Ukraine Soldier | 'സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി ഡയനോവിന് ജീവന്‍ തിരിച്ചുകിട്ടി'; റഷ്യന്‍ സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട യുക്രൈന്‍ സൈനികന്റെ ക്ഷീണിച്ച് എല്ലും തോലുമായ ദയനീയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു; വിട്ടയച്ചത് 4 സെന്റിമീറ്റര്‍ എല്ല് മുറിച്ചെടുത്ത്
Sep 27, 2022, 17:50 IST
കീവ്: (www.kvartha.com) റഷ്യന്‍ സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട യുക്രൈന്‍ സൈനികന്റെ ക്ഷീണിച്ച് എല്ലും തോലുമായ ദയനീയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മിഖൈലോ ഡയനോവ് എന്ന സൈനികന്റെ ചിത്രമാണ് ചര്‍ചയായിരിക്കുന്നത്. റഷ്യയുടെ പിടിയിലാകുന്നതിന് മുന്‍പും വിട്ടയച്ചതിന് ശേഷവുമുള്ള ചിത്രങ്ങളാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റിലൂടെ പുറത്തുവിട്ടത്. സൈനിക വേഷത്തിലുള്ളതും ക്ഷീണിതനായിരിക്കുന്നതുമായ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് ട്വീറ്റ്.
ഈ വര്‍ഷമാദ്യം മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലായത്. ഇദ്ദേഹമടക്കം 205 തടവുകാരെ റഷ്യ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു.
ആരോഗ്യവാനായിരുന്ന ഡയനോവ് റഷ്യയുടെ പിടിയില്‍നിന്ന് മോചിതനായിപ്പോള്‍ വളരെയേറെ ക്ഷീണിച്ചിട്ടുണ്ട്. മുഖത്തും കൈകളിലും നിറയെ മുറിവുകള്‍ കാണാം. മെലിഞ്ഞുണങ്ങി എല്ലുംതോലുമായെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്നും അവരില്‍ നിന്നും ജീവന്‍ തിരിച്ചു കിട്ടിയല്ലോയെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.
'യുക്രൈന്‍ സൈനികനായ മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന്‍ തിരിച്ചുകിട്ടിയല്ലോ. ഇങ്ങനെയാണ് ജനീവ കന്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണ് നാസിസം റഷ്യ പിന്തുടരുന്നത്' ചിത്രങ്ങള്‍ പങ്കുവച്ച് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.
അതേസമയം, ഡയനോവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും കീവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്നും സഹോദരി അലോന ലവ്‌റുഷ്‌കോ അറിയിച്ചു. മനുഷ്യത്വരഹിതമായി പെരുമാറിയ റഷ്യന്‍ സേന ഡയനോവിന്റെ കയ്യില്‍നിന്നും 4 സെന്റിമീറ്റര്‍ എല്ല് മുറിച്ചെടുത്തു. ദീര്‍ഘകാല ചികിത്സ വേണ്ടിവരുമെന്നും സഹോദരി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.