ബ്രിടനില്‍ ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ബോറിസ് ജോണ്‍സന്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 


ജനീവ: (www.kvartha.com 13.12.2021) ബ്രിടനില്‍ ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. അതിനിടെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന തോത് ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കി. ഒമിക്രോണ്‍ കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്നും ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്കു പടരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ബ്രിടനില്‍ ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ബോറിസ് ജോണ്‍സന്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡിസംബര്‍ ഒമ്പതു വരെയുള്ള കണക്കനുസരിച്ച് ഒമിക്രോണ്‍ വകഭേദം 63 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഡെല്‍റ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രികയിലും ഏറ്റവും കൂടുതല്‍ ഗുരുതരമായി ബാധിച്ച ബ്രിടനിലും ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയാണ്.

ഡെല്‍റ്റയെക്കാള്‍ അതിവേഗം ഒമിക്രോണ്‍ വ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഒമിക്രോണ്‍ ബാധിതര്‍ പ്രകടിപ്പിക്കുന്നത്.

എന്നാല്‍ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് പറയാന്‍ ഇപ്പോഴത്തെ ഡേറ്റ മതിയാകില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണ്‍ തീവ്രത കുറഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാന്‍ സമയമായിട്ടില്ലെന്നും വ്യാപന ശേഷി കൂടുന്നതു മൂലം അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ബ്രിടനില്‍ ഒമിക്രോണ്‍ തരംഗം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ബ്രിടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ ആഹ്വാനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാല്‍ എന്തു സംഭവിക്കുമെന്നുള്ളതിന് മുന്‍കാല അനുഭവങ്ങള്‍ പാഠമാണെന്നും ബോറിസ് ജോണ്‍സന്‍ ജനങ്ങളോട് പറഞ്ഞു.

ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിനേഷന്‍ ബ്രിടന്‍ വേഗത്തിലാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ രോഗതീവ്രത നിയന്ത്രിച്ചു നിര്‍ത്തുമെന്നാണ് പ്രതീക്ഷയെങ്കിലും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാനുള്ള ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു. 'ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമിക്രോണിന്റെ വേലിയേറ്റം വരുന്നു' ബോറിസ് ജോണ്‍സന്‍ പറഞ്ഞു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാള്‍ മുന്നറിയിപ്പ് ലെവല്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ബ്രിടിഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ ക്രിസ്മസ് കാലത്ത് ബോറിസ് ജോണ്‍സനും ജീവനക്കാരും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവാദത്തിലകപ്പെട്ടിരുന്നു. ഇത്തവണ കരുതലോടെയാണ് അദ്ദേഹത്തിന്റെ നീക്കം. ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതിനാല്‍ ഭേദത്തിന്റെ അടിയന്തരാവസ്ഥയെന്നാണ് ജോണ്‍സന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച 1239 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപോര്‍ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേര്‍ട് മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയിരുന്നു. യുകെയില്‍ ഇതുവരെ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചവരെ 1898 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 65 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

ജൂണ്‍ മുതല്‍ ബ്രിടണ്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവല്‍ മൂന്നായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീഷണിവരുന്നത്. ഉയര്‍ന്ന വ്യാപന ശേഷി സൂചിപ്പിക്കുന്ന ലെവല്‍ നാല് മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ബ്രിടനില്‍ ഒമിക്രോണ്‍ തരംഗമുണ്ടായേക്കാമെന്ന് ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിന്‍ ആന്‍ഡ് ട്രോപികല്‍ മെഡിസിന്‍ (എല്‍ എസ് എച് ടി എം) മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത വര്‍ഷം ഏപ്രിലോടെ 25,000 മുതല്‍ 75,000വരെ ആളുകള്‍ മരിക്കാന്‍ ഇടയുണ്ടെന്നും എല്‍ എസ് എച് ടി എം പ്രവചിച്ചിരുന്നു.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുമെന്നും എല്‍ എസ് എച് ടി എം മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസും പുതുവത്സര ആഘോഷങ്ങളും പിന്നിടുന്നതോടെ പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords:  'Tidal Wave' Of Omicron Is Coming, Warns UK PM, Sets Booster Target, Britain, News, COVID-19, Health, Health and Fitness, Prime Minister, Warning, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia