തിരുനടയില്‍ അയ്യപ്പനെ എത്ര സമയം വേണമെങ്കിലും തൊഴാം; പൊലീസ് തള്ളിമാറ്റില്ല; തീര്‍ഥാടകരുടെ എണ്ണം കൂട്ടിയിട്ടും ശബരിമലയില്‍ ഭക്തരുടെ സാന്നിധ്യത്തില്‍ കാര്യമായ വര്‍ധനയില്ല

 


ശബരിമല: (www.kvartha.com 06.12.2020) ദിവസേനയുള്ള തീര്‍ഥാടകരുടെ എണ്ണം കൂട്ടിയിട്ടും ശബരിമലയില്‍ ഭക്തരുടെ സാന്നിധ്യത്തില്‍ കാര്യമായ വര്‍ധനയില്ല. സന്നിധാനം മിക്കപ്പോഴും വിജനമാണ്. ദര്‍ശനത്തിനും പതിനെട്ടാംപടി കയറുന്നതിനും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പായിരുന്നു മുന്‍കാലങ്ങളില്‍. അയ്യപ്പനെ മതിയാവോളം കാണാനോ തൊഴാനോ കഴിയുമായിരുന്നില്ല. 

അപ്പോഴേക്കും ഉന്തും തള്ളും ഉണ്ടാകും. പൊലീസിന്റെ വക ചീത്തയും കിട്ടും. എന്നാല്‍ ഇപ്പോള്‍ കാത്തുനില്‍ക്കേണ്ടെന്നു മാത്രമല്ല, ഓരോ പടിയിലും തൊട്ടുതൊഴുതു സാവധാനം കയറാം. തിരുനടയില്‍ അയ്യപ്പനെ എത്ര സമയം വേണമെങ്കിലും തൊഴാം. പൊലീസ് തള്ളിമാറ്റില്ല. തിരുനടയില്‍ അയ്യപ്പനെ എത്ര സമയം വേണമെങ്കിലും തൊഴാം; പൊലീസ് തള്ളിമാറ്റില്ല; തീര്‍ഥാടകരുടെ എണ്ണം കൂട്ടിയിട്ടും ശബരിമലയില്‍ ഭക്തരുടെ സാന്നിധ്യത്തില്‍ കാര്യമായ വര്‍ധനയില്ല

അതുപോലെത്തന്നെ അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പനയും കുറഞ്ഞു. അയ്യപ്പ ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞാല്‍ സ്വാമി ഭക്തര്‍ അപ്പം, അരവണ വഴിപാട് കൗണ്ടറുകളിലേക്കാണ് നേരെ പോകുക. ഭക്തരുടെ ഇഷ്ട വഴിപാട് പ്രസാദമാണ് അരവണയും അപ്പവും. ഇവയുടെ വിറ്റുവരവായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാനവും. എന്നാല്‍ ഇത്തവണ തീര്‍ഥാടനം തുടങ്ങി 20 ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒരു ദിവസം ലഭിച്ച വരുമാനം പോലും കിട്ടിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് വരുമാനം 3.32 കോടി രൂപയായിരുന്നു. അതില്‍ അപ്പം വിറ്റുവരവ് 13.98 ലക്ഷവും അരവണ വിറ്റുവരവ് 1.19 കോടിയും. ഇത്തവണ അപ്പം, അരവണ വിറ്റുവരവിലൂടെ ഇതുവരെ ലഭിച്ചത് 65 ലക്ഷം രൂപ മാത്രം. അപ്പം, അരവണ എന്നിവ തയാറാക്കുന്ന തിടപ്പള്ളിയില്‍ കഴിഞ്ഞ വര്‍ഷം 450 തൊഴിലാളികളെ ദിവസവേതനത്തില്‍ നിയോഗിച്ചിരുന്നു. ഇത്തവണ 35 പേര്‍ മാത്രം.

എല്ലാ ദിവസവും അപ്പവും അരവണയും തയാറാക്കുന്നില്ല. വിറ്റഴിയുന്നതിനുസരിച്ചു മാത്രം. നട തുറക്കുന്നതിന് രണ്ടു ദിവസം മുന്‍പ് 5000 ടിന്‍ അരവണ തയാറാക്കിയിരുന്നു. അവ വിറ്റഴിക്കാന്‍ തന്നെ ദിവസങ്ങളെടുത്തു. ശനി, ഞായര്‍ ദിവസങ്ങളിലാണ് അല്‍പമെങ്കിലും വില്‍പനയുള്ളത്. 2120 ടിന്‍ അരവണ ഒരു ദിവസം വില്‍ക്കാന്‍ കഴിഞ്ഞതാണ് ഇത്തവണത്തെ റെക്കോര്‍ഡ്.

പ്രസാദ വിതരണത്തിന് നേരത്തേ 16 കൗണ്ടറുകള്‍ ഉണ്ടായിരുന്നു. ഇവിടെ എപ്പോഴും നീണ്ട ക്യൂവും കാണാം. കുറഞ്ഞത് രണ്ടര മണിക്കൂര്‍ കാത്തുനിന്നു മാത്രമേ അപ്പവും അരവണയും വാങ്ങാനാവൂ. ഇപ്പോള്‍ പതിനെട്ടാംപടിക്കു സമീപം മൂന്നു കൗണ്ടര്‍ മാത്രമാണ് തുറന്നിട്ടുള്ളത്. അവയുടെ മുന്‍പില്‍ തിരക്കേയില്ല. ഒന്നോ രണ്ടോ പേര്‍ മാത്രം.

മാളികപ്പുറത്തെ കൗണ്ടറുകള്‍ തുറന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം സന്നിധാനം കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാന്‍ പമ്പയിലും അപ്പം, അരവണ എന്നിവ വിതരണം ചെയ്തിരുന്നു. സന്നിധാനത്തുനിന്ന് ട്രാക്ടറില്‍ എത്തിച്ചായിരുന്നു വിതരണം. ഇത്തവണ പമ്പയിലെ കൗണ്ടര്‍ അടഞ്ഞു കിടക്കുന്നു. ഇന്ത്യയില്‍ എവിടെയുളള തപാല്‍ ഓഫിസിലൂടെയും ഭക്തര്‍ക്ക് അപ്പം, അരവണ പ്രസാദങ്ങള്‍ ബുക്ക് ചെയ്യാം. പണം അടച്ച് നാലു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഏതു പോസ്റ്റ് ഓഫിസ് വഴിയും മേല്‍വിലാസക്കാരനു വിതരണം ചെയ്യാനുള്ള ക്രമീകരണമുണ്ട്.

Keywords:  Despite the increase in the number of pilgrims, there has been no significant increase in the number of devotees at Sabarimala, Sabarimala Temple, Sabarimala-Mandala-Season-2020, Shabarimala Pilgrims, News, Religion, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia