Controversy | സെൻസർ ബോർഡിൽ ഒരു പള്ളീലച്ചൻ, ഒരു ഉസ്താദ്, ഒരു സ്വാമിജി എന്നിവരെ ഉടൻ നിയമിക്കണം! എമ്പുരാൻ വിവാദങ്ങൾ പറയുന്നത്


● ഒരു മതവിഭാഗത്തെ തൃപ്തിപ്പെടുത്താനായി സിനിമയെടുത്തുവെന്ന് വിമർശനം.
● ലൂസിഫർ സിനിമയുടെ പേര് സാത്താനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും വിമർശനം.
● വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചെന്ന് ആരോപണം.
● സിനിമയിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റിയതായി സൂചന.
സോണി കല്ലറയ്ക്കൽ
എമ്പുരാൻ എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ ഇവിടെ എന്തൊക്കെ ബഹളങ്ങളാണ് നടക്കുന്നത്. ഒരു മത വിഭാഗത്തെ തൃപ്തിപ്പെടുത്താൻ ഉണ്ടാക്കിയ സിനിമ എന്നു പറഞ്ഞുകൊണ്ട് മറ്റ് രണ്ട് പ്രബല മതവിഭാഗങ്ങൾ രംഗത്ത് വരുന്ന കാഴ്ചയാണ് കണ്ടത്. മോഹൻലാൽ സിനിമ ഇവിടെ റിലീസ് ആകുമ്പോൾ മമ്മൂട്ടിയോടുള്ള വിരോധം മൂലം ചിലർ പറഞ്ഞു പരത്തിയിരുന്നത് മമ്മൂട്ടിയോട് മമതയുള്ള ഒരു മതവിഭാഗമാണ് മോഹൻലാൽ സിനിമയെ എന്നും മോശമാക്കാൻ ശ്രമിക്കുന്നതെന്നാണ്. അങ്ങനെ പറഞ്ഞവർ തന്നെയാണ് മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ എന്ന സിനിമയെ അധിക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും ശ്രമിച്ചതെന്നും ഓർക്കണം.
ഇപ്പോൾ മോഹൻലാൽ ഒരു വലിയ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ ക്ഷമാപണവും ആയി രംഗത്ത് വന്നതും കണ്ടു. ചില ഭാഗങ്ങൾ വെട്ടി മാറ്റിയാണ് ഇനി ആ സിനിമ തീയേറ്ററിൽ പ്രദർശിപ്പിക്കുക. തമ്പുരാൻ എന്ന വാക്കിനെ വക്രീകരിച്ച് എമ്പുരാൻ ആക്കിയത് ക്രിസ്ത്യാനികളുടെ മതവികാരത്തെയും വ്രണപ്പെടുത്തിയെന്നാണ് ചിലർ ആക്ഷേപിക്കുന്നത്. ലൂസിഫർ എന്ന ഇവരുടെ മുൻ സിനിമയുടെ പേര് ദൈവത്തിന് ബദലായി സാത്താനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു പരത്തി. ക്രൈസ്തവ - ഹൈന്ദവ വിഭാഗങ്ങൾ ഒരു ഭാഗത്തു നിന്ന് ഒറ്റക്കെട്ടായി സിനിമയെ എതിർക്കുന്നതും മുസ്ലിം സമുദായാംഗങ്ങൾ മറുഭാഗത്തു നിന്ന് സിനിമയെ അനുകൂലിക്കുന്നതും ആണ് കണ്ടത്. ഈ സിനിമയെ വെച്ച് ചിലർ എന്ത് ആശിച്ചിരുന്നോ അത് നടന്നുവെന്ന് വ്യക്തം.
ഇവിടെ വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാർ പോലെയുള്ള സംഘടനകൾക്ക് കഴിഞ്ഞു. എതിർപ്പും യോജിപ്പും ഏറിയതിനാൽ തന്നെ പടം വലിയ ഹിറ്റാക്കാനും ചർച്ചയാക്കാനും സിനിമയുടെ അണിയറ പ്രവർത്തകർക്കും കഴിഞ്ഞു. നഷ്ടം ഇവിടെ ഈ സിനിമയ്ക്ക് വേണ്ടി പരസ്പരം പോരാടിയ സാധാരണ ജനത്തിന് തന്നെ. സിനിമയെ സിനിമയായി കാണാനുള്ള മാനസിക പക്വതയാണ് ഉണ്ടാക്കേണ്ടത്. ഇത് ഒരു സിനിമ മാത്രം. എത്രയോ സിനിമകൾ മുസ്ലിം സമുദായത്തെ മോശമാക്കി വന്നിരുന്നു. അന്നൊന്നും ആർക്കുമൊരു പ്രശ്നം ഇല്ലായിരുന്നു. ഈ സിനിമ മുസ്ലിം സമുദായത്തിന് അനുകൂലമാണെന്ന് കണ്ടപ്പോൾ ചിലരെല്ലാം ഫണം വിടർത്തി രംഗത്തു വരുന്നതാണ് കാണാൻ പറ്റിയത്. സിനിമയെന്നാൽ ഒരു കലയാണ്. അത് കാണുന്നു... പോകുന്നു.. മറക്കുന്നു... അതിനപ്പുറം ഒരു സിനിമ എന്തുണ്ടാക്കാനാണിവിടെ.
അങ്ങനെയെങ്കിൽ ഭീകര മുഹൂർത്തങ്ങളുള്ള മാർക്കോ ഒക്കെ എന്നെ നിരോധിക്കേണ്ടതായിരുന്നു. അങ്ങനെയുള്ള സിനിമ ഇവിടെ ഇറങ്ങുന്നതിൽ ആർക്കും ഒരു ബുദ്ധിമുട്ടുമില്ല. എമ്പുരാൻ ആണ് കുഴപ്പം. യേശുക്രിസ്തുവിനെ അറിഞ്ഞു ജീവിക്കുന്ന ക്രിസ്ത്യാനി വിമർശനങ്ങളെ ഭയക്കുന്നില്ല. എല്ലാ വിമർശനങ്ങളെയും ക്രിസ്ത്യാനികൾ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ക്രിസ്തു പഠിപ്പിച്ച പാഠവും അത് തന്നെയാണ്. ഒരിക്കലും ഇറങ്ങാത്ത ക്രിസ്ത്യാനികൾ വരെ ആരുടെയോ പ്രേരണയാൽ ഈ സിനിമയ്ക്കെതിരെ രംഗത്ത് വരുന്ന കാഴ്ചയാണ് കണ്ടത്. വിവിധ വിഷയങ്ങളിൽ പരസ്പരം തെരുവിൽ ഏറ്റുമുട്ടി ഉണ്ടാക്കുന്ന മാനക്കേടിൽ കൂടുതൽ എന്താണ് ഈ സിനിമ ഇവിടെ ഉണ്ടാക്കിയതെന്ന് സഭാ നേതൃത്വം ചിന്തിക്കണം.
ശരിക്കും ഉള്ള ഒരു ക്രിസ്ത്യാനിക്കും ഒരു സിനിമയും പ്രശ്നമില്ല. സിനിമ സിനിമയായി കാണാൻ ഉള്ള മൂള ക്രിസ്ത്യനിക്കുണ്ട് എന്നതാണ് സത്യം. അല്ലാത്ത സാത്താൻ സേവകരെന്ന വിളിക്കാവുന്നവർ തന്നെയാണ് ഇതിന് പിന്നിലും. ഒരു സിനിമ ഇറങ്ങിയത് കൊണ്ട് ക്രിസ്തുവിനോ ക്രിസ്ത്യാനികൾക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല ഇതിനേക്കാളും പീഡാനുഭവം അനുഭവിച്ച ഒരു വ്യക്തിയാണ് യേശു. ക്രിസ്ത്യാനികളുടെ വിശ്വാസം ഹൃദയത്തിലാണ് അതാണ് മനസ്സിലാക്കേണ്ടത്.. എന്തായാലും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സെൻസർ ബോഡിൽ ഒരു പള്ളിലച്ചൻ, ഒരു ഉസ്താദ്, ഒരു സ്വാമിജി എന്നിവരെ ഉടൻ നിയമിച്ചാൽ നന്നായിരിക്കും.
പണ്ട് ഇവരൊന്നും രാഷ്ട്രീയത്തിലും സിനിമയിലും ഒന്നും കൈ കടത്തില്ലായിരുന്നു. മതപരമായ കാര്യങ്ങൾ മാത്രം നോക്കുമായിരുന്നു. അതിൻ്റെ നന്മ ഒരോ മതത്തിലുമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ എല്ലാവരും സിനിമയിലും രാഷ്ട്രീയത്തിലും ഒക്കെ കൈ കടത്താൻ തുടങ്ങി. അതാണ് പറഞ്ഞത് ഇവരെയും സിനിമ സെൻസർ ബോർഡിൽ ഉടനെ നിയമിക്കണമെന്ന്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The Empuraan movie has sparked controversy, with allegations that it was made to appease a religious group, leading to protests from other groups. The term 'Empuraan' and the previous film 'Lucifer' have been criticized for hurting religious sentiments. There are demands to include religious leaders in the censor board to prevent such issues in the future.
#Empuraan #MovieControversy #ReligionInCinema #Mohanlal #CensorBoard #KeralaCinema