സത്യത്തിൻ്റെ ശബ്ദത്തെ അടിച്ചമർത്താനാവില്ല: ലോക മാധ്യമ സ്വാതന്ത്ര്യ ദിനം


● 2015-24 കാലയളവിൽ 757 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
● 2024ൽ മാത്രം 122 മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായി.
● ഗാസയിൽ 82 പാലസ്തീനിയൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
● ഇന്ത്യയുടെ പത്രസ്വാതന്ത്ര്യ സൂചികയിലെ സ്ഥാനം 150-160 നും ഇടയിൽ.
● കോർപ്പറേറ്റുകൾ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥ.
● അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം.
നവോദിത്ത് ബാബു
(KVARTHA): മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനം. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർക്കും, സത്യം വിളിച്ചുപറയാൻ ധൈര്യം കാണിക്കുന്നവർക്കുമുള്ള ദിനം. എന്നാൽ, പലയിടത്തും ആഘോഷങ്ങളോ അനുസ്മരണകളോ ഇല്ലാതെ കടന്നുപോകുന്ന ഒരു സാധാരണ ദിനം പോലെയാണിന്ന്.
കോർപ്പറേറ്റുകളും മൂലധന ശക്തികളും മാധ്യമങ്ങളെ വരുതിയിലാക്കിയിരിക്കുന്ന ഈ കാലഘട്ടത്തിൽ, യഥാർത്ഥ പത്രസ്വാതന്ത്ര്യം എന്നത് ഒരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. കണക്കുകൾ പ്രകാരം 2015 മുതൽ 2024 വരെ 757 പത്രപ്രവർത്തകർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്നു എന്നത് ഞെട്ടിക്കുന്ന സത്യമാണ്.
അന്താരാഷ്ട്ര പത്രപ്രവർത്തക യൂണിയൻ്റെ 34-ാമത് റിപ്പോർട്ട് പ്രകാരം 2024-ൽ മാത്രം 14 വനിതകൾ ഉൾപ്പെടെ 122 മാധ്യമപ്രവർത്തകർ വിവിധ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു. പത്രപ്രവർത്തന ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ വർഷമായിരുന്നു അത്. ഇതിൽ 70 ശതമാനത്തോളം പേരും ഇസ്രായേൽ ഗാസ സൈനിക നടപടികൾക്കിടയിലാണ് ജീവൻ വെടിഞ്ഞത്. ഗാസയിൽ മാത്രം 82 പാലസ്തീനിയൻ പത്രപ്രവർത്തകർ കൊല്ലപ്പെട്ടു എന്നത് ഭീകരമായ യാഥാർത്ഥ്യമാണ്.
അന്വേഷണാത്മക പത്രപ്രവർത്തകനായ മുകേഷ് ചന്ദ്രർക്കർ അഴിമതി ആരോപണം പുറത്തുകൊണ്ടുവന്നതിൻ്റെ പേരിൽ ഛത്തീസ്ഗഡിൽ സെപ്റ്റിക് ടാങ്കിൽ കൊല്ലപ്പെട്ടതും ഈ വർഷം തന്നെയാണ്. ഈ കേസിൽ കോൺട്രാക്ടറും കുടുംബാംഗങ്ങളുമാണ് പ്രതികൾ.
പത്രസ്വാതന്ത്ര്യം നിരവധി വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ, നിഷ്പക്ഷമായ പത്രപ്രവർത്തനത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം. അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1991-ലെ യുനെസ്കോയുടെ ജനറൽ കോൺഫറൻസിൻ്റെ ശുപാർശയെ തുടർന്ന് 1993-ൽ യുഎൻ ജനറൽ അസംബ്ലി മെയ് 3 പത്രസ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു. 1994-ലാണ് ആദ്യ ദിനാചരണം നടന്നത്.
ദൈനംദിന വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിൽ ജീവൻ വെടിഞ്ഞ ധീരരായ മാധ്യമപ്രവർത്തകർക്കും, ജയിൽവാസം അനുഭവിക്കേണ്ടി വന്നവർക്കും ഈ ദിനം ആദരവ് അർപ്പിക്കുന്നു. അവരുടെ സംഭാവനകളെ ലോകം ഓർക്കണം. പത്രസ്വാതന്ത്ര്യത്തിൻ്റെ ആവശ്യം ഭരണകൂടങ്ങളെ ബോധ്യപ്പെടുത്തുക എന്നതും ഈ ദിനാചരണത്തിൻ്റെ ലക്ഷ്യമാണ്.
ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്വതന്ത്രമായ അഭിപ്രായപ്രകടനം ഒരു മരീചികയായി മാറുകയാണ്. ഭീഷണികൾ, അക്രമങ്ങൾ, സെൻസർഷിപ്പുകൾ എന്നിവയിലൂടെ ഭരണകൂട ഭീകരത സ്വതന്ത്ര പത്രപ്രവർത്തനത്തെ വേട്ടയാടുന്നത് പല രാജ്യങ്ങളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഭീതിതമായ അവസ്ഥയാണ്. വാർത്താ ശേഖരണത്തിലും, അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും മാധ്യമപ്രവർത്തകർക്ക് പലയിടത്തും വലിയ പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു.
പാരീസ് ആസ്ഥാനമായ സന്നദ്ധ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡെക്സ് പ്രകാരം 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 150-നും 160-നും ഇടയിലാണ് എന്നത് ലജ്ജാകരമായ വസ്തുതയാണ്.
പത്ര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർക്കുള്ള യുനെസ്കോയുടെ ഗില്ലെർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് വിതരണം ചെയ്യുന്നതും ഇന്നാണ്. വാർത്തകളുടെ ശേഖരണത്തിലൂടെയും പ്രസിദ്ധീകരണത്തിലൂടെയുമാണ് പത്രപ്രവർത്തനത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി വാർത്താ പത്രം വിതരണം ചെയ്തത്. 1920 മുതലാണ് ആധുനിക പത്ര പ്രവർത്തനത്തിന് തുടക്കമാകുന്നത്.
ജനാധിപത്യത്തിൻ്റെ നാലാം സ്തംഭം എന്ന് മാധ്യമപ്രവർത്തനത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, സത്യം കണ്ടെത്താനായി മാധ്യമപ്രവർത്തകർ ഇന്ന് ഏറെ വിയർപ്പൊഴുക്കേണ്ടി വരുന്നു. ലോകത്തിൽ എല്ലായിടത്തും, പ്രത്യേകിച്ചും ഇന്ത്യയിൽ, മൂലധന ശക്തികൾ മാധ്യമങ്ങളെ കൈയടക്കിയതോടെ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വാർത്തകൾ മാത്രം പുറത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗൗതം അദാനി എൻഡിടിവി ഏറ്റെടുത്തതും, മുകേഷ് അംബാനി നെറ്റ്‌വർക്ക് 18 മീഡിയ കൈവശപ്പെടുത്തിയതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. അധികാര കേന്ദ്രങ്ങളുമായി ബന്ധമുള്ള സമ്പന്നരുടെ കയ്യിൽ വാർത്താമാധ്യമങ്ങളുടെ നിയന്ത്രണം വരുന്നത് വഴി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, വക്കം അബ്ദുൽ ഖാദർ മൗലവിയും, ജെയിംസ് അഗസ്റ്റിസ് ഹിക്കിയും മാതൃകയാക്കിയ നിർഭയ പത്രപ്രവർത്തനം ഇന്ന് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു
.
വസ്തുതകൾ അന്വേഷിച്ചു പോകാൻ ശേഷിയില്ലാത്ത സാധാരണക്കാർ മാധ്യമങ്ങൾ വിളമ്പുന്നത് മാത്രം വിശ്വസിക്കേണ്ട അവസ്ഥയിലാണ്. സ്വതന്ത്ര പത്രപ്രവർത്തനത്തെ സ്നേഹിക്കുന്നവർ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും എന്ന് പ്രത്യാശിക്കാം
മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനം എങ്ങനെ സംരക്ഷിക്കാനാവും? ലോക പത്രസ്വാതന്ത്ര്യ ദിനത്തിൻ്റെ പ്രാധാന്യം എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: May 3rd is World Press Freedom Day, highlighting the dangers journalists face globally and the importance of a free press. The article discusses the increasing control of media by corporations, the high number of journalists killed, and India's low ranking in the Press Freedom Index. It emphasises the need for unbiased journalism..
#WorldPressFreedomDay, #PressFreedom, #JournalistSafety, #MediaBias, #FreedomOfSpeech, #India