Dispute | എന്താണ് ഗ്രീൻലാൻഡിന്റെ പ്രാധാന്യം? അമേരിക്കയ്ക്ക് വേണ്ടി കൈവശപ്പെടുത്താൻ ട്രംപ് ശ്രമിക്കുന്നതിന് പിന്നിൽ!
● അമേരിക്കയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് വാദിക്കുന്നു.
● അപൂർവ ധാതുക്കളുടെ വലിയ ശേഖരം ഗ്രീൻലാൻഡിൽ ഉണ്ട്.
● ഡെന്മാർക്കും ട്രംപിന്റെ അവകാശവാദങ്ങളെ ശക്തമായി എതിർക്കുന്നു.
വാഷിംഗ്ടൺ: (KVARTHA) അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അയൽരാജ്യങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ ശ്രദ്ധ നേടുകയാണ്. കാനഡയെ അമേരിക്കയിൽ ലയിപ്പിക്കണമെന്നും ഗ്രീൻലാൻഡും പനാമ കനാലും അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്നും അദ്ദേഹം വാദിക്കുന്നു. ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചപ്പോൾ, ഗ്രീൻലാൻഡും പനാമയും ട്രംപിന്റെ വാദങ്ങളെ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ഗ്രീൻലാൻഡ് തങ്ങളുടെതാണെന്നും അത് വില്പനയ്ക്കുള്ളതല്ലെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ട് ഇഗ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ ഗ്രീൻലാൻഡ് ലക്ഷ്യം
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡും പനാമ കനാലും അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ വാദം. ദേശീയ സുരക്ഷയ്ക്കും ലോകത്തെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനും ഗ്രീൻലാൻഡിന്റെ നിയന്ത്രണം അനിവാര്യമാണെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യൽ എന്ന തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെ ഗ്രീൻലാൻഡ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. തങ്ങൾ വില്പനയ്ക്കുള്ളതല്ലെന്നും സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ പോരാട്ടം മറക്കരുതെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ട് ഇഗ വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനയെ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും തള്ളിക്കളഞ്ഞു. ഗ്രീൻലാൻഡിനെ കീഴടക്കാൻ അമേരിക്ക സൈനിക, സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് അവർ പറഞ്ഞു. ആർട്ടിക് മേഖലയിൽ അമേരിക്കയുടെ താൽപ്പര്യത്തെ സ്വാഗതം ചെയ്യുന്നതായും എന്നാൽ അത് ഗ്രീൻലാൻഡിലെ ജനങ്ങളോടുള്ള ആദരവോടെയായിരിക്കണമെന്നും ഫ്രെഡറിക്സൺ കൂട്ടിച്ചേർത്തു. ഗ്രീൻലാൻഡ് ഗ്രീൻലാൻഡുകാരുടേതാണെന്നും അവരുടെ ഭാവി അവരാണ് തീരുമാനിക്കേണ്ടതെന്നും മെറ്റെ വ്യക്തമാക്കി.
ഗ്രീൻലാൻഡിന്റെ പ്രാധാന്യം
വടക്കേ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഏറ്റവും ചെറിയ റൂട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയുടെ വലിയ ബഹിരാകാശ കേന്ദ്രത്തിന്റെ ആസ്ഥാനം കൂടിയാണ് ഇവിടം. ശീതയുദ്ധകാലത്ത് തന്നെ അമേരിക്ക ഗ്രീൻലാൻഡിനെ തന്ത്രപരമായി പ്രധാനപ്പെട്ടതായി കണക്കാക്കിയിരുന്നു. അക്കാലത്ത് തുലെയിൽ ഒരു റഡാർ ബേസ് സ്ഥാപിച്ചിരുന്നു. ബാറ്ററികളും ഹൈടെക് ഉപകരണങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിരവധി അപൂർവ ധാതുക്കളുടെ വലിയ ശേഖരം ഇവിടെയുണ്ട്. റഷ്യൻ, ചൈനീസ് കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഈ ദ്വീപ് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് വിശ്വസിക്കുന്നു.
ഗ്രീൻലാൻഡിന്റെ ചരിത്രവും പ്രത്യേകതകളും
21 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രീൻലാൻഡിലെ ജനസംഖ്യ 57,000 മാത്രമാണ്. ഡെന്മാർക്കിന്റെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് ഗ്രീൻലാൻഡിന്റെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകുന്നത്. ദ്വീപിന്റെ 80 ശതമാനവും നാല് കിലോമീറ്ററോളം കട്ടിയുള്ള മഞ്ഞുമൂടിയാണ്. ട്രംപിന്റെ ആദ്യ പ്രസിഡന്റ് ഭരണകാലത്തും ഈ ആർട്ടിക് ദ്വീപ് വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവന തള്ളിക്കളയുകയായിരുന്നു. ഗ്രീൻലാൻഡ് വാങ്ങാനുള്ള ആശയം മുന്നോട്ടുവെച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റല്ല ട്രംപ്. 1860-കളിൽ അമേരിക്കയുടെ 17-ാമത്തെ പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ ആണ് ആദ്യമായി ഈ ആശയം മുന്നോട്ടുവെച്ചത്.
പനാമയുടെ കാര്യത്തിൽ ട്രംപിന്റെ നിലപാട്
പനാമ കനാലിന്റെ ഉപയോഗത്തിന് പനാമ കൂടുതൽ വില ഈടാക്കുന്നുവെന്നും അതിനാൽ അത് തിരികെ എടുക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് ആരോപിക്കുന്നു. കനാൽ അമേരിക്കക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറയുന്നു. പനാമ കനാലിൽ ചൈനീസ് സൈനികരുടെ നിയന്ത്രണമുണ്ടെന്നും അവർ നിയമവിരുദ്ധമായി കനാൽ പ്രവർത്തിപ്പിക്കുകയാണെന്നും ട്രംപ് ആരോപിക്കുന്നു. എന്നാൽ പനാമ പ്രസിഡന്റ് ജോസെ റൗൾ മുലിനോ ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയുന്നു.
അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ കനാലിന്റെ പ്രവേശന കവാടത്തിലെ രണ്ട് തുറമുഖങ്ങളുടെ നടത്തിപ്പ് ഹോങ്കോംഗ് ആസ്ഥാനമായ സി കെ ഹച്ചിസൺ ഹോൾഡിംഗ്‌സിനാണ്. 1900-കളുടെ തുടക്കത്തിൽ നിർമ്മിച്ച ഈ കനാലിന്റെ നിയന്ത്രണം 1977 വരെ അമേരിക്കക്കായിരുന്നു. പിന്നീട് പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മധ്യസ്ഥതയിൽ കനാൽ പനാമയ്ക്ക് തിരികെ നൽകി. 1999 മുതൽ ഇതിന്റെ പൂർണ നിയന്ത്രണം പനാമയ്ക്കാണ്. ട്രംപിന്റെ ഈ പ്രസ്താവനകളെല്ലാം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
#Greenland #Trump #PanamaCanal #USPolitics #InternationalRelations #Arctic