Theyyam | ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കളരിവാതുക്കല്‍ ഭഗവതിയുടെ തിരുമുടി താഴ്ന്നു; വടക്കന്‍ കേരളത്തില്‍ കളിയാട്ട കാലം വിടവാങ്ങി


അംബര ചുംബിയായ തിരുമുടി ഒരുക്കിയത് പുഴാതി, അഴീക്കോട്, കുന്നാവ് പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാര്‍
21 കോല്‍ നീളവും 5.75 കോല്‍ വീതിയുമുള്ള ഏഴ് കവുങ്, 16 വലിയ മുളകള്‍ എന്നിവ കൊണ്ടാണ് തിരുമുടി ഒരുക്കിയത്
ജൂണ്‍ രണ്ടിന് വൈകുന്നേരം 4.30 നാണ് തിരുമുടി ഉയര്‍ന്നത്
പയ്യന്നൂര്‍: (KVARTHA) ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വളപട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം നടന്നു. കനത്ത് പെയ്തിരുന്ന മഴമാറി നിന്ന അന്തരീക്ഷത്തിലാണ് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കളരിവാതുക്കല്‍ ഭഗവതിയുടെ കൂറ്റന്‍ തിരുമുടി ഉയര്‍ന്നത്.
പുഴാതി, അഴീക്കോട്, കുന്നാവ് പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരാണ് അംബര ചുംബിയായ തിരുമുടി ഒരുക്കിയത്. 21 കോല്‍ നീളവും 5.75 കോല്‍ വീതിയുമുള്ള ഏഴ് കവുങ്, 16 വലിയ മുളകള്‍ എന്നിവ കൊണ്ട് തീര്‍ത്ത തിരുമുടിയാണ് ഒരുക്കിയത്. ജൂണ്‍ രണ്ടിന് വൈകുന്നേരം 4.30 നാണ് തിരുമുടി ഉയര്‍ന്നത്.
മുഖ്യ കോലക്കാരന്‍ ബാബു മുത്താനിശേരി പെരുവണ്ണാനാണ് തിരുമുടിയേറ്റത്. ബാബുവിന്റെ നേതൃത്വത്തില്‍ നാലുപുരയ്ക്കല്‍ ആശാരിമാര്‍ ഒരാഴ്ച കൊണ്ട് തീര്‍ത്ത തിരുമുടി ഒരു ദിവസം മുന്‍പെ ക്ഷേത്രമുറ്റത്ത് എത്തിച്ചിരുന്നു. ഇതിനുശേഷം കളിയാട്ട ദിവസം രാവിലെ കലശം നിറയ്ക്കല്‍ ചടങ്ങ് നടന്നു. പകല്‍ മൂന്നുമണി മുതല്‍ ശ്രീ ഭാരത് കളരി സംഘത്തിന്റെ കളരി പയറ്റും നടന്നു. പതിനായിരക്കണക്കിന് ഭക്ത ജനങ്ങളാണ് വളപട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനെത്തിയത്.