Flight Delayed | സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്‍ഡ്യ എക്‌സ് പ്രസ് വൈകിയത് മണിക്കൂറുകളോളം; 'മുടങ്ങിയത് 2 വിവാഹ നിശ്ചയങ്ങള്‍; സംസ്‌കാര ചടങ്ങുകള്‍ ഉള്‍പെടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടിലേക്ക് പുറപ്പെട്ടവരും കുടുങ്ങി'; വ്യാപക വിമര്‍ശനം
Aug 1, 2023, 12:33 IST
ദുബൈ: (www.kvartha.com) ശനിയാഴ്ച രാത്രി 8.45ന് ദുബൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യയുടെ എ എക്‌സ് 544 വിമാനം പുറപ്പെട്ടത് തിങ്കളാഴ്ച പുലര്‍ചെ 2.45ന്. 30 മണിക്കൂറോളമാണ് യാത്ര തടസപ്പെട്ടത്. യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാലേ കൂടി എത്തിയ സമയം കൂടി കണക്കാക്കിയാല്‍ 33 മണിക്കൂറാണ് കാത്തിരിക്കേണ്ടി വന്നത്.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും യാത്ര തുടരാത്തതിനെ തുടര്‍ന്ന് പ്രതിഷേധം അറിയിച്ചതോടെയാണ് പിന്നീട് ഹോടെലിലേക്കു മാറ്റിയതെന്ന് യാത്രക്കാര്‍ പറയുന്നു. 160 പേരായിരുന്നു വിമാന യാത്രയും കാത്ത് വിമാനത്താവളത്തില്‍ അക്ഷമയോടെ ഇരുന്നത്. യാത്ര അനിശ്ചിതമായി നീണ്ടതോടെ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയ ചടങ്ങുകള്‍ മുടങ്ങി.
യാത്രക്കാരില്‍ 20 കുട്ടികളും 50 സ്ത്രീകളും ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉള്‍പെടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടിലേക്കു പുറപ്പെട്ടവരാണ് പലരും. തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശി മുഹമ്മദിന്റെ വിവാഹത്തിനു മുന്നോടിയായുള്ള നികാഹ് ഞായറാഴ്ച വൈകിട്ട് നടക്കേണ്ടതായിരുന്നു. വിമാനം വൈകിയതോടെ ചടങ്ങ് മുടങ്ങി.
സാങ്കേതിക തകരാര്‍ എന്ന വിശദീകരണമാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് നല്‍കുന്നത്. തുടര്‍ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ വിമാന കംപനിയിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുന്നതെന്നു യാത്രക്കാര്‍ പറയുന്നു. അതേസമയം, ഞായറാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം കാര്യമായി വൈകിയില്ല, മറ്റൊരു വിമാനമാണ് ഈ സര്‍വീസിന് ഉപയോഗിച്ചത്. അതിനുശേഷമാണ് ശനിയാഴ്ചത്തെ വിമാനം പുറപ്പെട്ടത്.
തിരുവനന്തപുരം, കരിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നേരത്തെ എയര്‍ ഇന്‍ഡ്യ സര്‍വീസുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എക്‌സ്പ്രസ് മാത്രമാണ് ആശ്രയം. ശരാശരി കണക്കെടുത്താല്‍ ആഴ്ചയില്‍ ഒന്നു വീതം അവ വൈകുന്നുണ്ട്. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസിന്റെ ടികറ്റ് കാന്‍സല്‍ ചെയ്താല്‍ ഒരാഴ്ച കഴിഞ്ഞു മാത്രമേ റീഫന്‍ഡ് ലഭിക്കൂ.
ടികറ്റിന്റെ ചിലവും അത്യാവശ്യം വീട്ടു ചിലവിനുള്ള പണവുമൊക്കെ കൃത്യം കണക്കു കൂട്ടി പുറപ്പെടുന്ന യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. കടുത്ത മത്സരത്തിനിടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഇന്‍ഡ്യന്‍ വിമാന കംപനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. വിദേശ എയര്‍ലൈനുകള്‍ ഈ സാഹചര്യം പരമാവധി മുതലെടുക്കുന്നു.
Keywords: TVM-bound flight delayed for hours, passengers stranded at Dubai airport, Dubai, News, Passengers, Air India Flight, Delayed, Passengers, Protest, Criticism, Travel Agency, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.