Analysis | ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ മൃതദേഹം ഇസ്രാഈൽ എന്ത് ചെയ്യും?

 
Raw footage capturing the final moments of Yahya Sinwar, Hamas leader.
Raw footage capturing the final moments of Yahya Sinwar, Hamas leader.

Photo Credit: Screenshot from a X video by LTC Nadav Shoshani

● മരണപ്പെട്ടത് തെക്കൻ ഗസ്സ മുനമ്പിൽ 
● കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റാണെന്ന് അധികൃതർ 
● മരണശേഷം 24-36 മണിക്കൂറിനുള്ളിൽ പോസ്റ്റ്മോർട്ടം നടന്നു

ടെൽ അവീവ്: (KVARTHA) ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ മരണം ഇസ്രാഈലും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിൻറെ മൃതദേഹം എവിടെയാണെന്നും ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും ചോദ്യങ്ങൾ അവശേഷിക്കുന്നു. തെക്കൻ ഗസ്സ മുനമ്പിൽ സിൻവാർ കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റാണെന്ന് നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ചെൻ കുഗൽ വ്യക്തമാക്കി. 

കുഗൽ പോസ്റ്റ്മോർട്ടത്തിന് നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം സിൻവാറിൻ്റെ മൃതദേഹം ഇസ്രാഈൽ സൈന്യത്തിന് കൈമാറിയിരുന്നുവെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ മൃതദേഹം എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നുള്ള വിവരം തനിക്ക് ലഭ്യമല്ലെന്നും കുഗൽ കൂട്ടിച്ചേർത്തു.


മൃതദേഹം എന്തുചെയ്യും?

ഇസ്രാഈൽ സൈന്യം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഭാവിയിൽ ഹമാസ് അല്ലെങ്കിൽ മറ്റ് സംഘടനകളുമായുള്ള കൈമാറ്റത്തിൽ ഉപയോഗിക്കാമെന്ന പ്രതീക്ഷയിൽ, ഇസ്രാഈൽ പലപ്പോഴും ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൈവശം വയ്ക്കാറുണ്ട്. സിൻവാറിന്റെ മൃതദേഹം കസ്റ്റഡിയിലെടുക്കുകയോ, ഹമാസിന് വിട്ടുനൽകുകയോ അല്ലെങ്കിൽ ഖബറടക്കുകയോ ചെയ്യുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഹമാസിന്റെ പോരാട്ടത്തിന്റെ പ്രതീകമായ സിൻവാറിന്റെ മൃതദേഹം ഖബറടക്കുന്ന സ്ഥലം സന്ദർശന  കേന്ദ്രമായി മാറുമെന്ന ഭയത്താൽ ഇസ്രാഈൽ അത്തരമൊരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയില്ല എന്നാണ് വിദഗ്ധർ പറയുത്. 'അജ്ഞാതമായ സ്ഥലത്ത് രഹസ്യമായി മാന്യമായ ഖബറടക്കം നടത്തുമെന്നാണ് ഞാൻ കരുതുന്നത്', വാഷിംഗണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് പ്രോഗ്രാമിൻ്റെ ഡയറക്ടർ ജോൺ ബി ആൾട്ടർമാൻ പറഞ്ഞു.

ഒസാമ ബിൻ ലാദനെ 2011-ൽ അമേരിക്കൻ സൈന്യം വധിച്ചതിനു ശേഷം കടലിൽ ഖബറടക്കിയിരുന്നു. അതുപോലൊരു നീക്കം സിൻവാറിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് കരുതുന്നവരുണ്ട്. സിൻവാറിന്റെ മരണശേഷം 24 മുതൽ 36 മണിക്കൂറിനുള്ളിൽ പോസ്റ്റ്‌മോർട്ടം നടന്നതായി ഡോ. ചെൻ കുഗൽ പറഞ്ഞിട്ടുണ്ട്. 
എന്നാൽ കൃത്യമായ സമയം നിർണയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇസ്രാഈൽ പോലുള്ള രാജ്യങ്ങളിൽ ശത്രുക്കളുടെ മരണത്തിൽ കർശനമായ പ്രോട്ടോക്കോളുകൾ ഉണ്ടെന്നാണ് പറയുന്നത്.

സൈൻവറിന്റെ മൃതദേഹം ഇസ്രാഈലിൽ തന്നെ ഖബറടക്കാനാണ് സാധ്യതയെന്ന് ജോൺ ബി ആൾട്ടർമാൻ പറഞ്ഞു. ഒരു രക്തസാക്ഷിയായി ഫലസ്തീൻ പ്രദേശത്ത് അന്ത്യവിശ്രമം കൊള്ളുന്നുവെന്ന തരത്തിൽ അനുയായികൾ അവകാശപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഇസ്രാഈൽ ശ്രമിക്കുന്നുവെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ജൂലൈ അവസാനം ഇറാനിൽ വെച്ച് ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ വധിക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ മൃതദേഹം ഇസ്രാഈൽ കസ്റ്റഡിയിൽ എടുത്തിരുന്നില്ല. ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയിലായിരുന്നു അദ്ദേഹത്തിന്റെ ഖബറടക്കം. വൻ ജനാവലിയാണ് അദ്ദേഹത്തിന് വിട പറയാനെത്തിയത്.

#YahyaSinwar #Hamas #Israel #Gaza #MiddleEast #Conflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia