Protection Allegation | 'മല്ലു ഹിന്ദു ഗ്രൂപ്പ് അഡ്മിന്‍'; ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവോ, കാരണമെന്ത്?

 
Gopalakrishnan IAS controversy
Gopalakrishnan IAS controversy

Photo Credit: Website/ Government Of Kerala

● കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. 
● ഓക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ ഈ ഗ്രൂപ്പുണ്ടാക്കിയെന്നാണ് പരാതി.
● പൊലീസിന് വ്യാജ പരാതി നല്‍കിയതിന് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ഗോപാലകൃഷ്ണന് കിട്ടേണ്ടതാണ്. 

അർണവ് അനിത 

(KVARTHA) സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ കാലത്തും ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്, അപ്പോഴൊക്കെ കക്ഷിരാഷ്ട്രീയ ഭേദമന്യേ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ഉദ്യോഗസ്ഥ ലോബി സംരക്ഷിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അയാളെ സംരക്ഷിക്കുന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ഇത് മുഖ്യമന്ത്രിയുടെ അടക്കം അറിവോടെയായിരിക്കണമെന്നാണ് കുറ്റപ്പെടുത്തൽ. ഗോപാലകൃഷ്ണന് നല്‍കിയ ചാര്‍ജ് മെമ്മോയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിഭാഗീയതയ്ക്ക് നീക്കം നടത്തി എന്നത് മാത്രമാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല വാട്‌സാപ്പ് ഗ്രൂപ്പിന് പുറത്തുനിന്നുള്ള ആള്‍ പരാതി നല്‍കിയതിനാല്‍ കേസെടുക്കാന്‍ പറ്റില്ലെന്നും പൊലീസ് പറയുന്നു. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. യഥാര്‍ത്ഥത്തിലിത്  പൊതുതാല്‍പര്യമുള്ള കേസുതന്നെയാണ്. ആരെങ്കിലും കോടതിയില്‍ പരാതിയുമായി പോയാല്‍ പൊലീസ് നിലപാട് നിലനില്‍ക്കില്ല.

മതേതര സര്‍ക്കാരില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ ഒരു മതത്തിലുള്ള ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ അത് സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിന് എതിരാണ്. അത് വിഭാഗീയപ്രവര്‍ത്തനമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കാരണം ഇടതുപക്ഷമെന്ന് പറഞ്ഞാല്‍ മതേതരപക്ഷമല്ലേ. ഗോപാലകൃഷ്ണന് പകരം മുസ്ലിം വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇത് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ചോദിക്കുന്നവരുണ്ട്. ബിജെപിയും സംഘപരിവാറും കേറി മേയുമായിരുന്നു. 

ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് അവരും സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല വിശ്വഹിന്ദു പരിഷത്ത് ഈ ഉദ്യോഗസ്ഥന് പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഓക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ ഈ ഗ്രൂപ്പുണ്ടാക്കിയെന്നാണ് പരാതി. എന്നാല്‍ പല ഐഎഎസ് ഉദ്യോഗസ്ഥരും ഇതിനെ എതിര്‍ക്കുകയും ഗ്രൂപ്പില്‍ നിന്ന് പുറത്തുപോവുകയും ചെയ്തു.  ഇത് അപകടമാണെന്ന് മനസ്സിലാക്കിയ ഗോപാലകൃഷ്ണന്‍ മല്ലും മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയെന്നുമാണ് ആരോപണം. ഒരു ഉദ്യോഗസ്ഥ അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഇന്റലിജന്‍സിനെ വിവരം അറിയിച്ചു. 

സംഭവം വിവാദമായതോടെ അടുത്തദിവസം ഉച്ചയ്ക്ക് ഗോപാലകൃഷ്ണന്‍, തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് വിശദീകരണം നല്‍കുന്നു. പൊലീസില്‍ ഹാജരാക്കിയ ഐ ഫോണില്‍ വാട്‌സാപ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടേ ഇല്ലായിരുന്നു. അതിന് ശേഷം നല്‍കിയ സാംസങ് ഫോണ്‍ പല തവണ ഫോര്‍മാറ്റ് ചെയ്ത്  തെളിവ് നശിപ്പിച്ചെന്ന് ഫോറന്‍സിക്കും മെറ്റയും റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് വ്യാജ പരാതി നല്‍കിയതിന് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ഗോപാലകൃഷ്ണന് കിട്ടേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ തന്ത്രപരമായി അയാളെ സംരക്ഷിക്കുകയാണ്. 

മുസ്ലിം ഗ്രൂപ്പുണ്ടാക്കിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. ഇത് വളരെ അപകടകരമായ കാര്യമാണ്. ഇപ്പോഴേ ഇതിന് തടയിട്ടില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. പൊലീസില്‍ ആര്‍എസ്എസ് ഗ്യാംങ് ഉണ്ടെന്ന് സിപിഐ നേതാവ് ആനിരാജ പറഞ്ഞപ്പോള്‍ ആദ്യം തള്ളിയത് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആനിരാജയെ പരിഹസിച്ചു. എന്നാല്‍ അവര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് കാലം തെളിയിച്ചുവെന്ന് വിമർശകർ പറയുന്നു.

ഐഎഎസിലും സമാനമായ കാര്യമാണ് നടക്കുന്നതെന്ന് ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നു. കേരളത്തില്‍ അധികാരത്തിലെത്താന്‍ പോയിട്ട് പച്ച തൊടാന്‍ സംഘപരിവാറിന് കഴിയുന്നില്ല. അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടാകാം. അത്തരത്തിലുള്ള നീക്കമാണോ മല്ലു ഹിന്ദുഗ്രൂപ്പെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ രീതിയിലുള്ള അന്വേഷണമാണ് ഉണ്ടാവേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഗ്രൂപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. സിപിഎം ബിജെപി ഭയത്താല്‍ ന്യൂനപക്ഷങ്ങളില്‍ നിന്നകന്ന് ഭൂരിപക്ഷ സമുദായത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ചില പ്രസ്താവനകളുണ്ടായി. 

മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ പ്രസ്താവന എഴുതിച്ചേര്‍ത്തതിനെ കുറിച്ച് യാതൊരു അന്വേഷണവും നടത്താഞ്ഞത് ഉള്‍പ്പെടെ കൂട്ടിവായിക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ ഗോപാലകൃഷ്ണനെതിരെ നടപടിയെടുക്കാനും മടിക്കുന്നുവെന്നാണ് വിമർശനം. ഉദ്യോഗസ്ഥരെ പിണക്കാതിരിക്കാന്‍ വേണ്ടി മാത്രമല്ല, രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്ന ഭയംകൂടിയാണ് ഇതിന് കാരണം. എന്നാല്‍ കേരളത്തിന്റെ പൊതുസമൂഹം ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ട് ഭരണതലത്തിലുണ്ടെന്ന് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ അടുത്തിടെ ആരോപിച്ചിരുന്നു. അതിനാല്‍ തക്കതായ ശിക്ഷ ഉറപ്പാക്കേണ്ടത് ഇടത് സര്‍ക്കാരിന്റെ കടമയാണ്.

#GopalakrishnanIAS, #KeralaPolitics, #MalluHinduGroup, #ReligiousAllegations, #PoliticalProtection, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia