Cancer | ഇനി രക്ത സാമ്പിളുകളിൽ നിന്ന് കാൻസർ കോശങ്ങളെ എളുപ്പത്തിൽ കണ്ടെത്താം; പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകർ

 




സിഡ്‌നി: (www.kvartha.com) രക്ത സാമ്പിളുകളിൽ നിന്ന് കാൻസർ കോശങ്ങൾ കണ്ടെത്താനും വിശകലനം ചെയ്യാനും ഇൻവേസിവ് ബയോപ്സി ശസ്ത്രക്രിയകളുടെ ആവശ്യകത ഇല്ലാതാക്കാനും കഴിയുന്ന പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകർ. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന് ചികിത്സാ പ്രക്രിയ നിരീക്ഷിക്കാൻ ഡോക്ടർമാരെ സഹായിക്കാനും കഴിയും. ഉപകരണത്തെ കുറിച്ച്  അടുത്തിടെ ബയോസെൻസേഴ്‌സ് ആൻഡ് ബയോഇലക്‌ട്രോണിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (NIH) കണക്കനുസരിച്ച് 2022-ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം 14,61,427 ആണ്. രാജ്യത്തെ ഒമ്പതിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. നിലവിൽ ലബോറട്ടറി ടെസ്റ്റുകൾ, ഇമേജിംഗ് ടെസ്റ്റുകൾ, ബയോപ്സി എന്നിങ്ങനെ മൂന്ന് തരത്തിലാണ് കാൻസർ രോഗനിർണയം നടത്തുന്നത്. ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടെന്ന് സംശയിക്കുമ്പോൾ, കൃത്യമായ രോഗനിർണയത്തിനായി അവർക്ക് പലപ്പോഴും ശസ്ത്രക്രിയ ആവശ്യമാണ്.

അർബുദം നിർണയിക്കുന്നതിനുള്ള ലബോറട്ടറി പരിശോധനകൾക്ക് ശരീരത്തിലെ ചില വസ്തുക്കളുടെ അളവ് കണ്ടെത്താൻ കഴിയും, ഇത് കാൻസറിന്റെ ലക്ഷണമാകാം. എന്നിരുന്നാലും, അസാധാരണമായ പരിശോധനാ ഫലങ്ങൾ കാൻസറിനെ സൂചിപ്പിക്കണമെന്നില്ല. കൂടാതെ, ഒരു വ്യക്തിക്ക് കാൻസർ ഉണ്ടെങ്കിലും സാധാരണ പരിശോധനാ ഫലങ്ങൾ ഉണ്ടായേക്കാം. അതിനാൽ, കൃത്യമായ രോഗനിർണയം ഉറപ്പാക്കാൻ ബയോപ്സി, ഇമേജിംഗ് ടെസ്റ്റുകൾ എന്നിവയും നടത്തുന്നു. 

അതേസമയം ബയോപ്‌സി രോഗികൾക്ക് അസ്വാസ്ഥ്യമുണ്ടാക്കുകയും ശസ്ത്രക്രിയ മൂലം സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രബന്ധത്തിലെ രചയിതാക്കളിൽ ഒരാളായ പ്രൊഫസർ മജിദ് വാർക്കിയാനി പറഞ്ഞു. മാത്രമല്ല, ശസ്ത്രക്രിയകൾ ചിലവേറിയ നടപടിക്രമങ്ങളാണ്. ഈ സാഹചര്യത്തിൽ 'സ്റ്റാറ്റിക് ഡ്രോപ്ലെറ്റ് മൈക്രോഫ്ലൂയിഡിക്' എന്ന് വിളിക്കപ്പെടുന്ന പുതിയ ഉപകരണത്തിന്, പ്രാഥമിക ട്യൂമറിൽ നിന്ന് വേർപെടുത്തി രക്തപ്രവാഹത്തിൽ പ്രവേശിച്ച ട്യൂമർ കോശങ്ങളെ വേഗത്തിൽ കണ്ടെത്താനാകുമെന്ന് ഗവേഷകർ പറയുന്നു. 

Cancer | ഇനി രക്ത സാമ്പിളുകളിൽ നിന്ന് കാൻസർ കോശങ്ങളെ എളുപ്പത്തിൽ കണ്ടെത്താം; പുതിയ ഉപകരണം വികസിപ്പിച്ച് ഗവേഷകർ


ജർമ്മൻ ഫിസിയോളജിസ്റ്റും നോബൽ സമ്മാനം നേടിയ വ്യക്തിയുമായി ഓട്ടോ ഹെൻറിച്ച് വാർബർഗ്, കാൻസർ കോശങ്ങൾ ധാരാളം ഗ്ലൂക്കോസ് കഴിക്കുന്നുവെന്നും അതിനാൽ കൂടുതൽ അസിഡിറ്റി ഉള്ള ലാക്റ്റേറ്റ് ഉത്പാദിപ്പിക്കുന്നുവെന്നും വർഷങ്ങൾക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. കോശങ്ങൾക്ക് ചുറ്റുമുള്ള അസിഡിഫിക്കേഷൻ കണ്ടെത്തുന്ന പിഎച് സെൻസിറ്റീവ് ഫ്ലൂറസെന്റ് ഡൈകൾ ഉപയോഗിച്ച് കാൻസർ കോശങ്ങൾ നിരീക്ഷിക്കുകയാണ് പുതിയ ഉപകരണം ചെയ്യുകയെന്ന്  വാർക്കിയാനി വിശദീകരിച്ചു. 'ഒരു മില്ലി ലിറ്റർ രക്തത്തിൽ കോടിക്കണക്കിന് രക്തകോശങ്ങൾക്കിടയിൽ ഒരൊറ്റ ട്യൂമർ സെൽ നിലനിൽക്കും, അത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്', അദ്ദേഹം പറഞ്ഞു. സ്റ്റാറ്റിക് ഡ്രോപ്ലെറ്റ് മൈക്രോഫ്ലൂയിഡിക് ഉപകരണം വാണിജ്യവൽക്കരിക്കാൻ ഗവേഷകർ പദ്ധതിയിടുന്നു.

Keywords:  News,World,international,Study,Cancer,Disease,Health,Health & Fitness,Doctor,Top-Headlines,Latest-News, This New Device Can Detect And Analyse Cancer Cells From Blood, To Do Away With Need For Invasive Surgery: Study
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia