കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ പതാക നാട്ടി; ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും; പലായനം ചെയ്ത ശേഷം ആദ്യപ്രതികരണവുമായി അശ്റഫ് ഗനി
Aug 16, 2021, 08:17 IST
കാബൂള്‍: (www.kvartha.com 16.08.2021) അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ഉടന്‍ പ്രഖ്യാപിക്കും. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍.
അതേസമയം രാജ്യംവിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്റഫ് ഗനി പറഞ്ഞു. പലായനം ചെയ്ത ശേഷമുള്ള ഗനിയുടെ ആദ്യപ്രതികരണം ആണിത്. അധികാര കൈമാറ്റം എങ്ങിനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപോര്‍ടുകള്‍. നിര്‍ണായക യുഎന്‍ യോഗം തിങ്കളാഴ്ച ചേരും. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്‍തുണക്കായുള്ള ശ്രമങ്ങള്‍ താലിബാനും നടത്തിവരുന്നുണ്ട്.
രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തില്‍. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. തലസ്ഥാമായ കാബൂളിനെ നാല് വശത്ത് നിന്നും താലിബാനികള്‍ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നില്‍ക്കാതെ തന്നെ അഫ്ഗാന്‍ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിര്‍ത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചര്‍ച്ചകള്‍ക്കായി താലിബാന്‍ സംഘം പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി.
അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്റ് അശ്‌റഫ് ഗനിക്ക് മുന്നിലുണ്ടായിരുന്നില്ല. അധികാര കൈമാറ്റം പൂര്‍ത്തിയാവും വരെ ഇടക്കാല സര്‍കാരിനെ ഭരണമേല്‍പിക്കാനാണ് ധാരണ. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അലി അഹമ്മദ് ജലാലിയാവും ഇടക്കാല സര്‍കാരിനെ നയിക്കുകയെന്നാണ് വിവരം.
കാബൂള്‍ താലിബാന്‍ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗരന്‍മാരെ തിരികെയെത്തിക്കാന്‍ ജര്‍മന്‍ സേനയും കാബൂളിലെത്തി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാന്‍ അറിയിച്ചിരുന്നു.
അമേരികയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് താലിബാന്‍ ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.
വാഷിംഗ്ടണും ലന്‍ഡനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. 'കാബൂളിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് സിവിലിയന്‍സിന്റെ എണ്ണം കുറയ്ക്കുമെന്ന്' യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
ലന്‍ഡന്‍ സ്വദേശികളെയും മുന്‍ അഫ്ഗാന്‍ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ലന്‍ഡന്‍ 600 സൈനികരെ അയക്കുമെന്ന് ബ്രിടീഷ് പ്രതിരോധ സെക്രടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാന്‍ വ്യാഖ്യാതാക്കളെയും അമേരികക്കാരെ സഹായിച്ച മറ്റുള്ളവരെയും ഒഴിപ്പിക്കാന്‍ അമേരിക പ്രതിദിന വിമാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് പ്രൈസ് പറഞ്ഞു.
മെയ് അവസാനം അമേരികന്‍ സേന അഫ്ഗാന്‍ വിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതുവരെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങള്‍ കീഴടക്കിയിരുന്ന താലിബാന്‍ പെട്ടെന്ന് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.
താലിബാന്‍ അനുകൂലികളായ ട്വിറ്റര്‍ ഉപയോക്താക്കള്‍ യുദ്ധത്തിന്റെ ചിത്രങ്ങള്‍ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. താലിബാന്‍ പിടിച്ചെടുത്ത വാഹനങ്ങള്‍, ആയുധങ്ങള്‍, ഡ്രോണ്‍ എന്നിവയുടെ ചിത്രങ്ങളും ഇതില്‍പെടുന്നു.
വ്യാഴായ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.