്ന് മാത്രം. എന്നാൽ ലത്തീൻ സഭയുടെ കാര്യങ്ങൾ തീരുമാനിക്കുന്നതും അതിലെ ബിഷപ്പുമാരെയും കർദ്ദിനാൾമാരെ തീരുമാനിക്കുന്നതുമെല്ലാം മാർപാപ്പയ്ക്ക് വിധേയപ്പെട്ടാണ്. ഇവിടുത്തെ ഒരു ആർച്ച് ബിഷപ്പിന് പോലും അതിൽ കൈ കടത്താൻ പറ്റിയെന്ന് വരില്ല.

റോമൻ കത്തോലിക്കാ സഭയും ലത്തീൻ സഭയും

കത്തോലിക്ക സഭയിലെ പ്രധാന വ്യക്തിഗതസഭയായ പാശ്ചാത്യ സഭയെയാണ് റോമൻ കത്തോലിക്കാ സഭ അഥവാ ലത്തീൻ കത്തോലിക്കാസഭ എന്ന് വിളിക്കുന്നത്. പാശ്ചാത്യ സഭയോടൊപ്പം മാർപാപ്പയുടെ പരമാധികാരത്തെ അംഗീകരിക്കുന്ന ഇരുപത്തിമൂന്ന് പൗരസ്ത്യ കത്തോലിക്കാ സഭകളും കൂടി ചേർന്നതാണ് ഇന്ന് കത്തോലിക്കാ സഭ. റോമാസഭയുടെ ആരാധനാ ഭാഷ ലത്തീൻ ആയതിനാലാണ് ലത്തീൻ സഭ എന്ന് അത് അറിയപ്പെട്ടത്. ആരാധനാക്രമ പാരമ്പര്യംകൊണ്ടും വ്യക്തിത്വം കൊണ്ടും റോമാ പാപ്പായുടെ കീഴിൽ തുടക്കം മുതൽ നിലകൊള്ളുന്ന ഏക സഭയും ലത്തീൻ സഭ തന്നെയാണ്.

ആഗോള കത്തോലിക്കാ സഭയിലെ അംഗങ്ങളിൽ 98%-ത്തിൽ അധികവും ലത്തീൻ റീത്തിൽ പെട്ടവരാണ്. 129.14 കോടിയിൽ അധികം അംഗങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്. അതിൽ 118.5 കോടി അംഗങ്ങൾ ഈ സഭാസമൂഹത്തിലാണ്. കത്തോലിക്കാ സഭയിൽ  പാപ്പാ നേരിട്ട് ഭരണം നടത്തുന്ന ഈ സഭ ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്നു. കേരളത്തിൽ റോമൻ കത്തോലിക്കാ സഭയ്ക്ക് മൂന്ന് അതിരൂപതാ പ്രവിശ്യകളിലായി 12 രൂപതകളുണ്ട്. ലത്തീൻ കത്തോലിക്കാ സഭയെക്കൂടാതെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ആറ് രൂപതകളും സീറോ മലബാർ കത്തോലിക്കാ സഭയുടെ പതിമൂന്ന് രൂപതകളും ചേർന്നതാണ് കേരളത്തിലെ കത്തോലിക്കാ സഭ. റോമൻ കത്തോലിക്കാ സഭ (ലത്തീൻ സഭ) യോട് ഐക്യപ്പെട്ട് നിൽക്കുന്ന രണ്ട് പ്രാദേശിക സഭകളാണ് സീറോ മലങ്കര കത്തോലിക്കാ സഭയും സീറോ മലബാർ കത്തോലിക്കാ സഭയുംശരിക്കും റോമൻ സഭയെന്ന് വിളിക്കാവുന്ന ലത്തീൻ സഭ തന്നെ. ലോകത്തിലെ ഏറ്റവും വലിയ സഭയും മാർപാപ്പയുടെ മാതൃസഭയും ലത്തീൻ സഭ തന്നെ. ഒറ്റ നിർവചനത്തിൽ പറയുകയാണെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും കേരളാ കോൺഗ്രസും പോലെ ഇവിടുത്തെ ലത്തീൻ സഭയും സീറോ മലബാർ സഭയും.

ലത്തീൻ സഭ ഇന്ത്യൻ നാഷണൽ കോൺഗ്രസും സീറോ മലബാർ സഭ കേരളാ കോൺഗ്രസും ആണ്. സീറോ മലബാർ സഭ മാർപാപ്പയെ അംഗീകരിക്കുന്നു വെന്ന് മാത്രമേയുള്ളൂ. അതിൻ്റെ പരമാധികാരി കേരളത്തിലെ മേജർ ആർച്ച് ബിഷപ്പ് ആണ്. എന്നാൽ ലത്തീൻ സഭ മാർപാപ്പയെ അംഗീകരിക്കുക മാത്രമല്ല ചെയ്യുന്നത്, അതിൻ്റെ തീരുമാനങ്ങളും നടപടികളും എല്ലാം മാർപാപ്പയിൽ തന്നെ നിക്ഷിപ്തവുമാണ്. ഇനി മറ്റൊരു മാർപാപ്പ വരുന്നെങ്കിൽ തന്നെ അത് ലത്തീൻ സഭയിൽ നിന്ന് തന്നെയാകും. സീറോ മലബാർ സഭയ്ക്കോ സീറോ മലങ്കര സഭയ്ക്കോ അത് ചിന്തിക്കാൻ പോലും പറ്റുന്നതല്ല. ശരിക്കും മാർപാപ്പ നേതൃത്വം കൊടുക്കുന്ന സഭ ലത്തീൻ സഭ തന്നെ. ലോകത്തിലെ ഏറ്റവും വലിയ സഭയും ആ സഭ തന്നെ.

Summary: This article details the procedures surrounding the death of a Pope, including the role of the Camerlengo, funeral customs, and the process of electing a new Pope.

#PopeFrancis, #CatholicChurch, #Vatican, #Camerlengo, #PapalElection, #Religion



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia