Palestinian | അറബ് ലോകത്തിന് പുറത്ത് ഫലസ്തീൻ വംശജർ ഏറ്റവും കൂടുതലുള്ളത് ഈ തെക്കേ അമേരിക്കൻ രാജ്യത്ത്! സാമ്പത്തികം മുതൽ രാഷ്ട്രീയത്തിൽ വരെ സ്വാധീനം; സ്ഥിരതാമസമാക്കുകയും വിജയഗാഥ രചിക്കുകയും ചെയ്തത് ഇങ്ങനെ
Nov 11, 2023, 21:10 IST
ADVERTISEMENT
സാന്റിയാഗോ: (KVARTHA) ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ താമസിക്കുന്ന ഇസ്രാഈൽ, ഫലസ്തീൻ വംശജർ തങ്ങളുടെ നാട്ടിലെ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഈ സംഘർഷത്തിൽ, 1,400 ഇസ്രായേലികളും 11,000 ഫലസ്തീനികളും കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. ലാറ്റിനമേരിക്കയിലെ പ്രധാന നഗരങ്ങളിൽ നിരവധി പ്രകടനങ്ങളും ഇതിനിടയിൽ നടന്നിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. അറബ് ലോകത്തിന് പുറത്ത് ഫലസ്തീൻ വംശജർ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ചിലി എന്നതാണ് പ്രത്യേകത. കണക്കനുസരിച്ച്, ഫലസ്തീൻ വംശജരായ ഏകദേശം അര ദശലക്ഷം ആളുകൾ ചിലിയിൽ താമസിക്കുന്നു.
എങ്ങനെ ഫലസ്തീനികൾ ചിലിയിൽ എത്തി?
ഗസ്സ മുനമ്പിലോ അതിന്റെ പരിസര പ്രദേശങ്ങളിലോ ചിലിയിലുള്ളവരുടെ ബന്ധുക്കൾ താമസിക്കുന്നുണ്ട്. ഇന്റർനെറ്റ്, ആശയവിനിമയ മാർഗങ്ങൾ എന്നിവയിൽ ഇസ്രാഈൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടയിലും ഇവരുമായി ബന്ധം നിലനിർത്താൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് ഫലസ്തീനികൾ തങ്ങളുടെ രാജ്യത്ത് നിന്ന് 13,000 കിലോമീറ്റർ മാറി ചിലിയിൽ താമസിക്കാൻ തീരുമാനിച്ചത്?
ഫലസ്തീനിയൻ കുടിയേറ്റക്കാർ ചിലിയിലേക്ക് വരുന്ന പ്രതിഭാസം മനസിലാക്കണമെങ്കിൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലേക്ക് പോകണം. ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലുള്ള ഫലസ്തീൻ പ്രദേശം മുസ്ലീങ്ങൾക്കും ജൂതർക്കും കത്തോലിക്കർക്കും വിശുദ്ധമായി കണക്കാക്കപ്പെടുന്നു. പരസ്പര സംഘർഷങ്ങളുടേതായിരുന്നു ആ കാലഘട്ടം. സാമ്പത്തിക പ്രതിസന്ധി, ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ച, പ്രദേശത്തെ ആദ്യത്തെ അറബ് ദേശീയ പ്രസ്ഥാനങ്ങൾ അടിച്ചമർത്തപ്പെട്ടത് എന്നിവയ്ക്കിടയിലാണ് ഫലസ്തീനികൾ, സിറിയക്കാർ, ലെബനീസ് എന്നിവരുടെ കുടിയേറ്റം നടക്കുന്നത്
മറ്റു പല സമൂഹങ്ങളെയും പോലെ, ഇവരും അമേരിക്കയെ അവസരങ്ങൾ നിറഞ്ഞ പുതിയ ലോകമായി കണ്ടു. നിരവധി ഫലസ്തീൻ യുവാക്കൾ ആദ്യം കരമാർഗം യൂറോപ്പിലെത്തി, അവിടെ നിന്ന് കടൽ മാർഗം ബ്യൂണസ് അയേഴ്സിലേക്ക് പോയി. എന്നാൽ സമ്പന്നവും കൂടുതൽ യൂറോപ്യൻ സ്വാധീനവുമുള്ള അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ താമസിക്കുന്നതിനുപകരം, ചിലർ അടുത്തുള്ള ചിലിയിലേക്ക് പോകാൻ തീരുമാനിച്ചു.
ലോറെൻസോ എഗ്ഗർ കോർബിനോസ്ലയുടെ 'ദ അറബ് വേൾഡ് ആൻഡ് ലാറ്റിൻ അമേരിക്ക' എന്ന പുസ്തകം അനുസരിച്ച്, 1885 നും 1940 നും ഇടയിൽ ചിലിയിൽ അറബ് വംശജരുടെ എണ്ണം 8,000 നും 10,000 നും ഇടയിലായിരുന്നു. ഇതിൽ പകുതിയും ഫലസ്തീനികൾ ആയിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, ഓട്ടോമൻ സാമ്രാജ്യം ശിഥിലമാവുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1948 മെയ് 14 ന് ഇസ്രാഈൽ രാജ്യം സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ കൂടുതൽ കുടിയേറ്റക്കാർ ചിലിയിൽ എത്തി. അന്ന് ഏഴരലക്ഷത്തോളം ഫലസ്തീനികളെ ജൂത സൈനികർ ജന്മനാട്ടിൽ നിന്ന് തുരത്തി. ഈ ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പോയി.
മറ്റ് പുതിയ രാജ്യങ്ങളെപ്പോലെ, ചിലിക്കും അതിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും പ്രദേശം നിയന്ത്രിക്കാനും കുടിയേറ്റക്കാരെ ആവശ്യമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ചിലിയിലെ വരേണ്യവർഗം യൂറോപ്യന്മാരെ അനുകൂലിച്ചു, അവർക്ക് ഭൂമിയും അവകാശങ്ങളും വാഗ്ദാനം ചെയ്തു, എന്നാൽ പല അറബികളും ഫലസ്തീനികളും ഈ അവസരം മുതലെടുത്തു. എന്നിരുന്നാലും അറബ് ലോകത്തെ ജനങ്ങൾക്കും ചിലിയിൽനിന്നുള്ള തിരസ്കരണ മനോഭാവം സഹിക്കേണ്ടിവന്നു. ഇത് വളരെക്കാലം തുടർന്നു, പ്രത്യേകിച്ച് ആദ്യകാലങ്ങളിൽ.
തുണി വ്യവസായത്തിൽ ഫലസ്തീൻ വംശജരുടെ ഇടപെടൽ
മിഡിൽ ഈസ്റ്റിൽ നിന്ന് വന്ന ആളുകൾ വ്യാപാരവും തുണി വ്യവസായവും തിരഞ്ഞെടുത്തു. ഫലസ്തീനികൾ ആദ്യം തെരുവ് കച്ചവടക്കാരായാണ് തുടങ്ങിയത്. അവർ പിന്നീട് ചെറുകിട ബിസിനസുകൾ ആരംഭിച്ചു, തുടർന്ന്, 1930 കളിൽ, ഈ കുടുംബങ്ങൾ തുണി വ്യവസായത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചു. ഫലസ്തീൻ വംശജരായ അബുമുഹർ കുടുംബം ഇന്ന് ചിലിയിലെ വാണിജ്യത്തിലും സാമ്പത്തിക മേഖലയിലും ഏറ്റവും വലിയ വിഭാഗങ്ങളിൽ ഒന്നാണ്.
മറ്റൊരു ഉദാഹരണം കാസ സൈഹ് (Casa Saih) കമ്പനിയാണ്. ഫലസ്തീൻ വംശജരായ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതുമാണ്. 1950-കളിൽ തൽക്ക നഗരത്തിലാണ് ഈ കമ്പനി ആരംഭിച്ചത്. ഹിർമാസ്, സയീദ്, യരൂർ, സുമർ തുടങ്ങിയ പലസ്തീൻ വംശജരായ കുടുംബങ്ങൾ ശക്തമായ തുണി വ്യവസായത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. 1980 കളിലും 1990 കളിലും സമ്പദ്വ്യവസ്ഥ തുറന്നതിനെത്തുടർന്ന്, മിക്ക ഫലസ്തീൻ ബിസിനസ് കുടുംബങ്ങളും ചൈനക്കാരുമായി മത്സരിക്കാൻ ധനകാര്യം, റിയൽ എസ്റ്റേറ്റ്, കൃഷി, മുന്തിരിത്തോട്ടങ്ങൾ, കൃഷി, ഭക്ഷണം, മാധ്യമം എന്നീ മേഖലകളിൽ പ്രവേശിച്ചു.
സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിനു പുറമേ, ഈ ആളുകൾ ഫലസ്തീനിയൻ ക്ലബ് പോലുള്ള ഫുട്ബോൾ ടീമുകൾ മുതൽ ചാരിറ്റബിൾ സൊസൈറ്റികളും സാംസ്കാരിക സംഘടനകളും വരെ വൈവിധ്യമാർന്ന സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തു. ചിലിയുടെ വിവിധ നഗരങ്ങളിൽ സ്ഥിരതാമസമാക്കുന്നതിലും അവർ വിജയിച്ചു. ചിലിയിലെ വിവിധ സമൂഹങ്ങളുമായും ബന്ധം സ്ഥാപിക്കുന്നതിന് ഇത് പ്രധാനമായിരുന്നു. ബിസിനസിനുപുറമെ, പാർട്ടി നേതാക്കൾ, സെനറ്റർമാർ, ഡെപ്യൂട്ടികൾ, മേയർമാർ, കൗൺസിലർമാർ എന്നിങ്ങനെ പ്രധാനപ്പെട്ട രാഷ്ട്രീയ വ്യക്തിത്വങ്ങളും ഈ വംശജരിലുണ്ട്.
Keywords: News, Malayalam-News, World, Israel-Palestine-War, Palestinian, Hamas, Israel, Gaza, Why Chile is giving citizenship to Palestinian refugees
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

