'സമസ്ത വിളിച്ചാൽ വരും, പോകേണ്ടെന്ന് പറഞ്ഞാൽ പോകില്ല'; മുസ്ലിം സമൂഹത്തെ നിയന്ത്രിക്കുന്നത് സമസ്തയാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; നൂറാം വാർഷിക മഹാസമ്മേളനത്തിന് ഉജ്വല പരിസമാപ്തി

 
Jifri Muthukkoya Thangal speaking at Samastha 100th anniversary conference in Kuniya, Kasaragod.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ആധികാരിക നിയന്ത്രണം സമസ്തയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.
● ഉമ്മത്തിന്റെ ഈമാൻ സംരക്ഷിക്കുന്ന സുരക്ഷിതമായ കോട്ടയാണ് സമസ്തയെന്ന് തങ്ങൾ വിശേഷിപ്പിച്ചു.
● വിവിധ കാലങ്ങളിൽ പിരിഞ്ഞുപോയവർ പ്രസ്ഥാനത്തിലേക്ക് തിരികെ വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
● കീഴ്ഘടകങ്ങൾ മാതൃസംഘടനയുടെ തീരുമാനങ്ങൾ കർശനമായി പാലിക്കണമെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകി.

കാസർകോട്: (KVARTHA) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കരുത്തും അച്ചടക്കവും വിട്ടുവീഴ്ചയില്ലാത്തതാണെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമാപന വേദിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ഒരു കാര്യം പറഞ്ഞാൽ അത് അനുസരിക്കാൻ ലക്ഷക്കണക്കിന് വിശ്വാസികൾ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Aster mims 04/11/2022

അച്ചടക്കമാണ് സമസ്തയുടെ കരുത്ത്

'സമസ്ത വിളിച്ചാൽ വരും എന്ന് മാത്രമല്ല, പോകേണ്ട എന്ന് പറഞ്ഞാൽ പോകുകയുമില്ല' എന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. പ്രസ്ഥാനത്തിന്റെ അച്ചടക്കവും ആജ്ഞാശക്തിയും വ്യക്തമാക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. കേരളത്തിലെ മുസ്ലിം സമൂഹത്തെ മൊത്തമായി നിയന്ത്രിക്കുന്നത് സമസ്തയാണെന്നും, ഉമ്മത്തിന്റെ വിശ്വാസത്തെ (ഈമാൻ) സംരക്ഷിക്കുന്ന സുരക്ഷിതമായ കോട്ടയാണ് ഈ പ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യത്തിനായുള്ള ആഹ്വാനം

വിവിധ കാലഘട്ടങ്ങളിൽ സമസ്തയിൽ നിന്ന് പിരിഞ്ഞുപോയവർ തിരികെ വരണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു. സമുദായത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമസ്തയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, സമസ്തയുടെ പോഷക സംഘടനകളും കീഴ്ഘടകങ്ങളും മാതൃസംഘടനയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.

മാതൃസംഘടനയുടെ പരമാധികാരം

സമസ്തയുടെ കീഴ്ഘടകങ്ങൾ പ്രവർത്തിക്കേണ്ടത് മാതൃസംഘടനയുടെ ലക്ഷ്യങ്ങൾക്കും തീരുമാനങ്ങൾക്കും വിധേയമായിട്ടായിരിക്കണം. പ്രസ്ഥാനത്തിന്റെ നയങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ആരെയും അനുവദിക്കില്ലെന്ന് തങ്ങൾ വ്യക്തമാക്കി. ലക്ഷക്കണക്കിന് വിശ്വാസികൾ അണിനിരന്ന കുണിയയിലെ മഹാസംഗമത്തിൽ സമസ്തയുടെ ആധികാരികതയും നേതൃത്വവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ജിഫ്രി തങ്ങളുടെ ഓരോ വാക്കുകളും.

jifri thangal samastha centenary speech kuniya

സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന് കുണിയയിൽ പ്രൗഢ സമാപനം: ഒഴുകിയെത്തിയത് ജനസാഗരം

പാരമ്പര്യ വിശ്വാസത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുടലെടുത്ത് ലോകത്തെല്ലായിടത്തുമുള്ള കേരള മുസ്‌ലിം സമാജങ്ങളിലേക്ക് പടർന്നുപന്തലിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കുണിയയിൽ പ്രൗഢഗംഭീരമായ സമാപനം. 

ഞായറാഴ്ച രാവിലെ മുതൽ കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഒഴുകിയെത്തിയ ജനസാഗരം കുണിയയിലെ സമ്മേളന നഗരിയിൽ ശുഭ്രസാഗരം തീർക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ

ആയിരത്തോളം പോലീസുകാരുടെയും നാലായിരത്തോളം വരുന്ന വിഖായ വളണ്ടിയർമാരുടെയും നേതൃത്വത്തിൽ അതീവ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സമ്മേളന നഗരിയിൽ ഒരുക്കിയിരുന്നത്. 

വിവിധ കർമ്മപദ്ധതികൾക്കും പ്രമേയങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും പുറമെ ഏറെ പഠനാർഹമായ ക്ലാസുകൾക്കും വേദിയായ അഞ്ച് ദിവസത്തോളം നീണ്ടുനിന്ന ശതാബ്ദി ക്യാമ്പിന് സമാപനം കുറിച്ചാണ് നൂറാം വാർഷിക മഹാസമ്മേളനം സംഘടിപ്പിച്ചത്. കുണിയയിൽ പ്രത്യേകം തയ്യാറാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിലായിരുന്നു സമ്മേളന നടപടികൾ നടന്നത്.

സമ്മേളന ചരിത്രവും ഉദ്ഘാടനവും

രണ്ട് വർഷം മുമ്പ് ബംഗ്ളൂരിൽ വെച്ചായിരുന്നു സമസ്തയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം നടന്നത്. കുണിയയിൽ നടന്ന സമാപന മഹാസമ്മേളനത്തിന് സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം ആശംസിച്ചു. 

jifri thangal samastha centenary speech kuniya

ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്‌സിറ്റി റെക്ടർ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ചടങ്ങിൽ അധ്യക്ഷനായി.

പ്രമുഖരുടെ സാന്നിധ്യം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ച സമ്മേളനത്തിൽ സമസ്ത വൈസ് പ്രസിഡന്റ് എം.കെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ പ്രമേയ പ്രഭാഷണം നടത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

jifri thangal samastha centenary speech kuniya

വിദേശ പ്രതിനിധികളായ സയ്യിദ് അലിയ്യുൽ ഹാശിമി (യു.എ.ഇ), ഹമദ് സാമി ഹുസൈൻ റാഷിദ് അദ്ദൗസരി (ബഹ്‌റൈൻ), അഹ്മദ് അബ്ദുൽ വാഹിദ് ജാസിം ഹസൻ, ഇറാഖ് ഗ്രാൻഡ് മുഫ്തി ഡോ. റാഫിഅ് ത്വാഹാ രിഫാഈ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മുഹമ്മദ് കോയ ജമലുല്ലൈലി, കെ ഉമർ ഫൈസി മുക്കം, കെ മോയിൻകുട്ടി മാസ്റ്റർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.

jifri thangal samastha centenary speech kuniya

അവാർഡ് ദാനവും സമാപനവും

സമ്മേളനത്തിന്റെ ഭാഗമായുള്ള സെന്റിനറി അവാർഡ് ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മാനിച്ചു. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി ഷാർജക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രത്യേക ഉപഹാരവും നൽകി.

പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ നെല്ലായ, ഡോ. പു മുഹമ്മദലി ഗഫാർ, ബംഗ്ളൂരു എം.എൽ.എ എൻ.എ ഹാരിസ്, അസ്ഗറലി ഫൈസി പട്ടിക്കാട്, ഇബ്രാഹിം ഹാജി കുണിയ, ടി.കെ യൂസുഫ് ഹാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

പത്ത് വർഷം മുമ്പ് ആലപ്പുഴയിൽ നടന്ന സമസ്തയുടെ തൊണ്ണൂറാം വാർഷിക സമ്മേളനത്തിൽ വെച്ചാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നൂറാം വാർഷിക ആഘോഷങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

മനുഷ്യ നന്മയ്ക്കുള്ള വിജ്ഞാനങ്ങൾ പുണ്യകരം; വിദ്യാഭ്യാസ രംഗത്ത് സമസ്ത തീർത്ത വിപ്ലവം അത്ഭുതകരമെന്ന് ഡോ. സലാമ ജുമാ

മാനവിക മൂല്യങ്ങൾക്കും മനുഷ്യ നന്മയ്ക്കും വേണ്ടിയുള്ള എല്ലാ വിജ്ഞാനങ്ങളും പുണ്യകരമാണെന്ന് ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്‌സിറ്റി റെക്ടർ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ്. അനന്തമായ അന്വേഷണങ്ങളെയും വിജ്ഞാന സമ്പാദനത്തെയും എന്നും പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുണിയയിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തെ വിപ്ലവം

വിദ്യാഭ്യാസ മേഖലയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് ഡോ. സലാമ ജുമുഅ അഭിപ്രായപ്പെട്ടു. പതിനായിരക്കണക്കിന് മദ്‌റസകളും നൂറുകണക്കിന് കോളേജുകളും സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്ത് സമസ്ത തീർത്ത വിപ്ലവം അത്ഭുതകരമാണ്. സമൂഹത്തിന്റെ വൈജ്ഞാനിക ഉന്നമനത്തിനായി സമസ്ത നൽകുന്ന സംഭാവനകൾ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രശംസിച്ചു.

അൽ അസ്ഹറിന്റെ പിന്തുണ

കേരളത്തിലെ പണ്ഡിതർക്ക് ഉപരിപഠനത്തിനുള്ള കൂടുതൽ സൗകര്യങ്ങൾ അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള വൈജ്ഞാനിക അന്വേഷികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ അൽ അസ്ഹർ പരിശ്രമിക്കുമെന്നും ഇക്കാര്യം പ്രത്യേകം അറിയിക്കാൻ അസ്ഹർ തലവൻ ഡോ. അഹ്മദ് ത്വയ്യിബ് തന്നെ ഏല്പിച്ചിട്ടുണ്ടെന്നും ഡോ. സലാമ ജുമുഅ വ്യക്തമാക്കി. പാരമ്പര്യ വിജ്ഞാനത്തോടൊപ്പം ആധുനികമായ അന്വേഷണങ്ങളും സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

jifri thangal samastha centenary speech kuniya

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം അത്ഭുതപ്പെടുത്തുന്നത്; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഡി കെ ശിവകുമാർ

രാജ്യത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം അത്ഭുതപ്പെടുത്തുന്നതാണെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മദ്‌റസ പ്രസ്ഥാനങ്ങളിലൂടെയും വൈവിധ്യമാർന്ന നിരവധി വിദ്യാഭ്യാസ പദ്ധതികളിലൂടെയും കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം സമസ്ത നടത്തിയ പ്രവർത്തനങ്ങൾ വിസ്മയിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മാനവിക മൂല്യങ്ങളും പിന്തുണയും

മാനവിക മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സമസ്ത നടത്തുന്ന മുന്നോട്ടുള്ള പ്രയാണത്തിൽ തന്റെയും കർണ്ണാടക സർക്കാരിന്റെയും എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു. മതപരമായ വിജ്ഞാനത്തോടൊപ്പം സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി സമസ്ത നൽകുന്ന സംഭാവനകൾ നിസ്തുലമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

jifri thangal samastha centenary speech kuniya

സമസ്തയുടേത് നിസ്തുല സേവനം; ഇസ്‌ലാമിന്റെ യഥാർത്ഥ പാതയിൽ തലമുറകളെ പരിരക്ഷിച്ചെന്ന് ശൈഖ് അലിയ്യുൽ ഹാശിമി

ഇസ്‌ലാമിന്റെ യഥാർത്ഥ മാർഗ്ഗത്തിൽ കേരളീയ മുസ്‌ലിം തലമുറകളെ പരിരക്ഷിക്കുന്നതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വലിയ വിജയമാണ് കൈവരിച്ചതെന്ന് യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലിയ്യുൽ ഹാശിമി. സമസ്ത ചെയ്തത് ഒരു കാലത്തും വിസ്മരിക്കാനാവാത്ത സേവനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുണിയയിൽ നടന്ന സമസ്ത ശതാബ്ദി സമാപന മഹാസമ്മേളനത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാല നേതാക്കളുടെ ദീർഘവീക്ഷണം

ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയ ദീർഘവീക്ഷണമുള്ള മുൻകാല നേതാക്കളാണ് സമസ്തയുടെ വളർച്ചയ്ക്ക് കരുത്തുറ്റ പിന്തുണ നൽകിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. അവരുടെ നേതൃത്വപാടവവും കൃത്യമായ ദിശാബോധവുമാണ് സംഘടനയെ ഇന്നത്തെ ഔന്നത്യത്തിൽ എത്തിച്ചതെന്നും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ജിഫ്രി തങ്ങളുടെ നേതൃത്വം

ഇന്ന് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ധീരമായ നേതൃത്വം സമസ്തയ്ക്ക് ലഭിച്ചിരിക്കുന്നത് വലിയ സൗഭാഗ്യമാണെന്ന് ശൈഖ് അലിയ്യുൽ ഹാശിമി പറഞ്ഞു. ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ സമസ്തയുടെ പ്രവർത്തനങ്ങൾ വിപുലമാകുന്നതിൽ ഇപ്പോഴത്തെ നേതൃത്വത്തിന്റെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

jifri thangal samastha centenary speech kuniya

33,313 പേർ പങ്കെടുത്ത ലോക റെക്കോർഡ് ക്യാമ്പിന് സമാപനം; ചരിത്രമായി സനാഈ ബിരുദദാനം

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് പരിഗണിക്കപ്പെടാവുന്ന ഏറ്റവും വലിയ ക്യാമ്പായ 33,313 പേര്‍ പങ്കെടുത്ത സമസ്ത പഠന ക്യാമ്പിന് കുണിയയിൽ ഉജ്ജ്വല സമാപനം. നേരത്തെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് ശാസ്ത്രീയമായി സംവിധാനിച്ച ക്യാമ്പ് മൂന്ന് ദിവസത്തോളമാണ് നീണ്ടുനിന്നത്.

സനാഈ ബിരുദദാനം: ഒരു സ്വപ്ന സാക്ഷാത്കാരം 

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിയായ എസ്.എന്‍.ഇ.സിയുടെ മത-ഭൗതിക വിദ്യാഭ്യാസ ബിരുദദാന ചടങ്ങിന് സമസ്ത സമ്മേളന ക്യാമ്പ് വേദിയായി. എട്ട് വര്‍ഷത്തെ ശരീഅ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് സനദ് സാക്ഷ്യപത്രം സ്വീകരിച്ചത്. രണ്ട് വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ നടന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ വെച്ചാണ് സനാഈ പാഠ്യപദ്ധതി പ്രഖ്യാപിച്ചിരുന്നത്. സി.എസ്.ഇയില്‍ നിന്ന് എസ്.എന്‍.ഇ.സി പാഠ്യപദ്ധതിയിലേക്ക് മാറി പഠനം പൂര്‍ത്തീകരിച്ചവര്‍ക്കാണ് ആദ്യത്തെ ബിരുദദാനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചത്.

സ്വഫാവി സനദ് ദാനവും പ്രമുഖരുടെ സാന്നിധ്യവും 

ഇതോടൊപ്പം നീലേശ്വരം മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയയില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള 'സ്വഫാവി' സനദ് ദാനവും ചടങ്ങിൽ നടന്നു. എം.ടി അബ്ദുല്ല മുസിലിയാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് ബിരുദദാന പ്രസംഗം നടത്തി. ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

jifri thangal samastha centenary speech kuniya

സമാപന സംഗമം 

അബ്ദുസലാം ബാഖവി, സഫ്വാന്‍ തങ്ങള്‍, മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. ക്യാമ്പ് സമാപന സംഗമം അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്തു. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ സമാപന പ്രാര്‍ത്ഥന നടത്തി. ആയിരക്കണക്കിന് പണ്ഡിതരും വിദ്യാർത്ഥികളും ഒത്തുചേർന്ന ക്യാമ്പ് സമസ്തയുടെ ചരിത്രത്തിലെ സുപ്രധാന ഏടായി മാറി.

പിതാവിന്റെ ഓർമ്മകൾക്ക് മുമ്പിൽ വിതുമ്പി മുഈനലി തങ്ങൾ; സമസ്തയുടെ തീരുമാനങ്ങൾ പിഴക്കില്ലെന്ന് ഉറച്ച പ്രഖ്യാപനം

പിതാവായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ വികാരഭരിതനായി മകൻ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. കാസർകോട് കുണിയയിൽ നടന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന വേദിയിലാണ് വൈകാരികമായ നിമിഷങ്ങൾ അരങ്ങേറിയത്.

ആലപ്പുഴയിലെ ഓർമ്മകൾ

പത്ത് വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴയിൽ നടന്ന സമസ്ത തൊണ്ണൂറാം വാർഷിക സമ്മേളനത്തിൽ വെച്ചായിരുന്നു സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചത്. ആ പ്രഖ്യാപനം യാഥാർത്ഥ്യമാകുന്ന വേദിയിൽ പിതാവിന്റെ അസാന്നിധ്യം ഓർമ്മപ്പെടുത്തുന്നതിനിടെയാണ് മുഈനലി തങ്ങൾ വിതുമ്പിയത്. ഈ സമയം സദസ്സും വികാരഭരിതമായി.

സമസ്തയുടെ തീരുമാനങ്ങൾ

സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'നൂറ്റാണ്ടുകൾ' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ തീരുമാനങ്ങൾ വ്യക്തമായ പഠനങ്ങൾക്ക് ശേഷമുള്ളതാണെന്നും അതിനാൽ തന്നെ അവ ഒരിക്കലും പിഴച്ച ചരിത്രമില്ലെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. സംഘടനയുടെ നിലപാടുകൾ എക്കാലത്തും ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖരുടെ സാന്നിധ്യം

സെഷൻ എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ നന്തി ഉദ്ഘാടനം ചെയ്തു. ഫസൽ ശിഹാബ് തങ്ങൾ ആലത്തൂർപടി, മുസ്തഫ മാസ്റ്റർ മുണ്ടുപ്പാറ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അലവിക്കുട്ടി ഹുദവി, സത്താർ പന്തല്ലൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

സമസ്തയുടേത് ആലോചിച്ചെടുത്ത തീരുമാനം; സി ഐ സി നിബന്ധനകൾ അംഗീകരിച്ചാൽ യോജിപ്പിന് തടസ്സമില്ലെന്ന് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി

സി.ഐ.സി വിഷയത്തിൽ സമസ്ത എടുത്തത് തികച്ചും ആലോചിച്ചുറപ്പിച്ച തീരുമാനമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻ കുട്ടി ഫൈസി. കാസർകോട് കുണിയയിൽ നടന്ന സമസ്ത ശതാബ്ദി സമ്മേളന ക്യാമ്പിൽ 'സമസ്ത നൂറ്റാണ്ടുകളുടെ വഴി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുരഞ്ജനത്തിന് തയ്യാർ

സി.ഐ.സി വിഷയത്തിൽ സമസ്ത പരമാവധി ചർച്ചകൾക്ക് തയ്യാറായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്ത മുന്നോട്ടുവെച്ച മുഴുവൻ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറായാൽ അവരുമായി ഒരുമിച്ച് മുന്നോട്ട് പോകുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇത് സംഘടനയുടെ ഔദ്യോഗിക നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.

വാഫി സമസ്തയുടെ തണലിൽ

വാഫി സംവിധാനം സമസ്തയുടെ തണലിലാണ് വളർന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിന്റെ ആസ്ഥാനമായിരുന്ന വളാഞ്ചേരി മർകസിന് വേണ്ടി താനടക്കമുള്ളവർ പ്രവർത്തിച്ചവരാണ്. ആ പാരമ്പര്യം വിസ്മരിക്കരുത്. തെറ്റുകൾ മനുഷ്യസഹജമാണ്, എന്നാൽ അത് തിരുത്തി കടന്നുവന്നാൽ ആരെയും സ്വീകരിക്കുന്ന മഹത്തായ പാരമ്പര്യമാണ് സമസ്തയുടേതെന്നും വാക്കോട് മൊയ്തീൻ കുട്ടി ഫൈസി കൂട്ടിച്ചേർത്തു.

സമസ്ത-ലീഗ് ബന്ധത്തിൽ വിള്ളലില്ല; സിഐസി വിഷയം രാഷ്ട്രീയമല്ല, പാഠ്യപദ്ധതിയിൽ ആശയങ്ങൾ ഒളിച്ചുകടത്താൻ ശ്രമിച്ചെന്ന് അബ്ദുസ്സലാം ബാഖവി

മുസ്ലിം ലീഗും സമസ്തയും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും സി.ഐ.സി വിഷയം രാഷ്ട്രീയമല്ലെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി. കാസർകോട് കുണിയയിൽ നടന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾക്കെതിരെ വിമർശനം

സി.ഐ.സി വിഷയം വളച്ചൊടിച്ച് മുതലെടുപ്പ് നടത്തുന്നത് ചില മാധ്യമങ്ങളും ഛിദ്രശക്തികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പ്രചാരണങ്ങളെ ചിലർ ഏറ്റെടുക്കുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും മാധ്യമങ്ങൾ നീതി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്നത്തിന് കാരണം

സമുദായ നേതാക്കളും പണ്ഡിതരും നിരന്തരമായ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഉപാധികളും തീരുമാനങ്ങളും അംഗീകരിക്കാൻ സി.ഐ.സി തയ്യാറാകാത്തത് കൊണ്ടാണ് സമസ്തക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നത്. ഇതൊരു രാഷ്ടീയ വിഷയമേ അല്ല. സമസ്ത എടുത്ത തീരുമാനം ഏകകണ്ഠമാണ്.

ഹകീം ഫൈസിക്കെതിരെ ആരോപണം

പാഠ്യപദ്ധതിയിൽ പുതിയ ആശയങ്ങൾ ഒളിച്ചു കടത്താൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടതെന്ന് അബ്ദുസ്സലാം ബാഖവി പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹകീം ഫൈസിയുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അദ്ദേഹം സമസ്തയുടെ തീരുമാനത്തെ സമൂഹമധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമിച്ചതെന്നും ബാഖവി കൂട്ടിച്ചേർത്തു.

ആവേശം പകർന്ന് പ്രവാസി സംഗമം; കുണിയയിൽ 'കടലിനപ്പുറം നമ്മുടെ കൊടി' പാറിപ്പറന്നു, വിദേശ രാജ്യങ്ങളിൽ നിന്നും ഒഴുകിയെത്തി പ്രവർത്തകർ

സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നഗരിയിൽ ആവേശം വിതറി പ്രവാസി സംഗമം. 'കടലിനപ്പുറം നമ്മുടെ കൊടി' എന്ന ശീർഷകത്തിൽ നടന്ന സംഗമം വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസി പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ഹൃദ്യമായി.

പദ്ധതികളുടെ പൂർണ്ണത

വിവിധ വിദേശ രാജ്യങ്ങളിൽ സമസ്ത നടപ്പിലാക്കിയ പദ്ധതികളുടെ പൂർണ്ണത വിളിച്ചോതുന്നതായിരുന്നു ഈ സംഗമം. സമ്മേളനത്തിൽ പങ്കെടുക്കാനായി മാത്രം ഗൾഫ് രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രവർത്തകരാണ് വിമാനം കയറി നേരിട്ട് കുണിയയിലെത്തിയത്. പ്രവാസലോകത്തെ സമസ്തയുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിന്റെ നേർസാക്ഷ്യമായി സംഗമം മാറി.

പ്രമുഖരുടെ സാന്നിധ്യം

സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി പ്രാർത്ഥന നിർവ്വഹിച്ചു. എസ്.ഐ.സി ഗ്ലോബൽ ജനറൽ സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജി ബഹ്‌റൈൻ സ്വാഗതം പറഞ്ഞു. അബൂബക്കർ അൽ ഖാസിമി ഖത്തർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസി സെൽ ചെയർമാൻ ഡോ. പി.കെ ഹംസക്കുട്ടി ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു.

എസ്.ഐ.സി യു.എ.ഇ ജനറൽ സെക്രട്ടറി സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ അബുദാബി, സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ഷൗക്കത്തലി മൗലവി, സലീം ദാരിമി ചെർള, കെ.എൻ.എസ് മൗലവി, സയ്യിദ് സകീർ ഹുസൈൻ തുടങ്ങിയ പ്രവാസി നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Sayyid Muhammad Jifri Muthukkoya Thangal emphasized Samastha's authority and discipline, stating that the community strictly follows the organization's calls during the centenary conclusion in Kasaragod.

#Samastha100 #KasaragodNews #JifriMuthukkoyaThangal #KuniyaConference #SamasthaCentenary #MuslimUmmah #KeralaNews #IslamicLeadership #CentenaryConclusion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia