HC | സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോടീസ് കാലാവധി വേണമോ എന്ന് നിയമനിര്‍മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈകോടതി

 


കൊച്ചി: (www.kvartha.com) സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോടീസ് കാലാവധി വേണമോ എന്ന് നിയമനിര്‍മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈകോടതി. നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ പോലും കാതലായ മാറ്റം ഉണ്ടായെന്ന് പറഞ്ഞ കോടതി ചെറുപ്പക്കാര്‍ ഏറെ പേര്‍ വിദേശത്താണെന്നും ചെറിയ അവധിക്കാലത്ത് നാട്ടിലെത്തുന്ന അവര്‍ ഇതിനിടെയാണ് വിവാഹത്തിന് സമയം കണ്ടെത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

HC | സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോടീസ് കാലാവധി വേണമോ എന്ന് നിയമനിര്‍മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈകോടതി

എന്നാല്‍, വിവാഹം കഴിക്കാന്‍ ദീര്‍ഘദിവസത്തെ നോടീസ് കാലയളവ് തീരാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതിനാല്‍, വിജഞാന, സാങ്കേതിക, സാമൂഹിക തലങ്ങളില്‍ ഏറെ മാറ്റങ്ങളുണ്ടായ ഈ കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമനിര്‍മാതാക്കള്‍ പരിശോധിക്കണമെന്ന് ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കി.

30 ദിവസത്തെ നോടീസ് കാലയളവില്‍ ഇളവുതേടി വിദേശത്തുനിന്ന് അവധിക്കെത്തിയ എറണാകുളം സ്വദേശികളായ ബിജി പോള്‍, ജോയ്‌സി ജോസഫ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി നോടീസ് നല്‍കുന്നതിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളിലൊരാള്‍ വിവാഹ ഓഫിസറുടെ പരിധിയില്‍ 30 ദിവസം താമസിച്ചിരിക്കണം. ഇതിനുശേഷം വീണ്ടും 30 ദിവസം കൂടി കാത്തിരുന്നിട്ട് വേണം വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍.

ഈ വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നും നിര്‍ദേശരൂപത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ലാത്തതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വിദേശത്തേക്ക് മടങ്ങേണ്ടതിനാല്‍ 30 ദിവസത്തെ നോടീസ് കാലയളവില്‍ ഇളവ് നല്‍കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരമൊരു ഇടക്കാല ഉത്തരവ് നിയമപരമായ വ്യവസ്ഥയെ സ്റ്റേ ചെയ്തതിന് തുല്യമായിരിക്കുമെന്ന കേന്ദ്രസര്‍കാറിന്റെ വാദം പരിഗണിച്ച കോടതി തള്ളുകയായിരുന്നു.

എതിര്‍പ്പുകളുണ്ടെങ്കില്‍ അറിയിക്കാന്‍ സമയം അനുവദിക്കാനാണ് 30 ദിവസത്തെ നോടീസ് നല്‍കുന്നത്. അരനൂറ്റാണ്ടായി നിലനില്‍ക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നിയമ വ്യവസ്ഥയാണിത്. ഇത് ലംഘിച്ച് ഇടക്കാല ഉത്തരവ് നല്‍കരുതെന്നായിരുന്നു കേന്ദ്രസര്‍കാറിന്റെ വാദം. വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്ന് ബോധ്യമാകാത്തതിനാല്‍ ഇടക്കാല ഉത്തരവിടാനാവില്ലെന്ന് കോടതിയും വ്യക്തമാക്കി.

വ്യവസ്ഥകള്‍ നിയമപരമെന്ന കോടതി ഉത്തരവുകള്‍ അവഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍കാറുകളോട് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ച കോടതി ഹരജി ഒരു മാസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.

Keywords: Kerala High Court On Special Marriage Act, Kochi, News, Religion, High Court of Kerala, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia