Hajj House | കണ്ണൂർ ഹജ്ജ് ഹൗസ്: സ്ഥലം കൈമാറ്റത്തിന് നടപടിയായെന്ന് മന്ത്രി വി അബ്ദുൽ റഹ്‌മാന്‍


'ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ പൂര്‍ത്തീകരിച്ച ഉടനെ ഹജ്ജ് ഹൗസിന്റെ മറ്റു നടപടികള്‍ തുടങ്ങും'
മട്ടന്നൂർ: (KVARTHA) കണ്ണൂർ ഹജ്ജ് ഹൗസ് നിര്‍മാണം സ്ഥലം കൈമാറാനുള്ള നടപടികളിലേക്ക് പുരോഗമിച്ചതായി സംസ്ഥാന കായിക ന്യൂനപക്ഷ-ഹജ്ജ്-വഖഫ് മന്ത്രി വി അബ്ദുൽ റഹ്‌മാന്‍ പ്രസ്താവിച്ചു. കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂരില്‍ തന്നെ ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഭൂമി കൈമാറുന്നതിന് ധാരണയായിട്ടുണ്ട്, ഈ വര്‍ഷത്തെ ഹജ്ജ് നടപടികള്‍ പൂര്‍ത്തീകരിച്ച ഉടനെ ഹജ്ജ് ഹൗസിന്റെ മറ്റു നടപടികള്‍ തുടങ്ങും. ഫണ്ട് ഒരു പ്രയാസമാവില്ലെന്നാണ് പ്രതീക്ഷ. ഇത്തവണ കണ്ണൂര്‍ ക്യാമ്പിന് ഒരു കോടിയാണ് അനുവദിച്ചത്. അടുത്ത വര്‍ഷത്തെ ഹാജിമാരുടെ യാത്രയോടെ ഹജ്ജ് ഹൗസ് പൂര്‍ത്തീകരിക്കാനാവണം എന്നാണ് കരുതുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഹജ്ജിന് പോകുന്ന വര്‍ഷമാണ് ഇത്.
17,883 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. 40 പേര്‍ക്ക് വീണ്ടും അനുമതിയായിട്ടുണ്ട്. കഴിഞ്ഞ വർഷം 11,252 പേരാണ് പോയത്. ഇത്തവണ 7279 പേര്‍ സ്ത്രീകളാണ്. ഏറ്റവും കൂടുതൽ സ്ത്രീകളെ ഒറ്റക്ക് ഹജ്ജിന് അയക്കുന്ന സംസ്ഥാനമെന്ന നിലയില്‍ നല്ല ജാഗ്രതയും മേല്‍നോട്ടവുമുണ്ടാവും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ നേരിട്ട് മക്കത്ത് ക്രമീകരണങ്ങള്‍ നോക്കുന്ന രീതിയിലാണ് എല്ലാ ഹാജിമാരുടെയും പരിചരണം ഉറപ്പാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹജ്ജ് രേഖകളുടെ വിതരണം മന്ത്രി നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഉമര്‍ ഫൈസി മുക്കം പ്രാര്‍ത്ഥന നടത്തി. ഹജ്ജ് കമ്മിറ്റി അംഗം പി ടി എ റഹീം എംഎല്‍എ ഹജ്ജ് സന്ദേശം കൈമാറി.
കര്‍ണാടക ഹജ്ജ് കമ്മിറ്റി അംഗം സയ്യിദ് മുഹമ്മദ് അഷ്‌റഫ്, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്‌ലിഹ് മടത്തില്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് എം ഡി ദിനേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മട്ടന്നൂർ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, സൗദി എയർലൈൻസ് ഉദ്യോഗസ്ഥൻ മുഹമ്മദ് വഹിദ് അലി, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി, ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം ചേലേരി, സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ഐ എന്‍ എല്‍ നേതാവ് ഖാസിം ഇരിക്കൂര്‍, ശംസുദ്ധീന്‍ പാലക്കോട്, ഡോ. ബഷീര്‍, പട്ടുവം കെ.പി. അബുബക്കർ മുസ്ല്യാർ, ജുനൈദ് സഅദി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി മൊയ്തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ. പി അബ്ദുസ്സലാം തുടങ്ങിയവര്‍ ആശംസകള്‍ നേർന്നു. ഹജ്ജ് കമ്മിറ്റി മെമ്പര്‍ പി പി മുഹമ്മദ് റാഫി സ്വാഗതവും ഹജ്ജ് കമ്മിറ്റി മെമ്പർ പി ടി അക്ബർ നന്ദിയും പറഞ്ഞു.