Profile | ഇസ്രാഈൽ കൊലപ്പെടുത്തിയ ഹസൻ നസ്റല്ല ആരാണ്?

 
Hezbollah Leader Hassan Nasrallah
Hezbollah Leader Hassan Nasrallah

Photo Credit: X/ SH_NasrallahEng

● ഹസൻ നസ്റല്ല 1992 മുതൽ ഹിസ്ബുല്ലയുടെ നേതാവാണ്.
● ഇസ്രാഈൽ ഹസൻ നസ്റല്ലയെ വധിക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ട്.
● ഹിസ്ബുല്ല ലോകത്തെ ഏറ്റവും ശക്തമായ സായുധ സംഘടനകളിൽ ഒന്നാണ്

ബെയ്‌റൂട്ട്: (KVARTHA) ഇസ്രാഈൽ പ്രതിരോധ സേന (ഐഡിഎഫ്) ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി അറിയിച്ചിരിക്കുകയാണ്. ഐഡിഎഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിൽ, 'ഹസൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല' എന്ന് പ്രസ്താവിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരം, തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ പ്രധാന ശക്തികേന്ദ്രത്തിൽ എഫ്-35 ജെറ്റുകൾ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആക്രമണം ഹിസ്ബുല്ലയുടെ പ്രധാന ആസ്ഥാനത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഇസ്രാഈൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

ഇസ്രാഈലിന്റെ പ്രധാന സൈനിക എതിരാളികളിലൊന്നായ ഹിസ്ബുല്ലയുടെ നേതൃത്വം കാരണം ഹസൻ നസ്റല്ല വളരെ വിലപ്പെട്ട ലക്ഷ്യമായിരുന്നു. മുമ്പ് നടന്ന സായുധ പോരാട്ടങ്ങളിൽ അദ്ദേഹത്തെ വധിക്കാൻ പലതവണ ഇസ്രാഈൽ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. 1995 മുതൽ അമേരിക്ക അന്താരാഷ്ട്ര തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഹിസ്ബുല്ല മേധാവിയെ പിടികൂടുന്നതിനോ സ്ഥലത്തെക്കുറിച്ചോ നൽകുന്ന വിവരങ്ങൾക്ക് 10 മില്യൺ ഡോളർ വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

എന്താണ് ഹിസ്ബുല്ല?

ഇറാൻ്റെ പിന്തുണയുള്ള ലെബനനിലെ ഒരു ഷിയ രാഷ്ട്രീയ പാർട്ടിയും അർധസൈനിക സംഘടനയുമാണ് ഹിസ്ബുല്ല. 1992 മുതൽ ഹസ്സൻ നസ്‌റല്ലയാണ് നേതൃത്വം നൽകുന്നത്. ദൈവത്തിന്റെ സംഘം എന്നാണ് ഈ പേരിൻ്റെ അർത്ഥം. 1980 കളുടെ തുടക്കത്തിൽ ലെബനൻ - ഇസ്രാഈൽ അധിനിവേശ സമയത്ത് ഇറാനിൽ നിന്നുള്ള സാമ്പത്തിക, സൈനിക പിന്തുണയോടെയാണ് ഹിസ്ബുല്ല ഉയർന്നുവന്നത്.

ഷിയാ മുസ്ലീങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പിന്തുണ കണ്ടെത്തുന്ന സംഘം, മേഖലയിലെ ഇസ്രാഈലിൻ്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ്. 2021 ലെ കണക്കനുസരിച്ച്, ഹിസ്ബുല്ലയ്ക്ക് ഒരു ലക്ഷം പോരാളികളുണ്ടെന്നാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങളുള്ള സർക്കാരിതര സംഘടനയായാണ് ഹിസ്ബുല്ലയെ കണക്കാക്കുന്നത്.

ആരാണ് ഹസൻ നസ്റല്ല?

ഹിസ്ബുല്ല സംഘത്തിന്റെ തലവനും ഷിയ വിഭാഗം പണ്ഡിതനുമാണ് ഹസൻ നസ്റല്ല. 1960 ഓഗസ്റ്റ് 31-ന് തെക്കൻ ലെബനനിലെ ബസൂറിയ ഗ്രാമത്തിൽ ജനിച്ച ഹസൻ നസ്റല്ല, ഫാത്തിമ യാസിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഹാദി, സൈനബ്, മുഹമ്മദ് ജവാദ്, മുഹമ്മദ് മഹ്ദി, മുഹമ്മദ് അലി എന്നിങ്ങനെ അഞ്ച് മക്കളുണ്ട്. 1997-ൽ തെക്കൻ ലെബനനിൽ ഇസ്രാഈൽ ആക്രമണത്തിൽ  മൂത്ത മകൻ ഹാദി കൊല്ലപ്പെട്ടു.

ലെബനൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലെ ഷിയ സ്ഥാപങ്ങളിൽ നിന്ന് മത വിദ്യാഭ്യാസം നേടിയ നസ്റല്ല, ഹൈസ്കൂൾ കാലത്ത് രാഷ്ട്രീയ പാർട്ടിയായ അമൽ മൂവ്മെന്റിൽ ചേർന്ന് 1979-ൽ അതിൻ്റെ തലപ്പത്തേക്ക് ഉയർന്നു. 1982-ൽ ലെബനനിൽ നടന്ന അധിനിവേശത്തിനെതിരെ പോരാടുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് അമൽ മൂവ്മെന്റിൽ വിയോജിപ്പുകൾ ഉണ്ടായതിനെ തുടർന്ന്, ഹസൻ നസ്‌റല്ലയും മറ്റ് അംഗങ്ങളും അമൽ വിട്ട് ഹിസ്ബുല്ലയിൽ ചേർന്നു. 

ലെബനനിലെ താഴ്‌വരയിൽ പോരാളികളെ സംഘടിപ്പിക്കുന്ന പ്രധാന ചുമതല ഹസൻ നസ്‌റല്ലയെ ഹിസ്ബുല്ല ഏൽപ്പിച്ചു. 1985-ഓടെ, ബെയ്‌റൂട്ടിലേക്ക് മാറി. മേഖലയുടെ ഡെപ്യൂട്ടി ഹെഡ് സ്ഥാനത്തേക്ക് ഉയർന്നു. പിന്നീട്, സംഘടനയുടെ ശൂറാ കൗൺസിലിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചുമതലയുള്ള ചീഫ് എക്സിക്യൂട്ടീവ് എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലായിരുന്ന അബ്ബാസ് അൽ മുസാവിയെ ഇസ്രാഈൽ വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് 1992 ഫെബ്രുവരി 16-ന് നസ്‌റല്ല ആ സുപ്രധാന പദവിയിലെത്തി. നസ്രല്ലയുടെ നേതൃത്വത്തിൽ, ഹിസ്ബുല്ല ഇസ്രായേലിനെതിരെ തന്ത്രപരമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായി. 22 വർഷത്തെ അധിനിവേശത്തിന് ശേഷം 2000-ൽ തെക്കൻ ലെബനനിൽ നിന്ന് ഇസ്രാഈൽ സേനയെ പിൻവലിച്ചു.

2004-ൽ, ഇസ്രാഈലുമായി കരാറിൽ പ്രധാന തടവുകാരെ കൈമാറ്റം ചെയ്യുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു, ഇത് നൂറുകണക്കിന് ലെബനീസ്, അറബ് തടവുകാരെ മോചിപ്പിക്കുന്നതിന് കാരണമായി. ശക്തമായ പ്രസംഗങ്ങളും ഇസ്രാഈൽ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രതിജ്ഞാബദ്ധതയും, പ്രത്യേകിച്ചും ഫലസ്തീൻ വിഷയത്തിൽ, അദ്ദേഹത്തിൻ്റെ ജനപ്രീതി വളരെ വർധിപ്പിച്ചു.

2006-ൽ ഇസ്രാഈലിനെതിരെ ഹിസ്ബുള്ള നടത്തിയ വിനാശകരമായ ഒരു മാസത്തെ യുദ്ധം ലെബനനിലെ പലരും ഇപ്പോഴും ഓർക്കുന്നു. 2023 ഒക്‌ടോബർ ഏഴിന് ഫലസ്തീനെതിരെ ഇസ്‌റാഈൽ ആരംഭിച്ച യുദ്ധത്തിന് ശേഷം മറുഭാഗത്ത് ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ പതിവായിരുന്നു. ഇസ്രാഈലിൻ്റെ ഗസ്സ ആക്രമണം ഒന്നാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രാഈൽ പറയുന്നത്.

#Hezbollah #HassanNasrallah #Israel #Lebanon #MiddleEast #conflict #airstrike

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia