മുസ്‌ലിം ബാലനെതിരെ വിവാദ ട്വീറ്റ്; വിശദീകരണവുമായി തസ്ലീമ നസ്‌റിന്‍

 


ടെക്‌സസ്:  (www.kvartha.com 21.09.2015) ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമേരിക്കന്‍ മുസ്ലിം വിദ്യാര്‍ത്ഥിക്കെതിരെ വിവാദ ട്വീറ്റ് നടത്തിയ തസ്ലിമ നസ്‌റിന്‍ വിശദികരണവുമായി രംഗത്ത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പായിരുന്നു ട്വീറ്റിനാസ്പദമായ സംഭവം. അമേരിക്കയിലെ ടെക്‌സസില്‍ പതിനാലുകാരനായ അഹമ്മദ് മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി താന്‍ നിര്‍മ്മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തി. ഇത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നായിരുന്നു ബംഗ്ലാദേശ് എഴുത്തുകാരിയായ തസ്ലിമ നസ്‌റിന്റെ ട്വീറ്റ്.

'എനിക്ക് അഹ്മദ് മുഹമ്മദിന്റെ ക്ലോക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനും അതൊരു ബോംബായി തെറ്റിദ്ധരിച്ചേനെ. എന്തുകൊണ്ടാണ് മുസ്‌ലിങ്ങള്‍ ബോംബ് കൊണ്ടുവരും എന്ന് ആളുകള്‍ കരുതുന്നത്? കാരണം അവര്‍ അതു ചെയ്യുന്നു' എന്നായിരുന്നു തസ്ലീമ ട്വിറ്ററില്‍ കുറിച്ചത്. തസ്ലിമ നസ്‌റിന്റെ ഈ ട്വിറ്റിനെതിരെ വലിയ പ്രതിക്ഷേധങ്ങളുമായി സോഷ്യല്‍ മീഡിയകളടക്കം രംഗത്തെത്തുകയും മതഭ്രാന്തി എന്ന് തസ്ലിമയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയപ്പോഴാണ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലൂടെ തസ്ലിമ വിശദികരണം നല്‍കുന്നത്.

'അഹ്മദ് നല്ല കുട്ടിയാണ്, സൂക്ഷ്മതയും ബുദ്ധിയുമുള്ള കുട്ടിയാണ്, പക്ഷേ മുസ്ലിം ബാലന്മാര്‍ ബോംബ് നിര്‍മ്മിക്കുന്നു എന്നതും സത്യമാണ്. അതിനാല്‍ സ്‌കൂള്‍ അധികൃതര്‍ക്കുണ്ടായ പേടി അസ്ഥാനത്തല്ല' തസ്ലിമ പറയുന്നു. 2013ല്‍ ബോസ്റ്റണില്‍ നടന്ന കൂട്ട ബോംബിങ്ങിനെ ഉദാഹരിച്ചായിരുന്നു തസ്ലീമ വിശദീകരണം നല്‍കിയത്. അന്ന് ഇസ്ലാം മതവിശ്വാസികളായ കുട്ടികളെ ബെല്‍റ്റ് ബോംബുമായി പറഞ്ഞയച്ചത് അവര്‍ ചൂണ്ടിക്കാട്ടി. ആ കുട്ടികളും നല്ലവരായിരുന്നെന്നും എന്നാല്‍ ഇസ്ലാമിലെ വിശ്വാസികള്‍ അവരെ ബ്രെയിന്‍വാഷ് ചെയ്യുകയായിരുന്നു എന്നും അവര്‍ പറയുന്നു.

മറ്റു മതക്കാരും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും എന്നാല്‍ ഇസ്ലാമിനെ അപേക്ഷിച്ച് കുറവാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ മരണശിക്ഷയും നാടുകടത്തലുമാണ് ലഭിക്കുക എന്ന് തസ്ലീമ ഇന്നലെ മറ്റൊരു ട്വീറ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇസ്ലാമിനെ വിമര്‍ശിച്ച് നോവലെഴുതിയതിന്റെ പേരില്‍ ബംഗ്ലാദേശില്‍ നിന്നും നിരവധി ഭീഷണികള്‍ നേരിട്ട തസ്ലീമ 1994 മുതല്‍ വിദേശ രാജ്യങ്ങളിലാണ് കഴിയുന്നത്. കുറച്ചുകാലം ഇന്ത്യയിലും കഴിഞ്ഞ അവര്‍ ഇവിടെ വധഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് ഇപ്പോള്‍ യു.എസിലാണ് താമസം.

മുസ്‌ലിം ബാലനെതിരെ വിവാദ ട്വീറ്റ്; വിശദീകരണവുമായി തസ്ലീമ നസ്‌റിന്‍



Keywords:  Controversial Statements, America, Twitter, school, Boy, Islam, Criticism, Social Network, Bomb, Bangladesh, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia