Analysis | ലോക മൃഗ ക്ഷേമ ദിനം: മറക്കരുത് ഇവരും ഭൂമിയുടെ അവകാശികളാണ്

 
 World Animal Day: Remembering that They Too are Earth's Inheritors
 World Animal Day: Remembering that They Too are Earth's Inheritors

Representational Image Generated by Meta AI

● വൈക്കം മുഹമ്മദ് ബഷീർ മൃഗങ്ങളെ ഭൂമിയുടെ അവകാശികളായി കണ്ടു.
● ആഗോളതാപനം വനങ്ങളെ നശിപ്പിക്കുന്നു.
● മനുഷ്യർ വനം കയ്യേറുന്നത് മൃഗങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) വൈക്കം മുഹമ്മദ് ബഷീർ തന്റെ പ്രശസ്തമായ ഭൂമിയുടെ അവകാശികളെന്ന കൃതിയിൽ ഈ ഭൂമിയിൽ എല്ലാവർക്കും ജീവിക്കാനുള്ള അവകാശത്തെ കുറിച്ചു പറഞ്ഞത് ഭൂമിയുടെ അവകാശികളെന്ന്  മൃഗങ്ങളെ വിശേഷിപ്പിച്ചാണ്. പക്ഷിമൃഗാദികളെല്ലാം ഭൂമിയുടെ മക്കളാണെന്ന അതിവിശാലമായ ആശയപ്രപഞ്ചമാണ് ബഷീർ മുൻപോട്ടു വയ്ക്കുന്നത്. മാങ്കോയിസ്റ്റ് മാവിൻ്റെ ചുവട്ടിലിരുന്ന് ഇങ്ങനെ ലോകത്തെ കാണാൻ ബഷീറിനെപ്പോലെയുള്ള ഒരു എഴുത്തുകാരന് മാത്രമേ സാധ്യമാവുകയുള്ളൂ.
പലമൃഗങ്ങളുംവംശനാശ ഭീഷണി  നേരിടുന്ന ഈക്കാലഘട്ടത്തിൽ ഏറ്റവും അധികം പ്രസക്തമാണ് ബഷീറിയൻ ചിന്തകൾ.

ഇവിടെ ജീവിക്കാനുള്ള അവകാശം സകല പക്ഷി മൃഗാദികൾക്കും സകല വൃക്ഷലതാദികൾക്കും  മനുഷ്യരെപ്പോലെ തന്നെ തുല്യ അവകാശമുണ്ടെന്ന് ബഷീർ തൻ്റെ കഥകളിലൂടെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ലോകം ഒരു കുടുംബമാണെന്ന ഉദാത്തമായ സങ്കല്പം ഭൂമുഖത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. ഭൂമിയുടെ ചരിത്രത്തിൽ അഞ്ചോളം തവണ ജീവികൾക്ക് കൂട്ടനാശം സംഭവിച്ചതായി പറഞ്ഞിട്ടുണ്ട്. ഈ രൂപത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഒരു ആറാമത് കൂട്ട നാശത്തിലേക്കാണ് നമ്മൾ പോകുന്നതെന്ന പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ് നാം ഗൗരവത്തിലെടുക്കണം.

World Animal Day: Remembering that They Too are Earth's Inheritors

അത് കേവലം സംശയമല്ല യാഥാർത്ഥ്യമാകുന്ന അവസ്ഥയിലാണ് ലോകം മുൻപോട്ടു പോകുന്നത്. പരിസ്ഥിതി പ്രവർത്തകർ പറഞ്ഞ കാര്യങ്ങൾ നമ്മൾ ആഴത്തിൽ പരിഗണിച്ചില്ലെങ്കിൽ വരുന്നത് വൻ വിനാശമായിരിക്കും. പരസ്പര സാഹോദര്യം മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടുള്ള സമീപനത്തിലും ബാധകമാണ്. പുരാതനകാലത്ത് മനുഷ്യർ ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ വേട്ടയാടിയെങ്കിൽ പിന്നീടുള്ള കാലഘട്ടത്തിൽ രാജാക്കന്മാർ അവരുടെ മൃഗയ വിനോദത്തിന് വേണ്ടി കാടുകളിൽ പോയി മൃഗങ്ങളെ വേട്ടയാടുന്നതും ശീലമാക്കിയിരുന്നു. മൃഗങ്ങളെ മെരുക്കി സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതും യുദ്ധങ്ങളിൽ ഉപയോഗിച്ചതും മൃഗങ്ങളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്.

ഇതിന്റെയൊക്കെ ഫലമായി ഭൂമുഖത്തുനിന്നും എത്രയെത്ര ജീവി വർഗങ്ങൾ അപ്രത്യക്ഷമായെന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയാണ്. ആഗോള കാലാവസ്ഥ വ്യതിയാനം വനങ്ങളിൽ മൃഗങ്ങളുടെ നിലനിൽപ്പിനെ ഭീതി സൃഷ്ടിച്ചിരിക്കുന്ന ഒരു അവസ്ഥ കൂടി ഇതിനോടൊപ്പം എടുത്തു പറയേണ്ടതാണ്. സാധാരണഗതിയിലുള്ള ജീവിതം വനമേഖലകളിൽ നയിക്കാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ ഭക്ഷണവും വെള്ളവും തേടി കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് ഇപ്പോൾ ഒരു വാർത്തയല്ലാതായിട്ടുണ്ട്. വനപ്രദേശങ്ങളിൽ ചൂട് കൂടിയതുകൊണ്ടോ വെള്ളം ലഭ്യമല്ലാത്തതുകൊണ്ടോ മൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് വരികയാണ്. പരിസ്ഥിതി നാശവും വനം കയ്യേറ്റവും നമ്മൾ വരുത്തിവെച്ച വിനകളാണ്. 

മൃഗങ്ങൾക്ക് വനങ്ങളിൽ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവർക്ക് ആവശ്യമായ മുള വർഗത്തിലുള്ള വസ്തുക്കൾ വനത്തിൽ ലഭ്യമല്ലാതെ വരികയും വനവൽക്കരണം വഴി നമ്മൾ വച്ചുപിടിപ്പിച്ച വൻമരങ്ങൾ  അവർക്ക് ഉപയോഗമല്ല എന്നു മാത്രമല്ല ജലത്തിന്റെ അളവ് കുറയാനും കാരണമായിത്തീരുകയും ചെയ്യുന്നത് പ്രതിസന്ധിക്ക് ആക്കംകൂട്ടി. 

ഈ അവസ്ഥകൾക്കൊക്കെ ഒരു ബോധവൽക്കരണം എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ജർമ്മനിയിലെ ബർലിനിൽ 1925 മാർച്ച് 24ന് ഹെൻറിച് സിമ്മർ മാൻ എന്നയാളുടെ നേതൃത്വത്തിൽ ആദ്യ മൃഗക്ഷേമ ദിനം ആചരിച്ചത്. മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും രക്ഷാധികാരിയായി കരുതുന്ന ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലിലേക്ക് ദിനാചരണം  മാറ്റാൻ അന്താരാഷ്ട്ര മൃഗസംരക്ഷണ സമിതിയുടെ 1931 ൽ ഇറ്റലിയിൽ ചേർന്ന യോഗം എടുത്ത തീരുമാനപ്രകാരമാണ് എല്ലാവർഷവും ഒക്ടോബർ നാലിന് ഈ ദിനാചരണം നടത്തുന്നത്. മൃഗങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യവർഗ്ഗത്തിന്റെ കൂടി നിലനിൽപ്പിന് ആവശ്യമാണെന്ന വസ്തുത ഈ മൃഗക്ഷേമ ദിനത്തിലെങ്കിലും നമുക്ക് എപ്പോഴും ഉൾക്കൊള്ളാം. മാറേണ്ടത് മൃഗങ്ങളല്ല മനുഷ്യരാണ്.

#WorldAnimalDay #AnimalWelfare #WildlifeConservation #SaveAnimals #GoGreen #ClimateAction #Biodiversity #EndangeredSpecies #HumanImpact

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia