മനുഷ്യരാശി കണ്ട മഹാദുരന്തം: ഒന്നാം ലോകമഹായുദ്ധത്തിന്റെ 111-ാം വാർഷികം


● സമാനമായ സാധാരണ പൗരന്മാരും യുദ്ധത്തിൽ മരിച്ചു.
● ഓസ്ട്രിയൻ കിരീടാവകാശിയുടെ വധമാണ് യുദ്ധത്തിന് കാരണം.
● റഷ്യ-യുക്രൈൻ, ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങൾ തുടരുന്നു.
● യുദ്ധം വികസനത്തെയും ജീവിതത്തെയും നശിപ്പിക്കുന്നു.
നവോദിത്ത് ബാബു
(KVARTHA) യൂറോപ്പ് കേന്ദ്രീകരിച്ച് 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നീണ്ടുനിന്ന, ലോക ചരിത്രത്തിലെ മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ ഏറ്റവും വലുതായ ഒന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടിട്ട് ഇന്ന് (ജൂലൈ 28) 111 വർഷം തികയുന്നു.
യുദ്ധം എന്നത് അതിന്റെ ഭാഗമാകാത്തവരെ സംബന്ധിച്ചിടത്തോളം എവിടെയോ എങ്ങോ നടക്കുന്ന ചില സംഘർഷങ്ങൾ മാത്രമാണ്. അതിന്റെ പ്രത്യാഘാതങ്ങൾ നമ്മളെ നേരിട്ട് ബാധിക്കാത്തതിനാൽ അവർക്ക് അത് കേവലം ഒരു സംഭവം മാത്രം.

എന്നാൽ, ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ആ പ്രദേശങ്ങളിൽ ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിക്കാനുള്ള മനുഷ്യാവകാശങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ടിരിക്കുകയാണ്.
ഭക്ഷണത്തിനുവേണ്ടി ക്യൂ നിൽക്കുന്നവർക്ക് നേരെയും ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾക്കു നേരെയും വെടിയുതിർത്ത് എത്രയോ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ അനുദിനം വന്നുകൊണ്ടിരിക്കുന്നു.
റഷ്യ-യുക്രൈൻ സംഘർഷം, ഇസ്രായേൽ-പാലസ്തീൻ സംഘർഷം തുടങ്ങിയവ ഇന്നും ഒരു ശമനവുമില്ലാതെ തുടരുകയാണ്. പശ്ചിമേഷ്യയിൽ നടന്ന ഇറാൻ-ഇസ്രായേൽ സംഘർഷം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങി ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴിതെളിക്കുമോ എന്ന ആശങ്ക പോലും ജനങ്ങൾക്കിടയിൽ പടർന്നിരുന്നു.
പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ മതത്തിന്റെ പേര് നോക്കി വെടിവെച്ചുകൊന്ന് ഇന്ത്യയിൽ വർഗീയ സംഘർഷം സൃഷ്ടിക്കുവാനും അതുവഴി ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുവാനും ശ്രമിച്ചെങ്കിലും, പാകിസ്ഥാൻ ഭീകരവാദത്തെ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർത്തതിനാൽ പാകിസ്ഥാന്റെ മോഹങ്ങൾ സഫലമാകാതെ പോകുകയും ഒരു പൂർണ്ണ യുദ്ധം എന്ന സ്ഥിതിയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തു.
യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിവരണാതീതമാണ്. മനുഷ്യർക്ക് ജീവിക്കാനുള്ള അവരുടെ അവകാശമായ താമസിക്കാൻ വാസഗൃഹമോ, കുടിക്കാൻ ശുദ്ധജലമോ, ധരിക്കാൻ വസ്ത്രമോ, കഴിക്കാൻ ആഹാരമോ ഇല്ലാതെ നിരപരാധികളായ ജനങ്ങൾ പരിഹാരമില്ലാത്ത തെരുവുകളിലെ നിത്യദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ് അനന്തരഫലം.
ഈ സമയത്താണ് ലോകം കണ്ട ഏറ്റവും വലിയ കൊടും ദുരന്തങ്ങളിൽ ഒന്നായ ഒന്നാം ലോകമഹായുദ്ധത്തിന്റെ വാർഷിക ദിനം കടന്നുവരുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിൽ ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ ഇരുഭാഗങ്ങളിലായി പങ്കുചേർന്നിരുന്നു. റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യശക്തികളും, ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബെൽജിയം, ഓട്ടോമൻ സാമ്രാജ്യം എന്നീ രാജ്യങ്ങൾ ചേർന്ന കേന്ദ്രീയ ശക്തികളും തമ്മിലായിരുന്നു യുദ്ധം.
ലോകം കണ്ട ഏറ്റവും ക്രൂരമായ യുദ്ധങ്ങളിൽ ഒന്നായ ഇതിൽ 90 ലക്ഷത്തിലേറെ ഭടന്മാരും ഏകദേശം അതിനു സമാനമായി സാധാരണ പൗരന്മാരും കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
ഓസ്ട്രിയൻ കിരീടാവകാശിയായ ഫെർഡിനൻഡ് രാജകുമാരനെയും ഭാര്യയെയും 1914 ജൂൺ 28-ന് സെർബിയയിലെ ബോസ്നിയയിൽ വെച്ച് വെടിവെച്ചു കൊന്നതാണ് യുദ്ധത്തിന് മൂലഹേതു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പറഞ്ഞ് അന്നേ ദിവസം തന്നെ സെർബിയക്കെതിരെ ഓസ്ട്രിയ പ്രഖ്യാപിച്ച യുദ്ധമാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം.
തുടർന്നുണ്ടായ പ്രത്യാഘാതങ്ങളെ തുടർന്ന്, ലോകരാജ്യങ്ങൾ ഇരുപക്ഷത്തുമായി അണിചേരുന്നതിനാണ് ലോകം തുടർന്ന് സാക്ഷ്യം വഹിച്ചത്. പിന്നീട് നാല് വർഷത്തോളം ലോകം സംഘർഷഭരിതമായി. ആകാശം യുദ്ധക്കളമായി, വിഷവാതകപ്രയോഗങ്ങൾ നടന്നു. ഇതുവരെ ലോകം ദർശിക്കാത്ത നിരവധി യുദ്ധരീതികളും ഒന്നാം ലോകമഹായുദ്ധത്തിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.
1918 നവംബർ 11-ന് സമാധാന കരാർ ഒപ്പിട്ടതോടുകൂടി യുദ്ധത്തിന് പരിസമാപ്തിയായെങ്കിലും, അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ എത്ര തലമുറ കഴിഞ്ഞാലും ലോകത്തിൽ നിന്ന് മായല്ല എന്നത് പൂർണ്ണ സത്യമാണ്.
ലോകത്തിലെ വിവിധ രാജ്യങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ആയുധ സമ്പാദനത്തിലേക്ക് മാറ്റിവെക്കേണ്ടി വരികയും അതുവഴി രാജ്യത്തിലെ ജനങ്ങൾക്ക് അനുഭവവേദ്യമാകേണ്ട വികസന ഗുണങ്ങളും ജീവിക്കാനുള്ള അവരുടെ അവകാശവും സന്തോഷവും എന്നെന്നേക്കുമായി നഷ്ടപ്പെടുകയും മാത്രമാണ് യുദ്ധത്തിന്റെ അനന്തരഫലം എന്നിരിക്കെ, വീണ്ടും ഒരു മഹായുദ്ധം എന്നത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രമാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഈ വാർഷിക വേളയിൽ സമാധാന പ്രേമികൾക്ക് പറയാനുള്ളത്.
ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: WWI's 111th anniversary marks a human tragedy; a call for global peace.
#WorldWarI #WWI #History #GlobalPeace #WarAnniversary #NeverAgain