സമൂഹമാധ്യമങ്ങളിലെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് അറുതി വരുത്തണമെന്ന് മനുഷ്യാവകാശ കമിഷന്‍

 


കോഴിക്കോട്: (www.kvartha.com 22.12.2021) വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഉള്‍പെടെയുള്ള ദുഷ് പ്രവണതകള്‍ക്ക് അറുതി വരുത്തണമെന്ന് മനുഷ്യാവകാശ കമിഷന്‍. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ ജുഡിഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിലെ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് അറുതി വരുത്തണമെന്ന് മനുഷ്യാവകാശ കമിഷന്‍

ചീഫ് സെക്രടെറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കമിഷന്‍ ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. മനുഷ്യാവകാശ സംരക്ഷണത്തിനും നിയമവാഴ്ചയെ ശക്തിപ്പെടുത്തുവാനും ഇത്തരം ദുഷ്പ്രവണതക്ക് അറുതി വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഉത്തരവില്‍ പറയുന്നു.

മൗലികാവകാശ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പരിപോഷിപ്പിക്കുന്നതില്‍ സമൂഹ മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി കമിഷന്‍ നിരീക്ഷിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് സമൂഹ മാധ്യമങ്ങള്‍ തന്റെ ആശയവുമായി വിയോജിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ഇടങ്ങളായി മാറുന്നു. ഇത് മനുഷ്യസ്‌നേഹികളുടെ ഉറക്കം കെടുത്തുന്നു.

ഇത്തരം പ്രവണതകള്‍ സമാധാനപരമായും ഭയരഹിതമായും ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശത്തിന് ഭീഷണിയാവുന്നതായി കമിഷന്‍ വിലയിരുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പിച്ച പരാതിയിലാണ് കമിഷന്റെ നടപടി.

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രടെറിയും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം അറിയിക്കണമെന്നും നിര്‍ദേശിച്ചു.

Keywords:  Human Rights Commission has called for an end to posts promoting communalism, Kozhikode, News, Social Media, Police, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia