UK Results | യുകെ തിരഞ്ഞെടുപ്പ് ഫലം: ഋഷി സുനക്കിൻ്റെ പാർട്ടിക്ക് ദയനീയ തോൽവി; ലേബർ പാർട്ടി വമ്പൻ ജയത്തിലേക്ക്; കെയർ സ്റ്റാർമർ പ്രധാനമന്ത്രിയാവും
കൺസർവേറ്റീവ് പാർട്ടിക്ക് ഇതുവരെ 91 സീറ്റുകൾ മാത്രമാണ് ലഭിച്ചത്
ലണ്ടൻ: (KVARTHA) യുകെയിലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടി വൻ വിജയത്തിലേക്ക്. ഇതുവരെയുള്ള വോട്ടെണ്ണലിൽ ലേബർ പാർട്ടി 375 സീറ്റുകൾ നേടിയപ്പോൾ നിലവിലെ പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടിക്ക് 91 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 52 സീറ്റുകൾ നേടി. എസ്എൻപിക്കും റിഫോം യുകെ പാർട്ടിക്കും ഏഴ് സീറ്റ് വീതമാണ് ലഭിച്ചത്.
ഇതുവരെയുള്ള ട്രെൻഡ് അനുസരിച്ച്, ആകെയുള്ള 650 സീറ്റുകളിൽ ലേബർ പാർട്ടിക്ക് 405 സീറ്റുകൾ ലഭിക്കുമെന്നാണ് സൂചന. ഭൂരിപക്ഷത്തിന് വേണ്ടത് 326 സീറ്റുകളാണ്. ലീഡ് നില അനുസരിച്ച് കൺസർവേറ്റീവ് പാർട്ടിക്ക് 154 സീറ്റുകളും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 56 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയാവും. 14 വർഷത്തിന് ശേഷമാണ് ബ്രിട്ടനിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുന്നത്. കെയർ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി 1997ലെ വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. 61 കാരനായ കെയർ സ്റ്റാർമർ നാല് വർഷമായി പ്രതിപക്ഷ നേതാവായിരുന്നു.
2019ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി 364 സീറ്റുകൾ നേടിയാണ് ഭരണത്തുടർച്ച നേടിയത്. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയുമായി. ആരോപണങ്ങളെത്തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരമെത്തിയ ലിസ് ട്രസിന്, പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് 44 ദിവസംകൊണ്ട് രാജിവെച്ചുപോകേണ്ടിവന്നു. തുടർന്നാണ് വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ഋഷി സുനക് 2022 ഒക്ടോബറിൽ അധികാരമേറ്റത്.
എന്നാൽ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഏഴു മാസംകൂടി ശേഷിക്കെ ഋഷി സുനക്ക് നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 14 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ജനപ്രീതിക്ക് വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.