Shivaratri | മഹാശിവരാത്രി: ആലുവയില്‍ ബലിതര്‍പ്പണം 18 ന് രാത്രി വൈകി ആരംഭിച്ച് 19 ന് ഉച്ചവരെ; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറുടെ സന്ദര്‍ശനം
Feb 17, 2023, 18:19 IST
ആലുവ: (www.kvartha.com) മഹാശിവരാത്രിയോടനുബന്ധിച്ച് ബലിതര്‍പ്പണം 18 ന് രാത്രി വൈകി ആരംഭിച്ച് 19 ന് ഉച്ചവരെ നടക്കും. ബലിതര്‍പ്പണവും ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഹരിത മാര്‍ഗരേഖ പാലിച്ചായിരിക്കും ക്രമീകരണം. മഹാശിവരാത്രിയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ ഡോ. രേണു രാജ് ആലുവ മണപ്പുറം സന്ദര്‍ശിച്ചു.
ജില്ലാ ഭരണകൂടവും പൊലീസും ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. സുരക്ഷയ്ക്കായി 1000 പൊലീസുകാരെ വിന്യസിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു. ഫയര്‍ ഫോഴ്‌സിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടാകും. പ്രധാന എട്ട് പോയിന്റുകളില്‍ ആംബുലന്‍സ് സേവനമുണ്ടാകും. മെഡികല്‍ ടീമും സ്ഥലത്തുണ്ടാകും.
ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ ബാരികേഡ് സ്ഥാപിക്കലും ശുചീകരണവും പുരോഗമിക്കുകയാണ്. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാര മേള, അമ്യൂസ്‌മെന്റ് പാര്‍കുകള്‍ തുടങ്ങിയവയുടെ ക്രമീകരണങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധനാ ലാബുകള്‍ ക്രമീകരിക്കും. ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പെടെ കെ എസ് ആര്‍ ടി സി 210 അധിക സര്‍വീസുകള്‍ നടത്തും. ടാക്‌സി വാഹനങ്ങള്‍ അമിത കൂലി ഈടാക്കുന്നത് തടയുന്നതിനായി റീജിയനല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തും.
24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെ എസ് ഇ ബി സ്വീകരിച്ചിട്ടുണ്ട്. ജെനറേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാന്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും രംഗത്തിറങ്ങും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യും.
ക്ഷേത്രം ഭാരവാഹികളുടെ യോഗം നേരത്തേ ചേര്‍ന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസുമായി ചര്‍ച ചെയ്ത് വിലയിരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. എക്സിക്യൂടീവ് മജിസ്ട്രേറ്റ് സുനില്‍ മാത്യു, ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍, വിവധ വകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
Keywords: Aluva: Shivaratri Balitharpanam starts late night on 18th and ends on 19th, Aluva, News, Festival, Religion, District Collector, Visit, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.