Animals | പെരുന്നാള്‍ വരുമ്പോള്‍ മാത്രം വരുന്നു ചിലർക്ക്  മൃഗസ്നേഹം; ഈ കപടതയാണ് പൊളിച്ചെഴുതേണ്ടത്

 
Animal


ഇസ്ലാമിൽ രണ്ട് ആഘോഷങ്ങളാണുള്ളത്. രണ്ടാഘോഷങ്ങളും അടിസ്ഥാനപരമായി പാവപ്പെട്ടവന്റെ ജീവിതവുമായി ആയിട്ടാണ് ചേർത്തുവെച്ചിരിക്കുന്നത്

സോണി കല്ലറയ്ക്കൽ

(KVARTHA) കോടിക്കണക്കിന് മുസ്ലിങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ലോകമൊന്നാകെ പെരുന്നാള്‍ ആഘോഷിച്ചു, അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ കയ്യേറാതെ, ബിവറേജിലെ റെക്കോര്‍ഡ് വിൽപ്പന കഥയാകാതെ, ഗാംഭീര്യമുള്ള ഗുണ്ടുകളുടെ ശബ്ദം കേട്ട് കുട്ടിപോലും ഞെട്ടിയുണരാതെ. ഒരുറപ്പ് നൽകാം, അന്നേ ദിവസം ഒരു മഹല്ലിലും ഒരു മുസൽമാനും പട്ടിണി കിടന്നില്ല, ഒപ്പം സമീപത്തുള്ളവരും. ബലി കർമ്മത്തെ വർഗീയതയോട് ഉപമിക്കുന്ന ചിലർക്കുള്ള കൃത്യമായ മറുപടിയാണ് ഈ വാക്കുകൾ. കുറച്ചു വൈകിയാലും യുക്തിവാദം വരട്ടുതത്ത്വവാദമാണെന്നും ആഘോഷങ്ങളൊക്കെ മനുഷ്യരെ ഒന്നിപ്പിക്കുക എന്ന ദൗത്യം കൂടി നിറവേറ്റുന്നുവെന്നുമുള്ള തിരിച്ചറിവുണ്ടായല്ലോ. സന്തോഷം. 'സോഷ്യൽ ആക്ടിവിസ്റ്റും സിനിമ നടിയുമായ ലാലി പി എം സോഷ്യൽ മീഡിയായിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അവരുടെ വാക്കുകൾ ഒന്ന് ശ്രദ്ധിക്കാം. 

'വരട്ട് യുക്തിവാദിനിയായിരുന്ന കാലത്ത് എനിക്ക് മുസ്ലീങ്ങളുടെ ആഘോഷത്തോടെല്ലാം പുച്ഛം ആയിരുന്നു. ലോഡ് കണക്കിന് പുച്ഛം എല്ലാം ഇറക്കി വെച്ചിരുന്നത് അന്ന് ഉമ്മച്ചിയിലാണ്. മുസ്ലീങ്ങൾക്ക് തീറ്റ എന്നൊരു വിചാരമേ ഉള്ളൂ. അത് നോമ്പിനാകട്ടെ, ചെറിയ പെരുന്നാളിന് ആകട്ടെ, വലിയ പെരുന്നാളിന് ആകട്ടെ ഇനി നബിദിനത്തിന് ആകട്ടെ ഏത് സമയവും ഇതുതന്നെയാ പണി എന്ന് കളിയാക്കുമായിരുന്നു. പാവം എൻറെ ഉമ്മച്ചി 'എന്നാ നീ കഴിക്കേണ്ട' എന്ന ലളിതമായ എതിർപ്പ് കൊണ്ട് പോലും എന്നെ വിഷമിപ്പിക്കാതെ എല്ലാം കേട്ട് മിണ്ടാതിരിക്കും. മനസ്സിലെ വരട്ടു യുക്തിവാദം എന്ന കുടിലത മാറ്റി വെച്ചപ്പോൾ എനിക്ക് കാര്യങ്ങൾ തെളിഞ്ഞു വന്നു. 

Facebook Post

പങ്കുവെച്ച് ഭക്ഷിക്കുന്നത് ഒരു നിയമമായും നീതിയായും ആചാരമായും ആഘോഷമായും ഒക്കെ സ്വീകരിച്ച മറ്റൊരു മതമില്ല എന്ന് എനിക്ക് മനസ്സിലായി. റംസാൻ നോമ്പ് സമയത്ത് മറ്റുള്ളവർക്ക് നൽകുന്ന ഇഫ്താർ ഒരു സന്തോഷത്തിനും കൂടിച്ചേരലിനുമപ്പുറം ഒരു നിയമമാണ് ഇസ്ലാമിൽ. പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കുന്നത് മുതൽ, കിട്ടാതെ പോയ നോമ്പിൻറെ പുണ്യം ലഭിക്കാൻ മറ്റൊരാളെ നോമ്പുതുറപ്പിക്കുന്നത് ഒക്കെ. പിന്നെ പെരുന്നാൾ ദിനം ആരും പട്ടിണി കിടക്കരുത് എന്ന തീരുമാനത്തിൽ വിശ്വാസികൾക്കും മേൽ നിർബന്ധമാക്കിയ ഫിത്വർ സക്കാത്ത് മുതൽ സ്വത്തിന്റെ ഒരോഹരി സക്കാത്ത് ആയിട്ട് നൽകുന്നതുവരെയുള്ള നിയമങ്ങൾ. 

വലിയ പെരുന്നാളിന്റെ മൃഗബലി വർഷത്തിൽ 364 ദിവസവും ബീഫ് കഴിക്കുന്നവർക്കും കളിയാക്കാനും കുറ്റപ്പെടുത്താനുമുള്ള വിഷയമാണ്. എന്നാൽ ആ മാംസം പങ്കുവെക്കുന്നതിനെ കുറിച്ചുള്ള പരമാവധി നീതിപൂർവ്വമായ നിയമങ്ങൾ ആരും ശ്രദ്ധിക്കുന്നതേയില്ല, ഇനിയിപ്പോ നബിദിനത്തിലേക്ക് എത്തിയാലും അവിടെയുമുണ്ട് നേർച്ചച്ചോറും ചക്കരക്കഞ്ഞിയുമൊക്കെ പള്ളിയിൽ നിന്ന്. എല്ലാ വീടുകളിലേക്കും അതിൻറെ പങ്കുമെത്തിക്കുന്നുണ്ട്. അതുകൊണ്ട് മൃഗബലി എന്നൊക്കെ പറഞ്ഞ് വൈകാരികത ഉണ്ടാക്കി മുസ്ലീങ്ങളെ വെട്ടാൻ വടിയുമായി നടക്കുന്നവരൊക്കെ കുറച്ച് മാറി നിന്ന് കരയാവോ? ബാക്കി ബീഫും കൂടി അവർ അർഹതപ്പെട്ടവർക്ക് എത്തിച്ചോട്ടെ'. 

എന്ന് സ്വന്തം സുഡാപ്പിനി, സുഡാപ്പിനി എന്ന് വേണോ, സുഡാപ്പി തന്നെ സ്ത്രീലിംഗം അല്ലെ? വേണേൽ അവന്മാര് സുഡാപ്പൻ ആകട്ടെ. ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്ത്. തിരിച്ചറിവിന്റെ എഴുത്ത് ഓരോ മതത്തേയും അതിന്റെ നിയമങ്ങളെയും അടുത്തറിയുമ്പോഴും, പഠിക്കുമ്പോഴും മാത്രമേ അതിന്റെ പവിത്രത എത്രത്തോളം  ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയൂ. എല്ലാ മതത്തേയും ബഹുമാനിക്കുക, ഒരാളുടെയും വിശ്വാസത്തിൽ കൈകടത്താതിരിക്കുക, ഇതാണ് ഓരോരുത്തരും ശീലിക്കേണ്ടത്. മാന്യമായ ഭാഷയിൽ, മനസിലാക്കേണ്ടവർക്ക് മനസിലാവുന്ന കുറിപ്പാണ് ഇത്. എങ്കിലും  ഭൂരിപക്ഷത്തിനും മനസിലാവാത്തതിന്റെയല്ല പ്രശ്നം. മനസിൽ അടിഞ്ഞുകൂടിയിട്ടുള്ള വിദ്വേഷത്തിന്റെയാണ്. 

പ്രാദേശികമായി പലയിടത്തും മൃഗങ്ങളെ പീഡിപ്പിച്ചു കൊലപ്പെടുത്തി രക്തം വിഗ്രഹങ്ങൾക്ക് മുകളിൽ ഒഴുക്കുന്ന ആഘോഷങ്ങളിൽ ലൗ  ഇമോജിയും, ജയ് കമന്റും ഇട്ട ശേഷമാണ് ഇപ്പുറത്ത് മൃഗസ്നേഹവും, ബലി വിരോധവും വിളമ്പുന്നത്. നാസ്തിക മോർച്ചയുടെ ആളുകളാവട്ടെ, കിട്ടുന്ന പണത്തിന് കൂലിപ്പണിയെടുത്തു വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് നിലവിലെ യാഥാർത്ഥ്യം. പണ്ട് നാട്ടിലെ എല്ലാ സൗഹൃദങ്ങളിലേക്കും മതനിരപേക്ഷമായി എല്ലാ മനുഷ്യരിലേക്കും വിശിഷ്യാ പാവപ്പെട്ടവരിലേക്കും എത്തിയിരുന്ന നോമ്പ് തുറയും പങ്കുവപ്പും ഇപ്പോൾ മതാത്മകം മാത്രമാക്കാൻ കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. 

ചില പള്ളിക്കമ്മറ്റികൾ അതിനപ്പുറം സംഘടിപ്പിക്കുന്ന നോമ്പ് തുറകളെ, സക്കാത്തുകളെ പരിഹസിക്കാൻ ചില സംഘടനകൾ ഒപ്പത്തിനൊപ്പമുണ്ട് താനും എന്നതാണ് കേരളത്തിലെ നിലവിലെ സാഹചര്യം. ഇസ്ലാമിൽ രണ്ട് ആഘോഷങ്ങളാണുള്ളത്. രണ്ടാഘോഷങ്ങളും അടിസ്ഥാനപരമായി പാവപ്പെട്ടവന്റെ ജീവിതവുമായി ആയിട്ടാണ് ചേർത്തുവെച്ചിരിക്കുന്നത്. ചെറിയ പെരുന്നാളിന്റെ പ്രധാന ആരാധനാകർമം ഫിത്വർ  സക്കാത്ത് ആണ്. ഓരോ ജനിച്ചു വീഴുന്ന കുഞ്ഞിനുവേണ്ടിയും ഫിത്വർ  സക്കാത്ത് കൊടുക്കണം. ഒരു ഗവൺമെന്റിന് പോലും ചെയ്യാൻ കഴിയാത്ത രീതിയിൽ കോടിക്കണക്കിന് ടൺ അരികളാണ് പാവപ്പെട്ടവന്റെ കൂരയിൽ അന്നേദിവസം എത്തുന്നത്. 

Animals

സമാനമായ ദിവസം തന്നെയാണ് വലിയ പെരുന്നാൾ ദിനം. ബലിപെരുന്നാളിന്റെ പ്രധാന കർമ്മമായ ബലിയറുത്ത മാംസങ്ങൾ പാവപ്പെട്ടവനു ഉള്ളതാണ്. അടുത്ത താമസിക്കുന്ന പാവപ്പെട്ടവന് ഒരു കാലിച്ചായ പോലും മേടിച്ചു കൊടുക്കാൻ മനസ് കാണിക്കാത്ത നിരീശ്വരവാദികളെപ്പോലുള്ളവിഷജന്തുക്കളുടെ വിമർശനം കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. ദൈവ പ്രീതിക്കായി മനുഷ്യരെ ബലി കഴിക്കരുത് എന്നും പകരം കന്ന് കാലികളെ അറുത്ത് ആ മാസം തനിക്കും കുടുംബത്തിലും അയല്‍  പ്രദേശങ്ങളില്‍ ഉള്ള പാവങ്ങള്‍ക്ക് വിതരണം ചെയ്യണം എന്നുമുള്ള മഹത്തായ ഒരു സന്ദേശം ആണ് ബലി പെരുന്നാള്‍ നല്‍കുന്നത്‌. 

പിന്നെ കന്നുകാലികളെ അറുക്കരുത് എന്നാണെങ്കില്‍ ഇന്ത്യൻ കമ്പനികൾ ഒരു ദിവസം അറക്കുന്ന കന്നുകാലികളുടെ കണക്ക് നോക്കിയാൽ മതിയാകും. പെരുന്നാള്‍ വരുമ്പോള്‍ മാത്രം വരുന്ന മൃഗസ്നേഹം വെറും കാപട്യമല്ലേ എന്നതാണ് തിരിച്ചറിയപ്പെടേണ്ടത്. നരബലി ഇന്നും പലയിടങ്ങളിലായി കേൾക്കുന്നുണ്ട്. പാലം പണിക്കും കെട്ടിട നിർമാണത്തിനും പണ്ട് ഇവിടേം ബലികൾ നടന്നതായി കഥകളുണ്ട്. ഇതൊക്കെ ദുരാചാരങ്ങളല്ലേ. മുസ്ലിങ്ങളുടെ ബലിപെരുന്നാൾ വരുമ്പോൾ മാത്രമാണോ മൃഗസ്നേഹം വരുന്നത്. യുക്തിവാദികൾക്ക് കാര്യം തിരിഞ്ഞാൽ വല്ലാത്ത ക്ലാരിറ്റിയാണ്, വാദങ്ങൾക്ക് പിന്നെ ഉശിരും പുളിയും ഏറും. അതാണ് ഇവിടെ സംഭവിച്ചത്. ഉള്ളിലുള്ള പലതും പുറത്തുവരുന്നു. എന്നാലും സുഡാപ്പിനി എന്ന പ്രയോഗം ശരിയായില്ല സഹോദരീ. സെക്യുലർ ഇന്ത്യൻ എന്നാണ് പറയേണ്ടത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia