Cultural | കൃഷ്ണഗാഥ പിറന്ന മണ്ണില്‍ ഗോവര്‍ദ്ധന പര്‍വത പൂജ നടത്തി
● വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.
● ഗോവര്‍ദ്ധനോദ്ധാരണം അമ്മമാര്‍ ഒന്നിച്ചുപാടി.
കണ്ണൂര്‍: KVARTHA) ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുമ്പോള്‍ ചെറുശ്ശേരിയുടെ (Cherussery) കൃഷ്ണഗാഥ (Krishnagatha) പിറന്ന മണ്ണില്‍ നടത്തിയ ഗോവര്‍ദ്ധന പര്‍വത സങ്കല്പപൂജ (Pooja) ഭക്തര്‍ക്ക് നവ്യാനുഭവമായി. ചിറക്കല്‍ ചിറയ്ക്ക് മുമ്പില്‍ കിഴക്കേക്കര ശ്രീകൃഷ്ണ മതിലകം ക്ഷേത്രപരിസരത്താണ് പഞ്ചഭൂതാത്മക പ്രകൃതി പൂജ ഒരുക്കിയത്.
മഴ പെയ്യാന്‍ ഇന്ദ്രനെയല്ല പര്‍വതത്തെയും പ്രകൃതിയേയുമാണ് പൂജിക്കേണ്ടതെന്ന ശ്രീകൃഷ്ണ സന്ദേശം വിളംബരം ചെയ്ത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മഹാകാവ്യത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാക്കുന്നതാണ് അപൂര്‍വ ചടങ്ങ്.
സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം ചിങ്ങം കൃഷ്ണഗാഥ പാരായണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രകൃതി പൂജ സംഘടിപ്പിച്ചത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഗോവര്‍ദ്ധനോദ്ധാരണം എന്ന ഭാഗം അമ്മമാര്‍ ഒന്നിച്ചു ചേര്‍ന്ന് പാടി. വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.
പൂജാനുഷ്ഠാനങ്ങള്‍ക്ക് കിഴക്കേക്കര മേല്‍ശാന്തി മാക്കന്തേരി ഇല്ലത്ത് മധു നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സനാതന പുരോഹിത സമാജം സംസ്ഥാന അധ്യക്ഷന്‍ വാഴയില്‍ പ്രകാശന്‍ തന്ത്രി, സംയോജകനും മൊളോളത്തില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മ്മികനുമായി.
ചിറക്കല്‍ കോവിലകം ഉത്രട്ടാതി തിരുന്നാള്‍ സി.കെ. രാമവര്‍മ്മ വലിയ രാജ ഭദ്രദീപം കൊളുത്തി. ചിറക്കല്‍ ചാമുണ്ഡിക്കോട്ടം വിഷ്ണുമൂര്‍ ത്തി കോലധാരി അഭിരാം പണിക്കരുടെ സാന്നിധ്യത്തിലാണ് പൂജകള്‍ നടന്നത്. പാരമ്പര്യമായി കൃഷ്ണഗാഥ വായിക്കുന്ന അമ്മമാരെ കീര്‍ത്തി പത്രം നല്‍കി ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കെ.വി. സുമേഷ് എം എല്‍ എ നിര്‍വഹിച്ചു.
24 മണിക്കൂറും കൃഷ്ണഗാഥ പാടുന്ന മണ്ണായി ചിറക്കലില്‍ ചെറുശ്ശേരി സ്മാരകവും വൃന്ദാവനവും നിര്‍മ്മിക്കാനുള്ള പദ്ധതി രൂപരേഖ അംഗീകരിച്ചതായി എംഎല്‍എ ചടങ്ങില്‍ പ്രഖ്യാപിച്ചു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട് ആമുഖ ഭാഷണം നടത്തി.
അന്തരീക്ഷ പഠന ശാസ്ത്രജ്ഞന്‍ ഡോ. എം. കെ. സതീഷ് കുമാര്‍ അധ്യക്ഷനായി. പുല്ലാങ്കുഴല്‍ വാദകന്‍ നാദബ്രഹ്‌മംലിബിന്‍ ബാബു, ചുവര്‍ ചിത്രകലാകാരി എന്‍. കെ. ജമുന, ഡോ സുമ സുരേഷ് വര്‍മ്മ എന്നിവരെയും പാരമ്പര്യമായി കൃഷ്ണപ്പാട്ട് പാരായണം നടത്തുന്ന 101 അമ്മമാര്‍ക്ക് കീര്‍ത്തി പത്രം നല്കി ഉത്രട്ടാതി തിരുന്നാള്‍ സി.കെ. രാമവര്‍മ്മ വലിയ രാജ ആദരിച്ചു.
ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.വി. അജയ കുമാര്‍ സി.എം എസ് ചന്തേര അനുസ്മരണ പ്രഭാഷണം നടത്തി. പത്മശ്രീഎസ്. ആര്‍.ഡി. പ്രസാദ്,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി.ഒ. മോഹനന്‍, ശിവഗിരി മഠം കേന്ദ്ര നിര്‍വാഹക സമിതി അംഗം സബിത രവീന്ദ്രന്‍ ഭാഗവതാചാര്യന്‍ കാനപ്രം ഈശ്വരന്‍ നമ്പൂതിരി, കോണ്‍ഫെഡറേഷന്‍ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പി മുരളീ കൃഷ്ണന്‍, ഡോ. സുമ സുരേഷ് വര്‍മ്മ, അഡ്വ ശ്രീജയ ശശിധരന്‍, സനാതന പുരോഹിത സമാജം അധ്യക്ഷന്‍ വാഴയില്‍ പ്രകാശന്‍ തന്ത്രി, മഹാത്മാ മന്ദിരം അധ്യക്ഷന്‍ ഇ.വി. ജി. നമ്പ്യാര്‍, രാജേഷ് വാര്യര്‍ പൂമംഗലം, ഡോ. സി.കെ. അശോക വര്‍മ്മ, സി.കെ. സുരേഷ് വര്‍മ്മ, സംഗീതജ്ഞന്‍ എടയാര്‍ ശങ്കരന്‍ നമ്പുതിരി, കെ. എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍, രാജേഷ് പാലങ്ങാട്ട്, കിഴക്കേക്കര മതിലകം സെക്രട്ടറി ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.