മൗത്തരിയിൽ അഹ്‌മദ് ഹാജി: സ്നേഹനിധിയായ പിതാവിന്റെ സ്മരണകളിൽ വികാരാധീനനായി കാന്തപുരം അബൂബക്കർ മുസ്ലിയാർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 1920-കളിൽ മക്കയിൽ മലയാളി ഹാജിമാർക്കായി 'മദ്റസത്തുൽ മലബാരിയ്യ' സ്ഥാപിക്കാൻ പിതാവ് മുൻകൈ എടുത്തു.
● തന്റെ പുരയും പറമ്പും വിറ്റ പണം കൊണ്ടാണ് അഹ്‌മദ് ഹാജി സുഹൃത്തുക്കളുടെ ഹജ്ജ് ചിലവ് വഹിച്ചത്.
● 'മക്കളെ കിതാബോതാനയച്ച് മൊയ്‌ല്യാരാക്കി വളർത്തിക്കോളാം' എന്ന ഉമ്മയുടെ ഉറപ്പാണ് തന്റെ ജീവിതം മാറ്റിയതെന്ന് അദ്ദേഹം സ്മരിക്കുന്നു.
● 1968-ലെ തന്റെ ആദ്യ ഹജ്ജ് യാത്രയിൽ പിതാവിന്റെ സ്മരണകൾ തേടി നടന്ന കാര്യവും അദ്ദേഹം വിവരിച്ചു.
കോഴിക്കോട്: (KVARTHA) തന്റെ ജീവിതത്തിൽ തണലും തുണയുമായിരുന്ന പിതാവ് മൗത്തരിയിൽ അഹ്‌മദ് ഹാജിയുടെ വികാരാധീനമായ ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദ് എന്ന കാന്തപുരം അബൂബക്കർ മുസ്ലിയാർ. ശവ്വാൽ ഏഴിന് പിതാവിന്റെ ചരമ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ ബാല്യകാല സ്മരണകളും പിതാവിന്റെ ദീർഘവീക്ഷണവും വിവരിച്ചത്. പിതാവിന്റെ വിയോഗസമയത്ത് തനിക്ക് വെറും 11 വയസ്സ് മാത്രമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിക്കുന്നു.
ഖുർആൻ പഠനത്തിൽ നൽകിയ ശ്രദ്ധ
ജന്മിയുടെ കാര്യസ്ഥനായും കർഷകനായും ജോലി ചെയ്തിരുന്ന പിതാവ്, എത്ര വൈകി വീട്ടിലെത്തിയാലും മക്കളെ അടുത്തുനിർത്തി ഖുർആൻ ഓതിപ്പിക്കുമായിരുന്നുവെന്ന് ശൈഖ് അബൂബക്കർ അഹ്‌മദ് പറയുന്നു. പള്ളിയിൽ പോകുമ്പോഴും ഖുർആൻ പാരായണ നിയമങ്ങളെക്കുറിച്ചുള്ള (തജ്‌വീദ്) അറിവ് അദ്ദേഹം മകന് പകർന്നു നൽകി. ചെറുപ്പത്തിലേ ആരാധനാകർമങ്ങൾ ശീലിപ്പിക്കാൻ പിതാവ് കാണിച്ച ആവേശമാണ് പിന്നീട് മതപഠന രംഗത്ത് തുടരാൻ തനിക്ക് കരുത്തായതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
മക്കയിലെ മലയാളി സേവകൻ
1926-ലും 1936-ലും ഹജ്ജ് നിർവ്വഹിച്ച മൗത്തരിയിൽ അഹ്‌മദ് ഹാജി, മക്കയിലെത്തുന്ന മലയാളി ഹാജിമാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെ ഇടപെട്ടിരുന്നു. തന്റെ പുരയും പറമ്പും വിറ്റ് കണ്ടെത്തിയ തുക കൊണ്ടാണ് അദ്ദേഹം പണ്ഡിതനായ കുഞ്ഞമുട്ടി മുസ്‌ലിയാർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ ഹജ്ജ് ചെലവ് വഹിച്ചത്. മലബാറിൽ നിന്നുള്ളവർക്ക് താമസിക്കാനും പഠിക്കാനുമായി 'ജംഇയ്യത്തുൽ മലബാരിയ്യ', 'മദ്റസത്തുൽ മലബാരിയ്യ' എന്നിവ സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നൽകി.
ഉമ്മയുടെ ഉറപ്പും തണലും
അസുഖബാധിതനായ അവസാന നാളുകളിൽ മക്കളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച പിതാവിന്, 'കുട്ടികളെ ഞാൻ കിതാബോതാനയച്ച് മൊയ്‌ല്യാരാക്കി വളർത്തിക്കോളാം' എന്ന് പറഞ്ഞ് ഉമ്മ നൽകിയ ആശ്വാസവാക്കുകളും കാന്തപുരം സ്മരിക്കുന്നു. പിതാവിന്റെ സൂക്ഷ്മത നിറഞ്ഞ ജീവിതവും പ്രാർത്ഥനകളുമാണ് ഇന്നത്തെ ഐശ്വര്യത്തിനെല്ലാം നിദാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് പിതാവിന്റെ പേര് ഉൾപ്പെട്ട പഴയ നോട്ടീസ് ഇപ്പോഴും അദ്ദേഹം ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.
പിതാവിനെകുറിച്ചുള്ള കാന്തപുരത്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പ്രിയ പിതാവ് മൗത്തരിയിൽ അഹ്‌മദ് ഹാജിയുടെ വഫാത്ത് ദിനമാണ് ഇന്ന്. ചെറിയ പെരുന്നാൾ കഴിഞ്ഞുള്ള ആറുനോമ്പിന്റെ അവസാന ദിവസം ശവ്വാൽ ഏഴിനാണ് ഉപ്പ വഫാത്താകുന്നത്. എനിക്കന്ന് 11 വയസ്സാണ്. ആ പെരുന്നാൾക്കുകൂടി ഉപ്പയോടൊപ്പം പള്ളിയിൽ പോയിട്ടുണ്ട്. ചെറിയൊരു പനി വന്ന് സങ്കീർണ്ണമാവുകയായിരുന്നു.
ഉപ്പയെ കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന കാര്യം ഖുർആൻ ഓതിപ്പിക്കുന്നതാണ്. മങ്ങാട് രാമച്ചംപറമ്പത്തെ ജന്മിയുടെ കാര്യസ്ഥനും കർഷകനുമായിരുന്ന ഉപ്പ ജോലിത്തിരക്കുകൾ കഴിഞ്ഞ് രാത്രിയാണ് വീട്ടിലെത്തുക. എത്ര വൈകിയാണെങ്കിലും ഞങ്ങൾ മക്കളെ അടുത്തുചേർത്തുനിർത്തി ഉപ്പ അൽപമെങ്കിലും ഖുർആൻ ഓതിപ്പിക്കും. തെറ്റുകളൊക്കെ തിരുത്തിത്തരും. ശേഷം ഭക്ഷണം കഴിക്കാനും ഒപ്പമാണിരിക്കുക. ജുമുഅയ്ക്കും തറാവീഹിനുമൊക്കെ ഉപ്പയുടെ കൂടെ പള്ളിയിൽ പോകുമ്പോഴും ഈ ഖുർആൻ പഠനം തുടരും. നിസ്കാരം കഴിഞ്ഞിറങ്ങിയാൽ എങ്ങനെയുണ്ടായിരുന്നു ഇമാമിന്റെ ഖിറാഅത്ത് എന്നും, തജ്‌വീദ് നിയമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടോ എന്നും എന്നോട് ചോദിക്കും. ഉപ്പ മുമ്പ് പഠിപ്പിച്ച പാരായണ നിയമങ്ങൾ നമുക്ക് മനസ്സിലായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ ചോദ്യം. അതിനുശേഷം ഇമാം അന്ന് ഓതിയ സൂറത്തുകളിൽ ശ്രദ്ധിക്കേണ്ട തജ്‌വീദ് നിയമങ്ങൾ എനിക്ക് പറഞ്ഞുതരും.
ചെറുപ്പത്തിലേ ഇബാദത്തുകൾ ശീലിപ്പിക്കാനും ഖുർആൻ പഠിപ്പിക്കാനും ഉപ്പ ഉത്സാഹിച്ചതിനാലാണ് പിന്നീട് മതപഠന രംഗത്ത് തുടരാൻ എനിക്ക് സാധിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അസുഖബാധിതനായ അവസാന നാളുകളിലെ ഉപ്പയുടെ ഏറ്റവും വലിയ ആശങ്കയും ഞങ്ങൾ മക്കളെക്കുറിച്ചായിരുന്നു എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. അവസാന ദിവസങ്ങളിലൊരിക്കൽ 'കുട്ടികളെ നീ ഇനി എങ്ങനെ പോറ്റും' എന്ന് ഉപ്പ ചോദിച്ചത്രേ. 'ഞാനവരെ കിതാബോതാനയച്ചു മൊയ്‌ല്യാരാക്കി വളർത്തിക്കോളാം' എന്ന് പറഞ്ഞാണ് ഉമ്മ അന്ന് ഉപ്പയെ ആശ്വസിപ്പിച്ചത്.
മക്കയിലെ മദ്റസത്തുൽ മലബാരിയ്യ
ഉപ്പയുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന രേഖകളിൽ അവശേഷിക്കുന്ന ഒന്ന് ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച ഒരു നോട്ടീസാണ്. ഞങ്ങളുടെ പ്രദേശത്തുനിന്ന് ആദ്യമായി ഹജ്ജിനുപോയ ഒരാളായിരുന്നു ഉപ്പ. 1926-ലായിരുന്നു ആ യാത്രയെന്ന് അയൽവാസിയും ഉപ്പയുടെ സുഹൃത്തുമായ തറുവൈക്ക പറഞ്ഞുകേട്ടിട്ടുണ്ട്. 1936-ൽ വീണ്ടും ഹജ്ജിന് പോയി. അന്ന് തറുവൈക്കയും കൂടെയുണ്ടായിരുന്നു. ഹജ്ജ് യാത്രക്കിടെ ഉപ്പയും ഉറ്റ സുഹൃത്തും പണ്ഡിതനുമായ രാമനാട്ടുകര ഐക്കരപ്പടി സ്വദേശി കുഞ്ഞമുട്ടി മുസ്‌ലിയാരും മക്കയിലെ മലയാളികളുടെ ഒരു യോഗം വിളിച്ചു. കുഞ്ഞമുട്ടി മുസ്‌ലിയാരായിരുന്നു യോഗാധ്യക്ഷൻ. താമരശ്ശേരിയിൽ മുദരിസായിരുന്നു അദ്ദേഹം അപ്പോൾ. ആ ബന്ധമാണ് ഒരുമിച്ചുള്ള ഹജ്ജ് യാത്രയിലേക്ക് നയിച്ചത്. കുഞ്ഞമുട്ടി മുസ്‌ലിയാരുടേത് ഉൾപ്പെടെ കൂടെയുള്ളവരുടെയെല്ലാം ഹജ്ജിനുള്ള മുഴുവൻ ചെലവും വഹിച്ചത് ഉപ്പയായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന പുരയും പറമ്പും വിറ്റാണ് ആ തുക കണ്ടെത്തിയത്. മലബാർ കലാപകാലത്ത് മക്കയിലേക്കു പോയി അവിടെ സ്ഥിരതാമസമാക്കിയ ധാരാളം ആളുകളുണ്ടായിരുന്നു. മലബാറിൽ നിന്നുള്ള മുതഅല്ലിമീങ്ങൾക്കും ഹജ്ജിനു വരുന്നവർക്കും താമസിക്കാൻ അനുയോജ്യമായ കെട്ടിടങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതു കാരണം അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും പരിഹാരം കാണുന്നതിനും വേണ്ടിയായിരുന്നു ആ യോഗം. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് അവരുടെ നാടിൻ്റെ പേരിൽ അറിയപ്പെടുന്ന മുസാഫർഖാനകൾ അക്കാലത്ത് മക്കയിലുണ്ട്. അത്തരത്തിലൊന്ന് മലബാറിൻ്റെ പേരിൽ സ്ഥാപിക്കുകയും മലയാളി ഹാജിമാർക്ക് ഹജ്ജിൻ്റെ കർമ്മങ്ങളെക്കുറിച്ച് പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു യോഗത്തിൻ്റെ ഉദ്ദേശ്യം.
ആ യോഗത്തിൽ വെച്ചുതന്നെ കുഞ്ഞമുട്ടി മുസ്‌ലിയാർ റഈസുൽ മജ്‌ലിസായി ജംഇയ്യത്തുൽ മലബാരിയ്യ എന്ന സംഘടനയും, അദ്ദേഹം തന്നെ നാസിറുൽ മജ്‌ലിസായി മദ്റസത്തുൽ മലബാരിയ്യ എന്ന മദ്റസയും സ്ഥാപിച്ചു. ഹറമിനു സമീപം ഹജ്ജിന്റെ അനുഷ്‌ഠാനങ്ങൾ പഠിപ്പിക്കുന്ന ഒരു ദർസും മുസാഫർഖാനയും ഉൾക്കൊള്ളുന്നതായിരുന്നു മദ്‌റസത്തുൽ മലബാരിയ്യ. തുടക്കകാലത്തുതന്നെ പെൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു മദ്റസയും ജംഇയ്യത്തുൽ മലബാരിയ്യ ആരംഭിച്ചതായി കേട്ടിട്ടുണ്ട്. ഹജ്ജിന്റെ ചുമതല ഇരുഹറം കാര്യ വകുപ്പ് ഏറ്റെടുത്തതോടെ ഈ വക സ്ഥാപനങ്ങളെല്ലാം അപ്രസക്തമായി. എന്നിരുന്നാലും, 1920-കളുടെ അവസാനത്തിൽ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങാൻ സന്നദ്ധത കാണിച്ച കുഞ്ഞമുട്ടി മുസ്‌ലിയാരുടെയും ഉപ്പയുടെയും ദീർഘവീക്ഷണവും സേവനസന്നദ്ധതയും അപാരംതന്നെ. തിരിച്ചുവന്ന ശേഷം ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിനുവേണ്ടി നാട്ടിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും മക്കയിലേക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. നാട്ടിൽ നിന്നെത്തുന്ന സമ്പന്നരായ ഹാജിമാരും ഹറമിലെ ഈ സംരംഭത്തെ വലിയ തോതിൽ സഹായിച്ചു. ഈ ആവശ്യം വിശദീകരിച്ചുകൊണ്ട് നാട്ടിൽ ധാരാളം നോട്ടീസുകൾ അച്ചടിച്ചു വിതരണം നടത്തുകയും ചെയ്‌തു. ഉപ്പയുടെ പേര് ഉൾപ്പെടെയുള്ള ആ നോട്ടീസാണ് ചിത്രത്തിൽ. അതിപ്പോഴും ഭദ്രമായി കൂടെ കരുതുന്നു.
ഓർമ്മകളിലെ ഹജ്ജ് യാത്ര
1968-ലെ എന്റെ ആദ്യ ഹജ്ജ് യാത്രക്കിടെ പുണ്യസ്ഥലങ്ങൾക്ക് പുറമെ ഞാൻ ആദ്യം അന്വേഷിച്ചത് ഉപ്പയുടെ ഓർമ്മകൾ നിറഞ്ഞ കെട്ടിടം നിലനിന്നിരുന്ന പ്രദേശമാണ്. പിന്നീടുള്ള എന്റെ തീർത്ഥാടനങ്ങളിലും സന്ദർശനങ്ങളിലും, ഹറമിൽ അൽപകാലം ദർസ് നടത്താൻ അവസരം ലഭിച്ചപ്പോഴും ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. ഹറം വികസന വേളയിൽ മദ്റസത്തുൽ മലബാരിയ്യ കെട്ടിടം പൊളിച്ചെങ്കിലും ഇതിന്റെ തുടർച്ചയെന്നോണം ഹറമിൽ മലയാളികൾക്കായി പിന്നീടും പ്രത്യേക ദർസുകൾ നടന്നിരുന്നു.
പെട്ടെന്നുള്ള ഉപ്പയുടെ വേർപാട് ജീവിതത്തിൽ വലിയ ശൂന്യതയുണ്ടാക്കി എന്ന് പറയേണ്ടതില്ലല്ലോ. അന്നേവരെ എല്ലാ അർത്ഥത്തിലും തണലും തുണയുമായിരുന്നു ഉപ്പ. ഉപ്പയുടെ അന്നത്തെ സൂക്ഷ്മത നിറഞ്ഞ ജീവിതവും മനസ്സുതൊട്ടുള്ള പ്രാർത്ഥനകളുമാവാം ഇന്നത്തെ ഐശ്വര്യത്തിനെല്ലാം നിദാനമായിട്ടുള്ളതെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ഈ ഓർമ്മദിനത്തിൽ പ്രിയപ്പെട്ട ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഉണർത്തുന്നു. അല്ലാഹു അവരുടെ പരലോക ജീവിതം സന്തോഷകരമാക്കട്ടെ.
മതപഠന രംഗത്തെ പിതാവിന്റെ ദീർഘവീക്ഷണത്തെയും സ്നേഹത്തെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക. ഇത്തരം ഓർമകളും വിജ്ഞാനപ്രദമായ വാർത്തകളും അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. ഈ വികാരാധീനമായ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. പുതിയ അപ്‌ഡേറ്റുകൾക്കായി ഫേസ്ബുക്ക് പേജും പിന്തുടരുക.
Article Summary: Grand Mufti Sheikh Abubakr Ahmad shares moving memories of his father Mauthariyil Ahmad Haji, highlighting his legacy in Quranic education and community service in Makkah.
#SheikhAbubakrAhmad #MauthariyilAhmadHaji #GrandMufti #Kanthapuram #MakkahHistory #IslamicEducation #SpiritualLegacy #HajHistory
