Rejects Apology | ഗര്‍ഭിണിയായിരിക്കെ ചെയ്യാത്ത തെറ്റിന് ജയിലില്‍ കഴിയേണ്ടി വന്നു; 12 വര്‍ഷത്തിനുശേഷം കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞു; മാപ്പപേക്ഷ തള്ളിക്കളഞ്ഞ് സീമ മിശ്ര; ഋഷി സുനകിന് കയ്യടി


കേസില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സുനക് ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ മാസം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു
സീമയ്ക്ക് നേരിടേണ്ടി വന്നത് 75,000 ബ്രിടിഷ് പൗണ്ടിന്റെ അഴിമതിയാരോപണം
ലന്‍ഡന്‍: (KVARTHA) ഏറെ പ്രമാദമായ യുകെയിലെ പോസ്റ്റല്‍ അഴിമതിക്കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തില്‍ ഋഷി സുനക് സര്‍കാരിന് കൂടി കയ്യടിക്കുകയാണ് യുകെയിലെ ഇന്‍ഡ്യന്‍ സമൂഹം. കാരണം, അന്ന് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിഞ്ഞവരെല്ലാം നിരപരാധിയാണെന്ന് കണ്ടെത്തിയിരിക്കുന്നു. കേസില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സുനക് ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ മാസം ഇങ്ങനെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് ഋഷി സുനക് സര്‍കാരിന് യുകെയിലെ ഇന്‍ഡ്യന്‍ സമൂഹം കയ്യടിക്കുന്നത്.
എന്നാല്‍ ഒരു കാലത്ത് തനിക്കെതിരെ ആരോപണം ഉന്നയിച്ചവരുടെ മാപ്പപേക്ഷ തള്ളിക്കളയുകയാണ് അന്ന് കുറ്റം ചുമത്തപ്പെട്ട് ജയിലടയ്ക്കപ്പെട്ട ഇന്‍ഡ്യന്‍ വംശജയും പോസ്റ്റല്‍ ഡിപാര്‍ട്‌മെന്റിലെ സബ് പോസ്റ്റ് മിസ്ട്രസുമായിരുന്ന സീമ മിശ്ര. മാപ്പപേക്ഷിക്കേണ്ടത് തന്നോടല്ലെന്നും ജയിലില്‍ അടയ്ക്കുമ്പോള്‍ തന്റെ വയറ്റില്‍ രണ്ടു മാസം പ്രായമുണ്ടായിരുന്ന ഇളയ മകനോടാണെന്നുമാണ് സീമ പറയുന്നത്. ഫുജിട് സു എന്‍ജിനീയര്‍ ഗരേത് ജങ്കിന്‍സ് ആണ് സീമയോട് മാപ്പ് ചോദിച്ചത്. ആ മാപ്പപേക്ഷയാണ് സീമ നിരസിച്ചത്.
2021 ല്‍ ആണ് സീമ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി യുകെ കോടതി അവരെ കുറ്റവിമുക്തയാക്കിയത്. 1999 ല്‍ യുകെ പോസ്റ്റല്‍ ഡിപാര്‍ട് മെന്റിനായി ജപാനിലെ ഫുജിട് സു കംപനി നിര്‍മിച്ച ഹൊറൈസന്‍ എന്ന അകൗണ്ടിങ് സോഫ് റ്റ് വെയറായിരുന്നു എല്ലാ പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിവച്ചത്. പലപ്പോഴും, നല്‍കുന്ന കണക്കിനേക്കാള്‍ വലിയ തുകയാണ് സോഫ് റ്റ് വെയറില്‍ കാണിച്ചിരുന്നത്.
ഇതോടെ സോഫ് റ്റ് വെയര്‍ ഉപയോഗിച്ചിരുന്ന സീമ മിശ്രയെ പോലുള്ള നൂറുകണക്കിന് പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നേരെ പോസ്റ്റല്‍ ഡിപാര്‍ട് മെന്റില്‍ നിന്നു തന്നെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. സോഫ് റ്റ് വെയറിന് പിഴവില്ലെന്നും ജീവനക്കാരാണ് പണം നഷ്ടമായതിന് ഉത്തരവാദികളെന്നുമായിരുന്നു പോസ്റ്റല്‍ വകുപ്പിന്റെ വാദം.
ഇതോടെ ജീവനക്കാര്‍ക്കെതിരെ കുറ്റം ചുമത്തുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. അത്തരത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ടതാണ് സീമ മിശ്രയും. രണ്ടു മാസം ഗര്‍ഭിണിയായിരിക്കെയാണ് 2009 ല്‍ സീമ മിശ്ര കേസില്‍പ്പെട്ട് ജയിലിലായത്. 75,000 ബ്രിടിഷ് പൗണ്ടിന്റെ (2009 ലെ വിനിമയ നിരക്കനുസരിച്ച് ഏകദേശം 56 ലക്ഷം ഇന്‍ഡ്യന്‍ രൂപ) അഴിമതിയാരോപണമാണ് സീമയ്ക്ക് നേരിടേണ്ടി വന്നത്.
സോഫ് റ്റ് വെയറിന്റെ തകരാറാണെന്നും താന്‍ നിരപരാധിയാണെന്നും കോടതിയില്‍ കേണപേക്ഷിച്ചെങ്കിലും സീമയെ തെക്ക് കിഴക്കന്‍ ഇംഗ്ലന്‍ഡിലെ ബ്രോണ്‍സ് ഫീല്‍ഡ് ജയിലില്‍ അടയ്ക്കുകയായിരുന്നു. നാലര മാസം സീമയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നു. ജയില്‍മോചിതയായി വൈകാതെ തന്നെ സീമ തന്റെ ഇളയ മകന് ജന്മം നല്‍കി. സീമ ഉള്‍പെടെ 900 ലേറെ പോസ്റ്റ് ഓഫിസ് ജീവനക്കാരാണ് അന്ന് കേസില്‍ അകപ്പെട്ടത്.