Unveiling | ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവ ശിൽപം ഉണ്ണി കാനായിയുടെ കരവിരുതിൽ തളിപ്പറമ്പിൽ ഒരുങ്ങുന്നു; അനാച്ഛാദനം പ്രധാനമന്ത്രി നിർവഹിക്കും


● പയ്യന്നൂർ കാനായിലെ ശിൽപിയുടെ പണിപ്പുരയിലായിരുന്നു ശിൽപത്തിന്റെ നിർമാണം.
● വെങ്കലവും സ്റ്റെയിൻലെസ് സ്റ്റീലും ഉപയോഗിച്ച് നിർമിച്ച ഈ ശിൽപത്തിന് 4000 കിലോഗ്രാം ഭാരമുണ്ട്.
● രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ആൽമരച്ചുവട്ടിലാണ് ശിൽപം സ്ഥാപിക്കുന്നത്.
● ശിവരാത്രിക്കു മുൻപ് ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
കണ്ണൂർ: (KVARTHA) ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവശിൽപം പൂർത്തിയായി. പ്രശസ്ത ശിൽപി ഉണ്ണി കാനായിയുടെ കരവിരുതിൽ നാല് വർഷം കൊണ്ട് രൂപംകൊണ്ട 14 അടി ഉയരമുള്ള ഈ ശിൽപം തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജനാണ് ക്ഷേത്രത്തിന് സമർപ്പിക്കുന്നത്.
പയ്യന്നൂർ കാനായിലെ ശിൽപിയുടെ പണിപ്പുരയിലായിരുന്നു ശിൽപത്തിന്റെ നിർമാണം. കളിമണ്ണിൽ രൂപകല്പന ചെയ്ത ശേഷം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത് മെഴുകിലേക്ക് മാറ്റി, പിന്നീട് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. വെങ്കലവും സ്റ്റെയിൻലെസ് സ്റ്റീലും ഉപയോഗിച്ച് നിർമിച്ച ഈ ശിൽപത്തിന് 4000 കിലോഗ്രാം ഭാരമുണ്ട്. കോൺക്രീറ്റിൽ വലിയ ശിവശിൽപങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയിൽ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ ശിവശിൽപമാണിത്. രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ആൽമരച്ചുവട്ടിലാണ് ശിൽപം സ്ഥാപിക്കുന്നത്.
രണ്ടു മാസത്തിനുള്ളിൽ ശിൽപം അനാച്ഛാദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിവരാത്രിക്കു മുൻപ് ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിൽപം അനാച്ഛാദനം ചെയ്യാനായി തളിപ്പറമ്പിൽ എത്തുമെന്നാണ് വിവരം. അനാച്ഛാദനത്തിന് ശേഷം മാത്രമേ പൊതുജനങ്ങൾക്ക് ശിൽപം കാണാൻ സാധിക്കൂ. പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൽസ്ഥിതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തൃശൂർ സർക്കിൾ മേധാവികൾ ക്ഷേത്രം സന്ദർശിക്കുകയും ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, മൊട്ടമ്മൽ രാജൻ, ശിൽപി ഉണ്ണി കാനായി എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു. സുരേഷ് അമ്മാനപ്പാറ, വിനേഷ് കെ. ബാലൻ പാച്ചേനി, ബൈജു കോറോം, കെ. സുരേഷ്, ശ്രീകുമാർ എന്നിവരും ശിൽപനിർമാണത്തിൽ ഉണ്ണി കാനായിയെ സഹായിച്ചു.
#ShivaSculpture #Thaliparamba #KeralaNews #SculptureUnveiling #BronzeStatue #TempleNews