Dismissal | ഇസ്രാഈൽ പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിലൂടെ നെതന്യാഹുവിന്റെ ലക്ഷ്യമെന്ത്? തീരുമാനത്തിനെതിരെ തെരുവിലെങ്ങും പ്രതിഷേധം


● ടെൽ അവീവ്, ജറുസലേം തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം
● ഹൈവേ രണ്ട് ദിശകളിലും പ്രതിഷേധക്കാർ തടഞ്ഞു
● വിശ്വാസം നഷ്‌ടപ്പെട്ടുവെന്നാണ് കാരണമായി നെതന്യാഹു പറഞ്ഞത്
ടെൽ അവീവ്: (KVARTHA) പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെ അപ്രതീക്ഷിതമായി പുറത്താക്കിയതിനെത്തുടർന്ന് ഇസ്രാഈലിലുടനീളം അനവധി ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. നേരത്തെ 2023 മാർച്ചിൽ ഗാലൻ്റിനെ പുറത്താക്കാനുള്ള ശ്രമം നെതന്യാഹുവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത് വ്യാപകമായ തെരുവ് പ്രതിഷേധത്തിന് കാരണമായിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്ന പ്രതിഷേധമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ടെൽ അവീവ്, ജറുസലേം, ഹൈഫ, സിസേറിയ എന്നീ ഇസ്രാഈലിലെ പ്രധാന നഗരങ്ങളിൽ വൻ ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധങ്ങളുടെ പതിവ് കേന്ദ്രമായ ടെൽ അവീവിലെ അയലോൺ ഹൈവേ രണ്ട് ദിശകളിലും ആളുകൾ തടഞ്ഞു. നഗരത്തിലെ കപ്ലാൻ സ്ട്രീറ്റിൽ സമാന്തര പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ടും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു.
'ഞങ്ങൾ മികച്ച നേതാക്കളെ അർഹിക്കുന്നു', 'ആരെയും ഉപേക്ഷിക്കരുത്', നെതന്യാഹുവിനെ പരാമർശിച്ച്, 'അവൻ ഒരു രാജ്യദ്രോഹിയാണ്', തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബോർഡുകൾ ആളുകൾ ഉയർത്തി. ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് ഹൈവേയിൽ പ്രതിഷേധിച്ചവരെ പൊലീസ് നീക്കിയത്. 40 ഓളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പുറത്താക്കിയതിന് കാരണമെന്ത്?
ചൊവ്വാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. യുദ്ധത്തിൻ്റെ പല ഘട്ടങ്ങളിലും യോവ് ഗാലന്റുമായി നെതന്യാഹുവിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഗാലന്റിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്നാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കിക്കൊണ്ട് നെതന്യാഹു പറഞ്ഞത്. ഒരു യുദ്ധത്തിനിടയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തമ്മിൽ പൂർണ വിശ്വാസം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
'നിർഭാഗ്യവശാൽ, യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ അത്തരം വിശ്വാസവും വളരെ ഫലപ്രദമായ പ്രവർത്തനങ്ങളും ഉണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ മാസങ്ങളിൽ ഈ വിശ്വാസം നഷ്ടപ്പെട്ടത് എനിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ വിള്ളലുണ്ടാക്കി', നെതന്യാഹു കൂട്ടിച്ചേർത്തു. പകരം നെതന്യാഹുവിന്‍റെ വിശ്വസ്തനും വിദേശകാര്യമന്ത്രിയുമായ ഇസ്രായേൽ കാറ്റ്‌സിനാണ് ചുമതല നൽകിയിരിക്കുന്നത്.
നെതന്യാഹുവിന്റെ ലക്ഷ്യം
ഹമാസുമായി വെടിനിർത്തലിന് സമ്മർദം ചെലുത്തി, ഇസ്രാഈലി ബന്ദികളെ മോചിപ്പിക്കാനുള്ള ഒരേയൊരു മാർഗമാണിതെന്ന് യോവ് ഗാലൻ്റ് വാദിച്ചിരുന്നു. തീവ്ര ഓർത്തഡോക്സ് ജൂതന്മാർക്ക് സൈനിക സേവനത്തിൽ നിന്നുള്ള ഇളവ് റദ്ദാക്കുന്നതിനായും ഗാലൻ്റ് ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ ഇത് രണ്ടിനോടും നെതന്യാഹു അനുകൂലമായിരുന്നില്ല. ആക്രമണമവസാനിപ്പിച്ചുകൊണ്ടുള്ള ഒത്തുത്തീർപ്പ് വേണ്ടെന്ന നിലപാടായിരുന്നു നെതന്യാഹുവിന്‍റേത്. നെതന്യാഹു ഗാലൻ്റിനെ സ്വന്തം സഖ്യത്തിനുള്ളിലെ പ്രതിപക്ഷമായാണ് കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഇപ്പോൾ, ഗാലന്റ് പുറത്താക്കപ്പെട്ടതിനെ തുടർന്ന്, നെതന്യാഹുവിന് രാഷ്ട്രീയമായും സൈനികമായും തന്ത്രപരമായും സ്വന്തം ദിശയിൽ പ്രവർത്തിക്കാനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യം അദ്ദേഹത്തെ സ്വന്തം അജണ്ട നടപ്പിലാക്കാൻ സഹായിക്കും. ഹമാസുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന സൂചനയാണ് പുറത്താക്കലിലൂടെ നെതന്യാഹു നൽകുന്നത്.
#Israel #Netanyahu #Gallant #MiddleEast #politics #protests #Hamas #defense