Controversy | മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷയെ തള്ളി മുനവ്വറലി തങ്ങൾ; ആശംസ വിവാദത്തിൽ പ്രതികരണം; കുപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും അറിയിപ്പ്
● മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷയിൽ അനേകം പിഴവുകളുണ്ട്.
● വളരെ സൗഹാർദ്ദപരമായ രീതിയിൽ, ഒരു ഖുർആൻ പരിഭാഷയ്ക്ക് വേണ്ടി ഒരംശംസ ആവശ്യപ്പെട്ടപ്പോൾ നൽകിയ ഒരു കുറിപ്പ് മാത്രമാണത്.
● എൻ്റെ കുറിപ്പ് കാണിച്ചു ചിലർ നടത്തുന്ന കുപ്രചരണങ്ങളിൽ ആരും വഞ്ചിതരാകരുത്.
മലപ്പുറം: (KVARTHA) സി എച്ച് മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷ ഗ്രന്ഥത്തിന് ആശംസ നേർന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. വിഷയത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും ഇപ്പോഴും അത്തരം വിഷയം അസ്ഥാനത്ത് കൊണ്ട് വന്ന് അനാവശ്യമായ വിവാദം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു.
മുസ്തഫ മൗലവിയുടെ ഖുർആൻ പരിഭാഷയിൽ അനേകം പിഴവുകളുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം മുഴുവൻ വായിച്ചോ പരിശോധിച്ചോ അല്ല ആശംസാ കുറിപ്പ് നൽകിയത്. സാധാരണ ഗതിയിൽ ആശംസാ കുറിപ്പുകൾ ആവശ്യപ്പെട്ട് കൊണ്ട് പലരും സമീപിക്കാറുണ്ട്. അപ്രകാരം സദുദ്ദേശപരമായ ഒരു ആവശ്യമായിരിക്കുമെന്ന് കരുതിയാണ് ആശംസ നേർന്നത്. ആ കുറിപ്പ് പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശകലനവുമല്ല. പിന്നീടാണ് ഗ്രന്ഥാകാരന്റെ വാദങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തന്റെ ശ്രദ്ധയിൽപ്പെടുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
നാൾക്ക് നാൾ അത് മറ്റൊരു ദിശയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നത് ഖേദത്തോടെ എല്ലാവരെയും പോലെ ഞാനും നോക്കിക്കാണുന്നു. വളരെ സൗഹാർദ്ദപരമായ രീതിയിൽ, ഒരു ഖുർആൻ പരിഭാഷയ്ക്ക് വേണ്ടി ഒരംശംസ ആവശ്യപ്പെട്ടപ്പോൾ നൽകിയ ഒരു കുറിപ്പ് മാത്രമാണത്.
പുസ്തകത്തിൽ അഹ്ലു സുന്നയുടെ ആശയാദർശങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ അതിനകത്ത് ഉള്ളത് കൊണ്ട് തന്നെ അതിനെ ശക്തമായി എതിർക്കുന്നു. എൻ്റെ കുറിപ്പ് കാണിച്ചു ചിലർ നടത്തുന്ന കുപ്രചരണങ്ങളിൽ ആരും വഞ്ചിതരാകരുത്. ഈ ആശംസ ഇപ്പോഴുള്ള അദ്ദേഹത്തിന്റെ തെറ്റായ ആശയ പ്രചാരണങ്ങൾക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിനകത്തെ പഴയമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന വ്യക്തിയാണ് മുസ്തഫ മൗലവി. ഇദ്ദേഹത്തിന്റെ പുസ്തകത്തിന് മുനവ്വറലി തങ്ങളുടെ ആശംസ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ വിവാദമായിരുന്നു. തുടർന്നാണ് തങ്ങൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
#MunavvaraliThangal, #MustafaMoulavi, #QuranTranslation, #Islam, #Controversy, #SocialMedia