

● 1975-ൽ ലോകാരോഗ്യ സംഘടന ഒആർഎസ് പ്രാധാന്യം തിരിച്ചറിഞ്ഞു.
● ഉപ്പും പഞ്ചസാരയും ലവണങ്ങളും ചേർന്ന ലായനിയാണ് ഒആർഎസ്.
● ഡോ. ബി. ഇക്ബാൽ ഒആർഎസിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
● മഴക്കാലത്ത് ഒആർഎസ് വീടുകളിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യം.
നവോദിത്ത് ബാബു
(KVARTHA) നിർജ്ജലീകരണം ഒഴിവാക്കാനുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് ഓറൽ റീഹൈഡ്രേഷൻ സാൾട്ട് (ORS). വയറിളക്ക രോഗങ്ങൾ മൂലം നിരവധി കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ, അതിനെതിരെയുള്ള ശക്തമായ പ്രതിരോധമായി ഒആർഎസ് സാർവത്രികമായി പ്രയോഗത്തിൽ വന്നതിൻ്റെ ഓർമ്മയ്ക്കായി ഇന്ന് (ജൂലൈ 29) ലോകമെമ്പാടും ഒആർഎസ് ദിനം ആചരിക്കുന്നു.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലെ മരണങ്ങൾക്ക് ഒരു പ്രധാന കാരണമാണ് വയറിളക്ക രോഗങ്ങൾ. വയറിളക്കത്തിലൂടെ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നത് വഴി നിർജ്ജലീകരണം സംഭവിക്കുകയും, അതുമൂലം മരണം സംഭവിക്കുകയുമാണ് പതിവ്.
ലോകത്ത് ദശലക്ഷക്കണക്കിന് കുട്ടികൾ നിർജ്ജലീകരണം കാരണം മരണപ്പെട്ട ചരിത്രമുണ്ട്. ഇതിനെതിരെയുള്ള ചരിത്രം സൃഷ്ടിച്ച ഒറ്റമൂലിയായിരുന്നു ഒആർഎസ് എന്ന അത്ഭുത ലായനിയുടെ കണ്ടുപിടുത്തം. ഈ ലായനിയുടെ ആവിർഭാവത്തോടെയും അത് ലോകമെമ്പാടും ഉപയോഗിക്കുന്ന അവസ്ഥ വന്നതോടുകൂടിയും മരണനിരക്കിൽ ഗണ്യമായ കുറവ് വരുത്താൻ ശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട്.
1975-ലാണ് ലോകാരോഗ്യ സംഘടനയും യൂണിസെഫും ഒആർഎസ് ലായനിയുടെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് വയറിളക്ക ചികിത്സയുടെ ഭാഗമാക്കിയത്. ഉപ്പും പഞ്ചസാരയും ലവണങ്ങളും കൃത്യമായ അനുപാതത്തിലുള്ള ഒരു ലായനിയാണ് ഒആർഎസ്. സോഡിയം ക്ലോറൈഡ്, ഗ്ലൂക്കോസ്, പൊട്ടാസ്യം സിട്രേറ്റ് എന്നിവയാണ് പ്രധാന ഘടകങ്ങൾ.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും ചിലവ് കുറഞ്ഞതുമായ ഈ ലായനി, വയറിളക്കം ബാധിച്ച കുട്ടികളിൽ നിർജ്ജലീകരണം കാരണം മരണം സംഭവിക്കുന്നത് ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഏറെ പര്യാപ്തമാണ്.
പ്രശസ്ത ആരോഗ്യ പ്രവർത്തകനായ ഡോക്ടർ ബി. ഇക്ബാലിൻ്റെ ലേഖനത്തിൽ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായി ഒആർഎസ് ലായനിയുടെ കണ്ടുപിടുത്തത്തെ യൂണിസെഫ് വിശേഷിപ്പിച്ചത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശരീരത്തിൽ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന വിഷൂചിക (കോളറ), ഷിഗല്ല തുടങ്ങിയ രോഗങ്ങൾ തടയാൻ ഒആർഎസ് ലായനിയുടെ തക്ക സമയത്തുള്ള വിനിയോഗം സഹായിക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഒആർഎസിൻറെ വിവിധ രൂപങ്ങളിലുള്ള ഉപയോഗം ലോകത്തിൽ പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ബംഗാളുകാരനായ ഡോക്ടർ ഹെമേന്ദ്രനാഥ് ചാറ്റർജിയാണ് ആദ്യമായി ഒആർഎസിൻറെ ശാസ്ത്രീയ അടിത്തറ പരസ്യപ്പെടുത്തിയത്.
ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, വരണ്ട ചർമ്മം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നിരന്തര ക്ഷീണം തുടങ്ങിയവയാണ് നിർജ്ജലീകരണത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.
ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ നിർദ്ദേശാനുസരണം കൃത്യമായ അളവുകളിൽ, കൃത്യമായ ഇടവേളകളിലായി ഒആർഎസ് ലായനി നൽകിയാൽ രോഗത്തിൽ നിന്നും വിമുക്തി നേടാൻ സാധിക്കുന്നതാണ്.
മഴക്കാല രോഗങ്ങൾ ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ള ഈ കാലഘട്ടത്തിൽ, കുട്ടികളുള്ള വീടുകളിൽ ഒആർഎസ് പാക്കറ്റുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതും ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാൻ രക്ഷിതാക്കൾക്ക് അതിനെപ്പറ്റി ബോധവൽക്കരണം നൽകേണ്ടതും അത്യാവശ്യമാണ്. വീടുകളിൽ നാം തയ്യാറാക്കുന്ന ഈ ലായനി 24 മണിക്കൂറിനകം നിർബന്ധമായും ഉപയോഗിച്ചിരിക്കേണ്ടതാണ് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഒആർഎസ് ലായനിയുടെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: July 29 is World ORS Day, highlighting its role in saving lives.
#ORSday #WorldORSday #ORS #Dehydration #PublicHealth #ChildHealth