വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

 


കോഴിക്കോട്: (www.kvartha.com 15.06.2018) വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്നു വിവിധ ഖാസിമാരും ഹിലാല്‍ കമ്മിറ്റിയും ഉറപ്പിച്ചത്. അതേസമയം ഉത്തരേന്ത്യയില്‍ ഈദ് ശനിയാഴ്ചയാണ്.

നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുകയാണ് വിശ്വാസികള്‍.

 വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് വ്രതമെടുത്തും രാത്രിയില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥനയില്‍ മുഴുകിയും സക്കാത്ത് നല്‍കി തന്റെ സമ്പത്തു ശുദ്ധീകരിക്കുകയും ചെയ്ത വിശ്വാസി പരമകാരുണികനിലേക്ക് കൂടുതല്‍ അടുത്തു. പിറന്നു വീണ കുഞ്ഞു മുതല്‍ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഫിത്ര്‍ സക്കാത്തു വിതരണവും പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു.

അതേസമയം കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്. മലബാറിലെ വിവിധ പള്ളികളില്‍ ഈദ് നമസ്‌കാരം നടന്നു. പ്രാര്‍ത്ഥനയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പള്ളികളില്‍ എത്തിച്ചേര്‍ന്നു.

തിരുവനന്തപുരത്ത് പാളയം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് പാളയം ഇമാം വി.പി ശുഹൈബ് മൗലവി നേതൃത്വം നല്‍കി. മണക്കാട് വലിയപള്ളിയിലും പുത്തരിക്കണ്ടം മൈതാനിയിലും ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു. മഴയില്ലാതിരുന്നതിനാല്‍ പള്ളികള്‍ക്ക് പുറത്ത് സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

കൊച്ചിയില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. മസ്ജിദുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഈദ് നമസ്‌കാരങ്ങളില്‍ പങ്കെടുത്തു. കൊച്ചിയില്‍ കടവന്ത്ര ജുമാമസ്ജിദില്‍ നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ബിരിയാണി ഒരുക്കി സ്ത്രീകള്‍ അതിഥികളെ സത്ക്കരിക്കും. വീടുകളില്‍ മധുര പലഹാരങ്ങളും ഒരുക്കിവയ്ക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Eid to be celebrated across India on Saturday, Friday in Kerala, Kozhikode, News, Celebration, Religion, Eid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia