മെയ് 05: ലോക കാർട്ടൂണിസ്റ്റ് ദിനം; ഒരു ലളിതമായ വരയിലെ വലിയ ചിന്തകൾ

 
May 5th: World Cartoonist Day - Big Thoughts in a Simple Line
May 5th: World Cartoonist Day - Big Thoughts in a Simple Line

Representational Image Generated by Meta AI

● പോക്കറ്റ് കാർട്ടൂണുകൾ സാമൂഹ്യ വിമർശനത്തിന് പ്രാധാന്യം നൽകുന്നു.
● 'ശങ്കേഴ്സ് വീക്കിലി' പ്രമുഖ കാർട്ടൂണിസ്റ്റുകളെ വളർത്തിക്കൊണ്ടുവന്നു.
● 'വിദൂഷകൻ' ആണ് മലയാളത്തിലെ ആദ്യ കാർട്ടൂൺ മാസിക.

ഭാമനാവത്ത്

(KVARTHA) മെയ് 05 ലോക കാർട്ടൂണിസ്റ്റ് ദിനമാണ്. 1895 ൽ ഇതേ ദിവസമാണ് യെല്ലോ കിഡ് എന്ന പ്രസിദ്ധീകരണത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനായി ചിത്രകലയുടെ മറ്റൊരു മുഖമായ കാർട്ടൂൺ ലോകത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഈ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നത്.

വാർത്താ പത്രങ്ങൾ കയ്യിൽ കിട്ടിയാൽ സാമൂഹ്യ വിമർശനത്തിൽ താല്പര്യമുള്ള ഏതൊരാളും ആദ്യം ശ്രദ്ധിക്കുന്നത് പോക്കറ്റ് കാർട്ടൂണുകളാണ്. ഇന്ന് എല്ലാ പത്രങ്ങൾക്കും അവരവരുടേതായ പോക്കറ്റ് കാർട്ടൂണുകൾ ഉണ്ട്. നമ്മുക്ക് അറിയാതെ സംഭവിച്ച തെറ്റുകൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ച്, തന്മയത്വത്തോടെ ഏതാനും വാക്കുകളിൽ ഒരു കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുമ്പോൾ, ആത്മവിമർശനത്തിൽ അഭിമാനിക്കുന്ന ഏതൊരു ജനകീയ നേതാവിനും അത് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്.

ആശയങ്ങളെ നർമ്മരൂപേണ ചെറിയ ഗുളികകളായി വായനക്കാരിലേക്ക് എത്തിക്കാൻ ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും ഇഷ്ടപ്പെട്ട മാർഗ്ഗമാണ് കാർട്ടൂൺ.

കടലാസ് എന്നർത്ഥം വരുന്ന 'കാർട്ടോൺ' എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് ഹാസ്യ ചിത്രം എന്നർത്ഥം വരുന്ന 'കാർട്ടൂൺ' എന്ന വാക്ക് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. ചിത്രകലയിൽ നിന്ന് വ്യത്യസ്തമായി കാർട്ടൂണിൽ സാങ്കേതികതയ്ക്കല്ല, മറിച്ച് ആശയത്തിനും ഉദ്ദേശ്യത്തിനുമാണ് പ്രാധാന്യം.

ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂൺ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് കാർട്ടൂണിസ്റ്റ് ശങ്കറാണ്. ഇന്ത്യൻ ദേശീയ പത്രങ്ങളിൽ തൻ്റെ പോക്കറ്റ് കാർട്ടൂണുകളിലൂടെ ശ്രദ്ധേയനായ ശങ്കർ ഒരു കാലഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായിരുന്നു. 

ജവഹർലാൽ നെഹ്റുമായും മഹാത്മാഗാന്ധിയുമായും ഒക്കെ ശങ്കറിന് വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. ശങ്കറിൻ്റെ കാർട്ടൂണുകളിലെ വിമർശനം നെഹ്റു ശ്രദ്ധയോടെ നിരീക്ഷിക്കുകയും അത് തിരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. തന്നെക്കുറിച്ചുള്ള വിമർശനങ്ങൾ കാണാതിരുന്ന ഒരു കാലഘട്ടത്തിൽ നെഹ്റു ശങ്കറിനെ നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു എന്ന് പറയപ്പെടുന്നു.

ശങ്കറിൻ്റെ 'ശങ്കേഴ്സ് വീക്കിലി'യിലൂടെയാണ് ഇന്ത്യയിലെ പ്രശസ്തരായ ഭൂരിഭാഗം കാർട്ടൂണിസ്റ്റുകളും തങ്ങളുടെ കഴിവ് തെളിയിച്ച് രംഗത്തെത്തിയത്. അബു എബ്രഹാം, കുട്ടി, ഒ വി വിജയൻ, യേശുദാസൻ, ബി എം ഗഫൂർ തുടങ്ങിയവരെല്ലാം ഈ ഗണത്തിൽപ്പെടുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ ആർ കെ ലക്ഷ്മണിൻ്റെ 'ദി കോമൺ മാൻ' എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ വരച്ചിട്ട സാമൂഹ്യ വിമർശനങ്ങൾ എക്കാലത്തും നിലനിൽക്കുന്നതാണ്. സാധാരണക്കാരൻ്റെ ആഗ്രഹങ്ങളും അസാധാരണക്കാരൻ്റെ ദുരാഗ്രഹങ്ങളും വരച്ചാണ് ലക്ഷ്മൺ ജനഹൃദയങ്ങളിൽ ഇടം നേടിയത്.

ഇന്ത്യയിൽ പോക്കറ്റ് കാർട്ടൂൺ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഒരു കേരളീയനായ സാമുവലാണ്. മലയാളത്തിൽ കാർട്ടൂണിൻ്റെ ചരിത്രം ആരംഭിക്കുന്നത് 1919ൽ 'വിദൂഷകൻ' എന്ന മാസികയിലൂടെയാണ്.

സഞ്ജയൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ മണിക്കോത്ത് രാമുണ്ണി നായരുടെ 'സഞ്ജയൻ', 'വിശ്വരൂപം' എന്നീ പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാർട്ടൂണുകൾ പുറത്തിറങ്ങിയത്.

'ബോബനും മോളിയും' എന്ന കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായ ടോംസ്, 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകൻ കൂടിയായ അരവിന്ദൻ, ഐഎഎസ് ഓഫീസറും നോവലിസ്റ്റും ചലച്ചിത്രകാരനുമായ മലയാറ്റൂർ രാമകൃഷ്ണൻ എന്നിവരെല്ലാം ഈ രംഗത്ത് തങ്ങളുടെ കഴിവ് തെളിയിച്ച് ജനമനസ്സിൽ സ്ഥാനം നേടിയവരാണ്.

ലോക കാർട്ടൂണിസ്റ്റ് ദിനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: World Cartoonist Day is observed on May 5th, commemorating the introduction of cartoons in 1895. The article highlights the importance of cartoons in social criticism, the contributions of Shankar as the father of Indian political cartoons, and the legacy of prominent cartoonists like R.K. Laxman and the evolution of Malayalam cartoons.

#WorldCartoonistDay, #Cartoons, #IndianCartoons, #MalayalamCartoons, #Art, #SocialCommentary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia