Hajj Camp | വേർപിരിയാത്ത കർമ സ്മൃതിയോടെ ഹജ്ജ് ക്യാമ്പ് സമാപിച്ചു


ഹജ്ജ് കമ്മിറ്റി മെമ്പർ പി.പി മുഹമ്മദ്റാഫിയുടെ അധ്യക്ഷതയിൽ ക്യാമ്പ് അസംബ്ലി ഹാളിലാണ് ഔപചാരികമായ പിരിച്ചു വിടൽ യോഗം ചേർന്നത്
മട്ടന്നൂർ: (KVARTHA) ‘ഹജ്ജിന് പോയ അനുഭവം മുന്നിൽ വെച്ച് എന്റെ ഉമ്മയുടെ വസിയത്തായിരുന്നു ഹജ്ജ് ക്യാമ്പിൽ വന്ന് ഖിദ്മത്ത് ചെയ്യണമെന്ന്. എത്രനാൾ വേണമെങ്കിലും ഞാൻ ഹാജിമാരെ പരിചരിക്കാൻ കൂടെ ഉണ്ടാവും’-പത്ത് ദിവസവും വീട്ടിൽ നിന്ന് മാറി ഹജ്ജ് ക്യാമ്പിൽ സേവനം ചെയ്ത് പിരിയുന്ന വേളയിൽ വനിതാ വളണ്ടിയറുടെ വാക്കുകൾ. പത്ത് ദിവസത്തെ ഹജ്ജ് ക്യാമ്പ് പിരിച്ചു വിടുന്നതിന് ചേർന്ന വളണ്ടിയർമാരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും യോഗം വികാര നിർഭരമായ അനുഭവങ്ങളുടെ പങ്ക്വെപ്പ് കൊണ്ട് ശ്രദ്ധേയമായി.
ഹജ്ജ് കമ്മിറ്റി മെമ്പർ പി.പി മുഹമ്മദ്റാഫിയുടെ അധ്യക്ഷതയിൽ ക്യാമ്പ് അസംബ്ലി ഹാളിലാണ് ഔപചാരികമായ പിരിച്ചു വിടൽ യോഗം ചേർന്നത്. ഹജ്ജ് ക്യാമ്പിന്റെ സംഘാടക സമിതിയുടെ സാരഥിയായപ്പോഴാണ് അർപ്പണമനോഭാവമുള്ളവരുടെ സേവനം എങ്ങിനെയാവണമെന്ന് തനിക്ക് ബോധ്യമായതെന്ന് സംഘാടക സമിതി വർക്കിങ് ചെയർമാൻ ആയ മട്ടന്നൂർ മുനിസിപ്പാൽ ചെയർമാൻ എൻ ഷാജിത് മാസ്റ്റർ പറഞ്ഞു. ഹജ്ജിന്റെ പവിത്ര എത്രത്തോളം ഉന്നതമാണെന്ന് അവർക്ക് വേണ്ടി സേവനം സമർപ്പിക്കുന്നവരുടെ നിഷ്കളങ്കത കണ്ടാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം വിവരിച്ചു.
ഹജ്ജ് ക്യാമ്പ് അസംബ്ലി ഹാളിൽ നടന്ന പിരിച്ചു വിടൽചടങ്ങിൽ ഹജ്ജ് കമ്മിറ്റി മെമ്പർ പി.ടി അക്ബർ സ്വാഗതം പറഞ്ഞു. വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ മുനിസിപ്പൽ ചെയർമാൻ എൻ ഷാജിത് മാസ്റ്റർ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് മിനി എന്നിവരും വിവിധ സാരഥികളും വിതരണം ചെയ്തു. ക്യാമ്പ് കൺവീനർമാരായ സി കെ സുബൈർ ഹാജി, നിസാർ അതിരകം, ഹെൽപ് ഡസ്ക് ഇൻചാർജ് എം.സി.കെ ഗഫൂർ, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽ കുമാർ, വളണ്ടിയർ ക്യാപ്റ്റർ സിറാജ് കാസർകോട്, വനിതാ ലീഡർ ഇ കെ സൗദ, സബ്കമ്മിറ്റി ഭാരവാഹികളായ അബ്ദല്ല മണക്കായ്, മണയമ്പള്ളി അബ്ദല്ല ഹാജി, ഒ.വി.ജാഫർ, സി.അബ്ദുൽ കരീം, വി ഹുസൈൻ, ലത്തീഫ് എടയന്നൂർ, വി പി .ഇസ്മായിൽ, സി.കെ.എ.ജബ്ബാർ, വളണ്ടിയർമാരായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജിത, റിട്ട, സബ് ഇൻസ്പെക്ടർ, മുസ്തഫ, സമീറ, സുബൈദ, ജമീല, കടവത്ത് മുഹമ്മദ് കുഞ്ഞി, ഹുസൈൻ, അബ്ദുറഹിമാൻ, കെ.പി അബ്ദുല്ല എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു. ഹജ്ജ് കമ്മിറ്റി ഓഫീസ് ഇൻചാർജ് എൻ. അശ്റഫ് നന്ദി പറഞ്ഞു.