Pilgrimage | ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് 35,000 ജൂത തീർഥാടകർ റോഷ് ഹഷാനയ്ക്കായി യുക്രൈനിലെത്തി
● ഉമാൻ ഹസിദിക് ജൂതർക്ക് വളരെ പ്രധാനപ്പെട്ട സ്ഥലം
● ഇസ്രാഈലിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയത് തീർഥാടനത്തെ ബാധിച്ചു
കീവ്: (KVARTHA) റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടയിലും, യുക്രൈനിലെ ഉമാൻ പട്ടണത്തിൽ ജൂതന്മാരുടെ പുതുവത്സരമായ 'റോഷ് ഹഷാന' ആഘോഷിക്കാൻ മുന്നറിയിപ്പുകൾ അവഗണിച്ച് അനവധി ജൂത തീർത്ഥാടകർ എത്തി. റബ്ബി നാച്ച്മാൻ്റെ ശവകുടീരം സന്ദർശിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഇവിടെ എത്താറുണ്ട്. യുക്രേനിയൻ തലസ്ഥാനമായ കീവിനു തെക്ക് 200 കിലോമീറ്റർ അകലെയുള്ള ഉമാനിലേക്ക് മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷം 35,000 തീർത്ഥാടകർ എത്തിയതായി അധികൃതരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
യുക്രൈൻ സർക്കാരും ഇസ്രാഈൽ സർക്കാരും സുരക്ഷാ കാരണങ്ങളാൽ യുക്രൈൻ സന്ദർശിക്കുന്നത് ഒഴിവാക്കാൻ തീർത്ഥാടകരോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, അവർ അത് അവഗണിച്ച് ഉമാനിലേക്ക് എത്തുകയായിരുന്നു. യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കെ, റഷ്യൻ സൈന്യം തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനാൽ, യുക്രൈനിലെ യാതൊരു സ്ഥലവും പൂർണമായും സുരക്ഷിതമല്ല.
VIDEO: Thousands of Jewish pilgrims arrive in Ukraine despite war.
— AFP News Agency (@AFP) October 4, 2024
The Ukrainian city of Uman has been a site of worship for Orthodox Jewish pilgrims for over 200 years, but with Russia's ongoing invasion and airlines cancelling flights due to rising tensions in the Middle… pic.twitter.com/wqtob3c67H
ഗസ്സയിലെ യുദ്ധം, ലെബനനിലെ ഹിസ്ബുല്ലയുമായുള്ള സംഘർഷം തുടങ്ങിയ മിഡിൽ ഈസ്റ്റിലെ അസ്ഥിരമായ സാഹചര്യവും തീർത്ഥാടനത്തെ ബാധിച്ചിട്ടുണ്ട്. ഇസ്രാഈലിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിനാൽ, ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഉമാനിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. ഉമാൻ, ഹസിദിക് പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ്റെ ചെറുമകനായ റബ്ബി നാച്ച്മാൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതിനാൽ, ഹസിദിക് ജൂതർക്ക് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്.
18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജീവിച്ചിരുന്ന റബ്ബി നാച്ച്മാൻ, ബ്രെസ്ലോവ് ഹസിദിക് പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനാണ്. തന്റെ ആത്മീയ പഠനങ്ങളും അനുയായികളെ ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണങ്ങളും കൊണ്ട് പ്രശസ്തനായ റബ്ബി നാച്ച്മാൻ, 1810-ൽ ഉക്രെയ്നിലെ ഉമാനിൽ വച്ച് അന്തരിച്ചു. തന്റെ അന്ത്യവിശ്രമസ്ഥലമായി ഉമാനെ തെരഞ്ഞെടുത്ത റബ്ബിയുടെ സ്മരണയ്ക്കായി, ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് അനുയായികൾ ഉമാനിൽ ഒത്തുകൂടുന്നു.
ഹസിദിക് വിഭാഗം 18-ാം നൂറ്റാണ്ടിൽ പോളണ്ടിൽ ഉത്ഭവിച്ച ജൂത മതത്തിലെ ഒരു വിഭാഗമാണ്. ഹസിദിക് എന്ന പദം അക്ഷരാർത്ഥത്തിൽ 'ഭക്തിയുള്ളവർ' എന്നാണ് അർത്ഥം. ഹസ്‌സിദുത്ത് എന്ന തത്ത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ വിഭാഗം, യഹൂദ മതത്തെ ആഴത്തിൽ പഠിക്കുകയും പിന്തുടരുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇവർ മതപരമായ ജീവിതം നയിക്കുകയും ജൂത സമൂഹത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുകയും ചെയ്യുന്നു.
#UmanPilgrimage #RoshHashanah #Ukraine #Russia #Jewish #faith #hope #war #conflict