ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ അഭിമാനം: ടെൻസിങ് ഓർമ്മയായിട്ട് 39 വർഷം

 
Tenzing Norgay, the first Sherpa to summit Mount Everest.
Tenzing Norgay, the first Sherpa to summit Mount Everest.

Photo Credit: X/ TOI Sports

● ഏഴ് ശ്രമങ്ങൾക്ക് ഒടുവിലാണ് എവറസ്റ്റ് കീഴടക്കിയത്.
● ഹിലാരിയോടൊപ്പം ആദ്യമെത്തിയത് ആരാണെന്ന ചോദ്യത്തിന് ഹിലാരിയുടെ കാൽപ്പാടാണ് ആദ്യം പതിഞ്ഞതെന്ന് ടെൻസിങ് പറഞ്ഞു.
● 1986 മെയ് 9-ന് ഡാർജിലിംഗിൽ അന്തരിച്ചു.

ഭാമനാവത്ത് 

(KVARTHA) ന്യൂസിലാൻഡുകാരനായ പർവതാരോഹകൻ എഡ്മണ്ട് ഹിലാരിക്കൊപ്പം ചേർന്ന് 8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി 1953 മെയ് 29ന് ആദ്യമായി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളാണ് നേപ്പാളി ഷേർപ്പയായ ടെൻസിങ് നോർഗേ. പ്രസ്തുത ദിവസം രാവിലെ 11:30ന് ആണ് ടെൻസിങ് ലോകത്തിന്റെ മേൽക്കൂരയിൽ എത്തിയത്.

ഇരുപതാം നൂറ്റാണ്ടിനെ സ്വാധീനിച്ച 100 പേരിൽ ഒരാളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത ടെൻസിങ് നോർഗെ എന്ന ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ജീവിതത്തിന് പൂർണ്ണവിരാമമായിട്ട് മെയ് 29ന് 39 വർഷം.

ജനിച്ച തീയതി ഏതാണെന്ന് അറിയാത്തതിനാൽ ഭഗത് സിംഗ് രക്തസാക്ഷിയായ ദിനം ജനനത്തീയതിയായി സ്വീകരിച്ച ചരിത്രം ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഹർഷൻ സിംഗ് സുർജിത്തിനെ ഓർമിപ്പിക്കുന്ന വിധം ജനിച്ച സ്ഥലമോ തീയതിയോ വ്യക്തമല്ലാത്ത ഒരു ജീവിതത്തിന് ഉടമയായ ടെൻസിങ് തന്റെ ജനനത്തീയതിയായി തെരഞ്ഞെടുത്തത് എവറസ്റ്റ് കീഴടക്കിയ മെയ്‌ 29 ആണ്. ഒരിക്കലും ലോകത്ത് സംഭവിക്കും എന്ന് പ്രതീക്ഷ ഇല്ലാതിരുന്ന എവറസ്റ്റ് കീഴടക്കൽ എന്ന ഐതിഹാസിക സംഭവം നടന്ന മെയ് 29.

തിബത്തുകാരായ മാതാപിതാക്കൾക്ക് 1914ൽ നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കർഷക കുടുംബത്തിലാണ് നോർഗേ ജനിച്ചത് എന്ന് ആത്മകഥയിൽ പറയുന്ന ടെൻസിങ്ങിന്റെ യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്. ഷെർപ്പ വംശജനായതിനാൽ ടെൻസിങ് ഷെർപ്പ എന്ന പേരിലും അറിയപ്പെട്ടു. 

എന്നാൽ മകനോടൊപ്പം ചേർന്ന് എഴുതിയ വേറൊരു പുസ്തകത്തിൽ പറയുന്നത് തിബത്തിലാണ് ജനിച്ചത്. അതാണ് ലേഖനത്തിന്റെ തുടക്കത്തിൽ ജനിച്ച സ്ഥലം പോലും അവ്യക്തമാണ് എന്ന് പറഞ്ഞത്.

കുഞ്ഞു ടെൻ സിംഗിന്റെ ജീവിതത്തെ ഹിമാലയൻ പർവ്വത നിരകളുടെ തണുപ്പും വെളുപ്പും എന്നും ആകർഷിച്ചിരുന്നു. പിതാവിനൊപ്പം യാക്കുകളെ മേയ്ച്ചു നടക്കുമ്പോൾ വെള്ളി നിരകളുടെ മുകളറ്റം കാണണം എന്ന മോഹം എന്നും കൂടെ കൂട്ടിയിരുന്നു.

ഹിമാലയ സാനുക്കളുടെ മുകളിൽ ആയിരുന്നു ദൈവം ഇരിക്കുന്നത് എന്ന ഒരു പരമ്പരാഗത വിശ്വാസം കൂടെ കൂട്ടിയിരുന്ന ജനതയായിരുന്നു ബുദ്ധമതാനിയായികൾ ആയിരുന്ന ടെൻസിംഗിന്റെ കുടുംബം. അതുകൊണ്ടുതന്നെ ദൈവത്തെ കാണുക എന്ന ഒരു ആഗ്രഹവും ടെൻസിങ് എപ്പോഴും കൂടെ കൂട്ടിയിരുന്നു. ആ ആഗ്രഹം എത്രമേൽ കഠിനമായിരുന്നു എന്നതിന്റെ തെളിവാണ് എവറസ്റ്റ് കീഴടക്കിയ അസുലഭ മുഹൂർത്തത്തിൽ എവറസ്റ്റിന്റെ ശിഖരത്തിൽ മധുരം വെച്ച് ടെൻസിങ് താണു വണങ്ങിയത്.

പ്രതീക്ഷകളും സ്വപ്നങ്ങളും കൈമുതലാക്കി മുന്നോട്ടുപോകുന്ന ആർക്കും എപ്പോഴും പ്രചോദനമാണ് ടെൻസിങി ന്റെ ജീവിതകഥ. കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ദ്ധ്യം നേടിയ ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ് ജീവിതം നയിച്ചത്.

ഇരുപതാം വയസ്സിലാണ് സ്വപ്നസാക്ഷാത്കാരത്തിനായി ടെൻസിങ് ആദ്യമായി യാത്ര പുറപ്പെട്ടത്. സമ്പൂർണ്ണ പരാജയമായിരുന്നു ഫലം. പക്ഷേ ആഗ്രഹങ്ങൾക്കൊപ്പം അതിരുകൾ ഇല്ലാതെ യാത്ര ചെയ്ത ടെൻസിങ് പലകുറി പകുതിക്കും മുക്കാലിനും അവസാനിപ്പിച്ച ദൗത്യം തന്റെ ഏഴാം വട്ട യാത്രയിൽ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 

ബ്രിട്ടീഷ് സൈനികനായ ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ടീമിൽ എഡ്മണ്ട് ഹിലാരി ക്കൊപ്പം ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ടെൻസിംഗിന്റെ സ്വഭാവ മഹിമ ഏറ്റവും അധികം വെളിപ്പെട്ട സംഭവം ഈ കൂട്ടായ്മ ഉള്ള യാത്രയിൽ ആരാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന് ചോദിച്ചപ്പോൾ നെറുകയിൽ ആദ്യം പതിഞ്ഞ കാൽപാദം എഡ്മണ്ട് ഹിലാരിയുടെത് ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് ആ ശുദ്ധ മനസ്സിന്റെ തെളിവായിരുന്നു.

പരസ്പര കാലുഷ്യമില്ലാത്ത ഈ തെളിഞ്ഞ കൂട്ടുകെട്ട് കൊണ്ടാണ് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഒരു പോറൽ പോലും ഏൽക്കാതെ തുടർന്നതും വർഷങ്ങൾക്ക് ശേഷം ഇരുവരുടെയും മക്കൾ ആ ദൗത്യം ഏറ്റെടുത്ത് എവറസ്റ്റ് ഒന്നിച്ച് കീഴടക്കി പിതാക്കന്മാരുടെ നല്ല മനസ്സിന് പിന്തുണ പ്രഖ്യാപിച്ചതും.

ഹിലാരിക്ക് സർ പദവി നൽകി ബ്രിട്ടീഷ് സർക്കാർ ആദരവ് നൽകിയപ്പോൾ പര്യടന സംഘത്തലവനായ ജോൺ ഹണ്ട് പോലും ടെൻസിംഗിന്റെ കഴിവിനെ ഇകഴ്ത്തി കാണിക്കുകയാണ് ഉണ്ടായിരുന്നത്. ഹണ്ട് പക്ഷേ പിന്നീട് ഈ പ്രസ്താവന നിരുപാധികം പിൻവലിച്ച് ടെൻ സിംഗിനെ മഹത്വവൽക്കരിക്കുകയും ചെയ്തു.

എന്നാൽ ഇന്ത്യയും നേപ്പാളും ടെൻസിങിനെ ആദരിച്ചു. പർവത നിരയുടെ ശിഖരങ്ങൾക്ക് സിംഗിന്റെ പേരിട്ടു. ഹിമാലയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടറായി നിയമിച്ചു.

1986ൽ ഇന്നേ ദിവസം ഡാർജിലിങ്ങിൽ‌വച്ച് മസ്തിഷ്കരക്തസ്രാവം മൂലം ടെൻസിങ് നോർഗെ കാലയവനികയ്ക്കുള്ളിൽ മടങ്ങി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Article Summary: Today marks the 39th anniversary of Tenzing Norgay's passing, the legendary Sherpa who, along with Edmund Hillary, first conquered Mount Everest in 1953. His life, chosen by Time magazine as one of the 20th century's most influential, continues to inspire.

#TenzingNorgay, #Everest, #MountainClimbing, #IndiaPride, #Sherpa, #History

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia