ലോക ജനസംഖ്യാ ദിനം: ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തുന്നു, മാറുന്ന കാഴ്ചപ്പാടുകൾ


● ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്.
● ചൈനയെ മറികടന്നത് 2023-24 കാലഘട്ടത്തിൽ.
● ജനസംഖ്യാ വർദ്ധന ഇപ്പോൾ നേട്ടമായി കാണുന്നു.
● 2050-ഓടെ ഇന്ത്യയിൽ 160 കോടി ജനങ്ങൾ ഉണ്ടാകും.
ഭാമനാവത്ത്
(KVARTHA) ലോക ജനസംഖ്യാ ദിനം ഇന്ന് (ജൂലൈ 11) ആചരിക്കുന്നു. എല്ലാ വർഷവും ജൂലൈ 11 ന് ആചരിക്കുന്ന ഒരു അന്താരാഷ്ട്ര ദിനാചരണ പരിപാടിയാണിത്. ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായി 1989-ൽ ഐക്യരാഷ്ട്ര വികസന പരിപാടിയുടെ (UNDP) കൗൺസിലാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.
1987 ജൂലൈ 11 ന് ലോക ജനസംഖ്യ 500 കോടി കവിഞ്ഞതിന്റെ ഓർമ്മയിൽ നിന്നാണ് ജൂലൈ 11 ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. പരിധിവിട്ട ജനസംഖ്യാ വർദ്ധന നിയന്ത്രിക്കൽ, ലിംഗസമത്വം ഉറപ്പാക്കൽ, ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രകൃതി വിഭവങ്ങൾ സമമായി പങ്കുവെക്കാനുള്ള സാഹചര്യം ഉണ്ടാക്കൽ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച് അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.
ലോകബാങ്കിൽ വാഷിംഗ്ടണിലെ സീനിയർ ഡെമോഗ്രഫർ ആയി ജോലി ചെയ്യുന്ന കാലത്ത്, മലയാളിയായ ജനസംഖ്യാ ശാസ്ത്രജ്ഞൻ ഡോക്ടർ കെ.സി. സക്കറിയയാണ് ലോക ജനസംഖ്യാ ദിനാചരണം സംബന്ധിച്ച ആശയം ആദ്യമായി അവതരിപ്പിച്ചതും ലോക ജനസംഖ്യ 500 കോടി കടന്ന ഈ ദിനം അതിനായി നിർദ്ദേശിച്ചതും. ഈ നിർദ്ദേശം അംഗീകരിച്ചാണ് 1990 മുതൽ ജനസംഖ്യാ ദിനം ആചരിച്ചു വരുന്നത്.
എന്നാൽ ദിനാചരണം ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും, എന്തിനുവേണ്ടിയാണോ ദിനാചരണം തുടങ്ങിയത് അതിൽനിന്ന് പിന്നോട്ട് പോകേണ്ട സാഹചര്യത്തിലേക്കാണ് നിലവിൽ ലോകരാജ്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.
വിഭവങ്ങളുടെ അമിത ഉപയോഗത്തിന് കാരണമാകുന്ന ഒന്നായിരുന്നു ജനസംഖ്യാ വർദ്ധനയെ ലോകരാജ്യങ്ങൾ കണ്ടിരുന്നതെങ്കിൽ, ഇന്ന് ജനങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന ചിന്താഗതിയിലേക്ക് എത്തിയിരിക്കുകയാണ്.
മാനവ വിഭവശേഷിയെ പരമാവധി ഉപയോഗപ്പെടുത്താൻ സുസ്ഥിര വികസനത്തിന് അതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ സമസ്ത മേഖലകളിലും രാജ്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു എന്നതാണ് നിലവിലെ അവസ്ഥ.
ജനസംഖ്യാ വർദ്ധനയെ കണ്ണടച്ച് എതിർക്കേണ്ടതില്ലെന്നും, അവർക്ക് ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയാൽ മതി എന്നുമാണ് ഭരണകൂടത്തിന്റെ പുതിയ കണക്കുകൂട്ടൽ.
ലോക ജനസംഖ്യയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇന്ത്യയാണ്. 2023-24 കാലഘട്ടത്തോടുകൂടി ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി.
നിലവിലെ ജനസംഖ്യാ വർദ്ധന രീതി തുടരുകയാണെങ്കിൽ 2050 ആകുമ്പോൾ ഇന്ത്യയിൽ 160 കോടി ആളുകൾ ഉണ്ടാകുമ്പോൾ, ചൈനയിൽ ജനസംഖ്യ 131 കോടിയായി ചുരുങ്ങുകയും തൊഴിൽ ചെയ്യാൻ ആളെ കിട്ടാതെ വൃദ്ധസമൂഹമായി ചൈന മാറുമെന്ന സാമ്പത്തിക പ്രത്യാഘാതവും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.
സന്തുലിത ജനസംഖ്യാ നിയന്ത്രണ പോളിസി നടപ്പാക്കുന്നതിനു പകരം നിർബന്ധപൂർവമുള്ള നടപടി വഴി ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയത് വികസന മുരടിപ്പിലേക്കും നീങ്ങുമെന്നും, മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലിനായി ആളെ എടുക്കേണ്ട സാഹചര്യം വരുമെന്നും യു.എൻ. ചൂണ്ടിക്കാട്ടുന്നു.
ലോക ജനസംഖ്യ 800 കോടി കടന്നു കഴിഞ്ഞു എന്നാണ് പറയുന്നത്. ജനസംഖ്യാ വർദ്ധനവ് സംബന്ധിച്ചുള്ള ഭീതിതമായ കണക്കുകൂട്ടൽ ഇപ്പോൾ കുറഞ്ഞു വരുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. 1950-ന് ശേഷം 2020 മുതൽ ആദ്യമായി ജനസംഖ്യാ വർദ്ധനവ് ഒരു ശതമാനത്തിൽ താഴെ എത്തിയതായും കണക്കുകൾ പറയുന്നു.
2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലായി ചുരുങ്ങും എന്നുമാണ് കാണുന്നത്.
2030-ൽ ലോക ജനസംഖ്യ 850 കോടിയിലേക്കും, 2050-ൽ 970 കോടിയിലേക്കും, 2080-ൽ ആയിരം കോടിയിലേക്കും കടക്കും എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പറയുന്നത്. എന്നാൽ അതിനുശേഷം ലോക ജനസംഖ്യയിൽ വർദ്ധന ഉണ്ടാകില്ലെന്നും, ഇതേ നിരക്കിൽ നൂറ് വർഷത്തിലേറെ തുടരുമെന്നും വിദഗ്ധ പഠനം പറയുന്നു.
ജനസംഖ്യാ വർദ്ധനയെ നെഗറ്റീവ് ആയി കാണേണ്ട കാര്യമില്ലെന്നും, സാമ്പത്തിക സുസ്ഥിരതയുള്ള രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ജനങ്ങളുടെ വർദ്ധന രാജ്യ വികസനത്തിൽ പുത്തൻ പ്രവണതകൾ സൃഷ്ടിക്കുകയും വ്യക്തിഗത വരുമാനം വർദ്ധിക്കുകയും ചെയ്യുമെന്നുമാണ് വിദഗ്ധ മതം.
ജനസംഖ്യാ വർദ്ധനയിൽ ചില രാജ്യങ്ങൾ അനുഭവിക്കുന്ന കുറവ് അവയുടെ വികസന നയത്തെ പിന്നോട്ട് വലിക്കുന്ന കാഴ്ചയും ഇപ്പോൾ ചർച്ചാവിഷയമാണ്. ആരോഗ്യ രംഗത്തുണ്ടായ വളർച്ചയും ജനമനസ്സിലെ കാഴ്ചപ്പാടുകളിൽ ഉണ്ടായ മാറ്റവും പൊതുവേ ജനസംഖ്യ കുറയുന്ന പ്രവണത പല രാജ്യങ്ങളിലും ഉണ്ടായിരിക്കുകയും, അത് വളരുകയും ചെയ്തതാണ് വർത്തമാനകാലത്തിന്റെയും വരുംകാലങ്ങളുടെയും സവിശേഷത എന്ന് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം സംബന്ധിച്ച രേഖകളിൽ പറയുന്നു.
ലോക ജനസംഖ്യാ ദിനത്തെയും ജനസംഖ്യാ വർദ്ധനയെക്കുറിച്ചുള്ള മാറുന്ന കാഴ്ചപ്പാടുകളെയും കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: World Population Day (July 11) is observed as India tops global population. The perspective on population growth is shifting from a burden to a resource for economic development.
#WorldPopulationDay #IndiaPopulation #PopulationGrowth #Demographics #SustainableDevelopment #GlobalPopulation