Rafah Attack | റഫയിൽ കൂട്ടക്കുരുതിക്ക് ഇസ്രാഈൽ; തെരുവുകളിൽ കൂടുതൽ സൈനിക ടാങ്കുകൾ; വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് കുട്ടികളടക്കം 45 പേർ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗസ്സ: (KVARTHA) റഫയിലെ അഭയാർത്ഥി കാമ്പിൽ ഇസ്രാഈൽ സേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 45 പേർ കൊല്ലപ്പെട്ടു. റഫയിലെ ആക്രമണം നിർത്തിവയ്ക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രാഈലിനോട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ നടന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ രോഷത്തിന് കാരണമായിട്ടുണ്ട്. ഗസ്സയിലെ യുദ്ധത്തിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന സമയത്ത് നടന്ന ആക്രമണം ഇസ്രാഈലിനെ കൂടുതൽ ഒറ്റപ്പെടുത്തി. മധ്യറഫയിലേക്കടക്കം കൂടുതൽ സൈനിക ടാങ്കുകൾ എത്തിച്ചേർന്നതോടെ വലിയൊരു കൂട്ടക്കുരുതി സംഭവിക്കുമെന്ന ആശങ്ക ശക്തമാണ്.

മധ്യ ഗസ്സയിലും തെക്കൻ നഗരമായ ഖാൻ യൂനിസിലും സൈനികാക്രമണം നടത്തുന്നതിന് മുമ്പ് വടക്ക് ഭാഗത്തുള്ളവരോട് പലായനം ചെയ്യാൻ ഇസ്രാഈൽ സൈന്യം നിർദേശിച്ചപ്പോൾ, ലക്ഷക്കണക്കിന് ആളുകൾ തെക്ക് റഫയിലേക്ക് പലായനം ചെയ്‌തിരുന്നു. ഇപ്പോൾ അവസാന അഭയകേന്ദ്രത്തിലും ഇസ്രാഈൽ ആക്രമണം ശക്തമാക്കിയതോടെ ഇനിയെങ്ങോട്ട് പോകുമെന്നാണ് ഫലസ്തീനികൾ ചോദിക്കുന്നത്.
തങ്ങൾ പോകുന്നിടത്തെല്ലാം ഇസ്രാഈൽ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗസ്സ മുനമ്പിൽ മുകളിലേക്കും താഴേക്കും പലായനം ചെയ്യുകയാണെന്നും ഫലസ്തീനികൾ പറയുന്നു. ഞായറാഴ്ചയാണ് ഇസ്രാഈൽ റഫയ്ക്ക് നേരെ ആക്രമണം ആരംഭിച്ചത്. ആഗോള തലത്തിലുള്ള വിമർശനവും അമേരിക്കയുടെ മുന്നറിയിപ്പും അവഗണിച്ച് റഫയിൽ ആക്രമണവുമായി മുന്നോട്ട് പോകാനാണ് ഇസ്‌റാഈൽ തീരുമാനിച്ചിട്ടുള്ളത്. ഒക്‌ടോബർ ഏഴിന് ശേഷം ഇസ്രാഈൽ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ 36,096 പേർ കൊല്ലപ്പെട്ടു.
അതേസമയം സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഔപചാരികമായി അംഗീകരിച്ചതിനാൽ, റഫയിലെ ഇസ്രാഈൽ അധിനിവേശത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിച്ചു.