Air India | വിമാന സര്‍വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടികറ്റ് തുക തിരിച്ചുകൊടുക്കുന്നതില്‍ കാലതാമസം വരുത്തി; എയര്‍ ഇന്‍ഡ്യയ്ക്ക് 988.25 കോടി രൂപ പിഴയിട്ട് യുഎസ്

 


വാഷിങ്ടന്‍: (www.kvartha.com) വിമാന സര്‍വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടികറ്റ് തുക തിരിച്ചുകൊടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്ന കുറ്റത്തിന് ടാറ്റ ഗ്രൂപിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്‍ഡ്യയ്ക്ക് 988.25 കോടി രൂപ പിഴയിട്ട് യുഎസ് ഗതാഗത വകുപ്പ്. എയര്‍ ഇന്‍ഡ്യ 988.25 കോടി രൂപ (121.5 മില്യന്‍ ഡോളര്‍) യാത്രക്കാര്‍ക്ക് റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യന്‍) ഡോളര്‍ പിഴയായും നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Air India | വിമാന സര്‍വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടികറ്റ് തുക തിരിച്ചുകൊടുക്കുന്നതില്‍ കാലതാമസം വരുത്തി; എയര്‍ ഇന്‍ഡ്യയ്ക്ക് 988.25 കോടി രൂപ പിഴയിട്ട് യുഎസ്

ഗതാഗത വകുപ്പ് പരിഗണിച്ച പരാതികളില്‍ ഭൂരിഭാഗവും കോവിഡ് സമയത്ത് ലഭിച്ചവയാണ്. ആകെ ആറ് എയര്‍ലൈനുകളില്‍ നിന്നായി ഏകദേശം 5000 കോടി രൂപയാണ് യുഎസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തില്‍ ഈടാക്കുന്നത്.

റീഫണ്ട് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രം ടികറ്റ് തുക തിരിച്ചുനല്‍കുക എന്ന എയര്‍ ഇന്‍ഡ്യയുടെ നയം യുഎസ് ഗതാഗത വകുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. വിമാന സര്‍വീസ് റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് നിയമപരമായി തന്നെ റീഫണ്ടിന് അവകാശമുണ്ട്. എന്നാല്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമാണ് എയര്‍ ഇന്‍ഡ്യ റീഫണ്ട് നല്‍കിയിരുന്നത്.

ദേശീയ വിമാന കംപനിയായ എയര്‍ ഇന്‍ഡ്യ, ടാറ്റ ഏറ്റെടുക്കുന്നതിന് മുന്‍പുള്ളവയാണ് ഈ പരാതികള്‍. ഔദ്യോഗിക അന്വേഷണമനുസരിച്ച്, വിമാന സര്‍വീസ് റദ്ദാക്കിയതു സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പില്‍ സമര്‍പ്പിച്ച 1,900 റീഫണ്ട് പരാതികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എയര്‍ ഇന്‍ഡ്യ 100 ദിവസത്തിലധികം സമയമെടുത്തു. പരാതികള്‍ സമര്‍പ്പിക്കുകയും വിമാന കംപനിയോട് നേരിട്ട് റീഫണ്ട് അഭ്യര്‍ഥിക്കുകയും ചെയ്ത യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുന്നതിന് എടുത്ത സമയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ ഇന്‍ഡ്യ സമര്‍പ്പിച്ചിട്ടില്ല.

എയര്‍ ഇന്‍ഡ്യയെ കൂടാതെ, ഫ്രോന്‍ഡിയര്‍, ടിഎപി പോര്‍ചുഗല്‍, എയ്റോ മെക്സികോ, ഇഐ എഐ, അവിയാന്‍ക എന്നിവയ്ക്കാണ് യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്. യുഎസ് നിയമപ്രകാരം, വിമാന കംപനികള്‍ വിമാനം റദ്ദാക്കുകയോ റൂടില്‍ ഗണ്യമായ മാറ്റം വരുത്തുകയോ ചെയ്താല്‍ യാത്രക്കാര്‍ക്കു പണം തിരികെ നല്‍കുന്നതിന് എയര്‍ലൈനുകള്‍ക്കും ടികറ്റ് ഏജന്റുമാര്‍ക്കും നിയമപരമായ ബാധ്യതയുണ്ട്. എയര്‍ലൈന്‍ റീഫണ്ട് നിരസിക്കുകയും പകരം യാത്രക്കാര്‍ക്കു വൗചറുകള്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

Keywords: US Orders Tata-Led Air India To Pay $121.5 Million As Passenger Refunds, Washington, News, Complaint, Business, Transport, Air India Express, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia