Obituary | 4 വര്‍ഷത്തിനുശേഷം ആദ്യമായി നാട്ടിലേക്ക് മടങ്ങാനിരുന്ന ഇന്‍ഡ്യന്‍ വംശജയായ 24 കാരി ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിമാനത്തില്‍ മരിച്ചു


മെല്‍ബണ്‍: (KVARTHA) നാലു വര്‍ഷത്തിനുശേഷം ആദ്യമായി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറിയ ഇന്‍ഡ്യന്‍ വംശജയായ 24 കാരിക്ക് ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിമാനത്തില്‍ ദാരുണാന്ത്യം. ജൂണ്‍ 20ന് ഡെല്‍ഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റസ് വിമാനത്തില്‍ മെല്‍ബണിലെ ടുല്ലാമറൈന്‍ വിമാനത്താവളത്തില്‍നിന്ന് കയറിയ മന്‍പ്രീത് കൗര്‍ ആണ് മരിച്ചത്. സീറ്റിലിരുന്ന് ബെല്‍റ്റ് ഇടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ മരണം സംഭവിച്ചുവെന്നും
ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പുതന്നെ മന്‍പ്രീതിന് അസ്വസ്ഥതയുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ടിബി ബാധിതയായിരുന്ന യുവതി രോഗം മൂര്‍ഛിച്ചാണ് മരിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഷെഫ് ആകാന്‍ പഠിക്കുകയായിരുന്ന മന്‍പ്രീത് ഓസ്‌ട്രേലിയ പോസ്റ്റിനുവേണ്ടി ജോലി ചെയ്യുകയായിരുന്നു. 2020 മാര്‍ചിലാണ് ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. നാലുവര്‍ഷത്തിനുശേഷം കുടുംബാംഗങ്ങളെ കാണാനുള്ള യാത്രയിലാണ് ദുരന്തം സംഭവിച്ചത്.