മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ കെട്ടിയാടി; നാടിന് ഐശ്വര്യം നേർന്നു


● ചേരമാൻ പെരുമാളിന്റെ കാലത്തെ പകർച്ചവ്യാധിക്ക് പരിഹാരമായി നിർദേശിക്കപ്പെട്ട തെയ്യമാണിത്.
● പുലയ സമുദായത്തിലെ പൊള്ളയെയാണ് തെയ്യം കെട്ടിയാടിക്കാൻ നിയോഗിച്ചിരുന്നത്.
● തെക്കൻ പൊള്ളയായ മുട്ടുകണ്ടിയിലെ തെക്കൻ ഗോപാലനാണ് നിലവിൽ നേതൃത്വം നൽകുന്നത്.
● മൊട്ടാമ്പ്രത്തും വെങ്ങരയിലും മാരിത്തെയ്യങ്ങൾ കെട്ടിയാടിയിരുന്നു.
കണ്ണൂർ: (KVARTHA) നാടിന് ഐശ്വര്യം കൈവരുന്നതിനും ശനിദോഷങ്ങൾ അകറ്റുന്നതിനുമായി മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ കെട്ടിയാടി. ചേരമാൻ പെരുമാളിന്റെ കാലത്ത് നാട്ടിലുണ്ടായ പകർച്ചവ്യാധികളും ക്ഷേത്രങ്ങളിൽ പൂജ മുടങ്ങിയതും ശനിദോഷങ്ങളും അകറ്റാൻ പ്രശ്നം വെച്ചപ്പോൾ പരിഹാരമായി മാരിത്തെയ്യം കെട്ടിയാടിക്കണമെന്ന് നിർദേശിക്കപ്പെട്ടിരുന്നു. ഇതിനായി പുലയ സമുദായത്തിലെ പൊള്ളയെയാണ് നിയോഗിച്ചിരുന്നത്.

കർക്കടകം 16-ന് വർഷങ്ങളായി മുടങ്ങാതെ അവകാശികളായ തെക്കൻ പൊള്ളയായ മുട്ടുകണ്ടിയിലെ തെക്കൻ ഗോപാലന്റെ നേതൃത്വത്തിലാണ് മാടായിക്കാവിൽ മാരിത്തെയ്യം കെട്ടിയാടിവരുന്നത്. മാരി കലിയൻ, മാമായ കലിയൻ, മാരി കലിച്ചി, മാമായ കലിച്ചി, മാരി ഗുളികൻ, മാമായ ഗുളികൻ എന്നിങ്ങനെ ആറോളം തെയ്യങ്ങളാണ് ഇത്തവണ കെട്ടിയാടിയത്.
അന്തരിച്ച പ്രശസ്ത തെയ്യം കലാകാരനും ചിമ്മാനക്കളി ആചാര്യനുമായിരുന്ന കൊയിലേര്യൻ കുമാരന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മുൻപ് തെയ്യങ്ങൾ കെട്ടിയാടിയിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ചെറുകുന്ന് സ്വദേശി സി.എച്ച്. ബാബുവാണ് ഈ രംഗത്ത് നേതൃത്വം വഹിക്കുന്നത്.
തുടിയുടെയും ചേങ്ങിലയുടെയും താളത്തിൽ ഉയരുന്ന മാരിപ്പാട്ട് വാമൊഴിയാണ്. പഴയങ്ങാടി, മുട്ടുകണ്ടി എന്നിവിടങ്ങളിലെ വീടുകളിൽ കെട്ടിയാടിയ തെയ്യങ്ങൾ വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയിൽ ശനിദോഷങ്ങൾ ഒഴുക്കി വിടൽ ചടങ്ങ് നടത്തി. മാടായിക്കാവിൽ മാരിത്തെയ്യം കാണാൻ വൻ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്.
കർക്കടകം പതിനാറായ വെള്ളിയാഴ്ച രാവിലെ മുതൽ മൊട്ടാമ്പ്രത്തും വെങ്ങരയിലും സമുദായ സംഘങ്ങളുടെ നേതൃത്വത്തിൽ മാരിത്തെയ്യങ്ങൾ കെട്ടിയാടിയിരുന്നു. മാടായി കുഞ്ഞുമാവിൻ ഇട്ടൽ പുലയ സമുദായ സംഘത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകുന്നേരത്തോടെ നീരോഴുക്കുംചാൽ കടലിൽ ശനി ഒഴുക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Maritheyams performed at Madayikavil for prosperity and to remove bad omens.
#Madayikavil #Maritheyams #Kannur #Theyyam #KeralaTradition #CulturalEvent