വെള്ളിക്കീലിലെ ഭൂമി ദാനം: കണ്ണൂർ രൂപതക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം


● സൺഡേ സ്കൂൾ ഹാൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പണമില്ല.
● വരുമാനം ഇടവകയ്ക്ക് വേണ്ടി ഉപയോഗിക്കുന്നില്ലെന്ന് ആരോപണം.
● 400-ഓളം പേർ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.
● ഇടവകാംഗങ്ങൾ പിരിവെടുത്താണ് കാര്യങ്ങൾ ചെയ്തത്.
കണ്ണൂർ: (KVARTHA) ഇടവകയിലെ വിശ്വാസികളെ അറിയിക്കാതെ റവന്യൂ വകുപ്പിന് പത്തു സെന്റ് സ്ഥലം ദാനം ചെയ്ത കണ്ണൂർ രൂപതയ്‌ക്കെതിരെ ഇടവകാംഗങ്ങളും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. പട്ടുവം വില്ലേജ് ഓഫീസ് നിർമ്മിക്കാനാണ് 50 ലക്ഷം രൂപ മതിപ്പ് വിലയുള്ള സ്ഥലം കണ്ണൂർ രൂപത സൗജന്യമായി നൽകിയത്.

ഇതിനെതിരെയാണ് സ്ഥലം സ്ഥിതിചെയ്യുന്ന വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയ പരിധിയിലെ ഇടവകാംഗങ്ങളും വിശ്വാസികളും കണ്ണൂർ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്.
ഫാദർ സുക്കോൾ സ്ഥാപിച്ച, പരിമിതമായ സൗകര്യങ്ങളുള്ളതും തികച്ചും സാധാരണക്കാരായ ജനങ്ങളുള്ളതുമായ ഒരു ഇടവകയാണ് വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയം. ദേവാലയം പണിത കാലത്തേക്കാൾ വിശ്വാസികളുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്.
ഇടവകയുടെ അടിസ്ഥാന ആവശ്യങ്ങളായ സൺഡേ സ്കൂൾ ഹാൾ, റോഡ്, ടോയ്‌ലറ്റ്, ഇടയ്‌ക്കിടെയുള്ള അറ്റകുറ്റപ്പണികൾ, ഗ്രോട്ടോ, സൗണ്ട് സിസ്റ്റം, ഗ്രൗണ്ട്, അൾത്താര നവീകരണം, അച്ഛന്മാർക്ക് താമസിക്കേണ്ട പള്ളിമേട എന്നിവയെല്ലാം റബർ, ടവർ, ബിൽഡിംഗ് വാടക, കശുവണ്ടിപ്പാട്ടം എന്നിവയിൽ നിന്നുള്ള വരുമാനം ദേവാലയ പരിധിയിൽ ഉണ്ടായിട്ടുപോലും വെള്ളിക്കീൽ ഇടവകാംഗങ്ങൾ പിരിവെടുത്തും ശ്രമദാനം ചെയ്തുമാണ് ഇതുവരെ ചെയ്തതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ഈ വരുമാനത്തിൽ നിന്ന് ഒരു ചില്ലിക്കാശുപോലും ഇടവകയ്ക്ക് വേണ്ടി ഇന്നേവരെ നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു. നിലവിലുള്ള വരുമാനമാർഗങ്ങളെല്ലാം ഇവിടുത്തെ ജനങ്ങളുടെ വളർച്ചയ്ക്ക് ഉപകരിക്കാനായി മിഷനറിമാർ ഉണ്ടാക്കിയതാണെന്നും, ഇടവകയുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ചോദിച്ചിട്ടുപോലും ഒന്നും ചെയ്യാൻ മനസ്സില്ലാത്തവരുടെ ഇപ്പോഴുള്ള ഈ ദാനശീലം സംശയാസ്പദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്നും ഇടവകാംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച വൈകുന്നേരം നടന്ന ധർണയിൽ പട്ടുവം-വെള്ളിക്കീൽ ഇടവകകളിൽ നിന്നുള്ള നാനൂറോളം പേർ പങ്കെടുത്തു. കെ.എ. സണ്ണി, കെ. പ്രകാശൻ, സെൽവിൻ ഫ്രാൻസിസ്, സുമേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർമാരായ സെൽവിൻ ഫ്രാൻസിസ്, ഇ. സജീവൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
കണ്ണൂർ രൂപതയുടെ ഈ തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kannur Diocese faces protests over donating land without parishioners' knowledge.
#Kannur #DioceseProtest #ChurchLand #Vellikkeel #KeralaNews #ReligiousDispute