ടോക്യോ ഒളിംപിക്‌സില്‍ ഇന്‍ഡ്യയുടെ അഭിമാനം മീരാബായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത; സ്വര്‍ണമെഡല്‍ നേടിയ ചൈനീസ് താരം ഹൗ ഷിഹുയിക്ക് ഉത്തജേക മരുന്നു പരിശോധന
Jul 26, 2021, 16:16 IST
ADVERTISEMENT
ടോക്യോ: (www.kvartha.com 26.07.2021) ടോക്യോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി ഇന്‍ഡ്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ മണിപ്പൂരുകാരി മീരാബായ് ചാനുവിന്റെ മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. 26കാരിയായ മീരാബായ് ചാനു വെള്ളി നേടിയ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ചൈനീസ് താരം ഹൗ ഷിഹുയിക്ക് ഉത്തജേക മരുന്നു പരിശോധന നിര്‍ദേശിച്ചതോടെയാണ് ചാനുവിന്റെ വെള്ളി മെഡല്‍ നേട്ടം സ്വര്‍ണ മെഡലാകാനുള്ള സാധ്യത തെളിഞ്ഞത്.

മരുന്നുപരിശോധനയ്ക്കായി ഹൗ ഷിഹുയിയോട് ടോക്യോയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരിക്കയാണ്. ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞാല്‍ അവര്‍ അയോഗ്യയാകും. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന മീരാബായ് ചാനുവിന്റെ വെള്ളി സ്വര്‍ണമാകും. അതു ചരിത്രവുമാകും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. പരിശോധന ഉടന്‍ നടക്കുമെന്നാണ് വിവരം.
ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ഹൗ ഷിഹുയിയും രണ്ടാം നമ്പര്‍ താരം ചാനുവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു ടോക്യോ ഇന്റര്‍നാഷനല്‍ ഫോറം എക്‌സിബിഷന്‍ സെന്ററില്‍ നടന്ന മത്സരം. അവസാനം, 210 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് ചൈനീസ് താരം സ്വര്‍ണ മെഡല്‍ ഉറപ്പിച്ചത്. മീരബായ് ചാനു 202 കിലോഗ്രാം ഉയര്‍ത്തി വെള്ളിയും നേടി.
ചാനു ഉള്‍പൈടെ 14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണു മത്സരത്തിനുണ്ടായിരുന്നത്. എല്ലാവര്‍ക്കും മൂന്നു വീതം സ്‌നാച്ച്, ക്ലീന്‍ ആന്‍ഡ് ജെര്‍ക് അവസരങ്ങള്‍. സ്‌നാച്ചിലെ ആദ്യശ്രമത്തില്‍ ചാനു ഉയര്‍ത്തിയത് 84 കിലോഗ്രാം. ഇന്‍ഡൊനീഷ്യയുടെ ഐസ വിന്‍ഡിക സാന്റികയും അതേ ഭാരമുയര്‍ത്തി. എന്നാല്‍ 88 കിലോഗ്രാം ഉയര്‍ത്തി ഷിഹുയി മുന്നിലെത്തി.
രണ്ടാം ശ്രമത്തില്‍ ചാനു 87 കിലോഗ്രാം ഉയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 89 കിലോഗ്രാം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഷിഹുയി രണ്ടാം ശ്രമത്തില്‍ 92 കിലോഗ്രാമും മൂന്നാം ശ്രമത്തില്‍ 94 കിലോഗ്രാം ഭാരവും ഉയര്‍ത്തി ഒളിംപിക് റെകോര്‍ഡും കുറിച്ചു. 84 കിലോഗ്രാം ഉയര്‍ത്തിയ ഇന്‍ഡൊനീഷ്യന്‍ താരമായായിരുന്നു ഷിഹുയിക്കും ചാനുവിനും പിന്നില്‍ സ്‌നാച്ചില്‍ മൂന്നാം സ്ഥാനത്ത്.
ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ ആദ്യശ്രമത്തില്‍ ചാനു ഉയര്‍ത്തിയത് 110 കിലോഗ്രാം. എന്നാല്‍ 109 കിലോഗ്രാം ഉയര്‍ത്തിയ ഷിഹുയി സ്‌നാച്ചിലെ ലീഡ് കൈവിട്ടില്ല. അടുത്ത ശ്രമത്തില്‍ ചാനു ഉയര്‍ത്തിയത് 115 കിലോഗ്രാം ഒളിംപിക് റെകോര്‍ഡ്. ഷിഹുയി 114 കിലോഗ്രാം. എന്നാല്‍, മൂന്നാം ശ്രമത്തില്‍ ഷിഹുയി 116 കിലോഗ്രാം ഉയര്‍ത്തി റെകോര്‍ഡ് തിരുത്തി.
117 കിലോഗ്രാം ഉയര്‍ത്താനുള്ള മൂന്നാം ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും ചാനുവിന്റെ നിരാശ പെട്ടെന്നു മാഞ്ഞു. ആകെ 202 കിലോഗ്രാം ഭാരവുമായി വെളളി മെഡല്‍. 210 കിലോഗ്രാം ഉയര്‍ത്തി ഒളിംപിക് റെകോര്‍ഡോടെ സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്നു പരിശോധനയില്‍ അയോഗ്യയായാല്‍ ചാനുവിനെ തേടിയെത്തുന്നത് ഒളിംപിക് സ്വര്‍ണമാകും.
Keywords: Tokyo Olympics: Silver medallist Chanu stands chance to get medal upgrade, Tokyo,Tokyo-Olympics-2021, Record, Winner, Manipore, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.