കാണ്ഡഹാറും ഹേരത്തും പിടിച്ചെടുത്തു; അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 11 പ്രവിശ്യകള്‍ താലിബാന്‍ നിയന്ത്രണത്തില്‍, ആശങ്ക വര്‍ധിച്ചതോടെ പിന്മാറ്റ നടപടികള്‍ വേഗത്തിലാക്കി അമേരികയും ബ്രിടനും
Aug 13, 2021, 09:49 IST
കാബൂള്‍: (www.kvartha.com 13.08.2021) അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും ഹേരത്തും താലിബാന്‍ പിടിച്ചെടുത്തു. ഇതോടെ ആകെയുള്ള 34 പ്രവിശ്യകളില്‍ 11 എണ്ണം താലിബാന്‍ ഭരണത്തിലായി. 90 ദിവസത്തിനകം താലിബാന്‍ കാബൂള്‍ പിടിക്കുമെന്നാണ് അമേരിക തന്നെ കണക്കുകൂട്ടിയിരിക്കുന്നത്.
നൂറു കണക്കിന് അഫ്ഗാന്‍ സര്‍കാര്‍ ഉദ്യോഗസ്ഥരെ താലിബാന്‍ തടവിലാക്കിയിരിക്കുകയാണ്. പലയിടത്തും താലിബാന് കാര്യമായ ചെറുത്തുനില്‍പ്പ് ഉണ്ടാകുന്നില്ല. ഗസ്‌നി നഗരം ഒരു ഏറ്റുമുട്ടലും ഇല്ലാതെയാണ് താലിബാന്‍ കഴിഞ്ഞ ദിവസം പിടിച്ചത്. ഗസ്‌നിയിലെ ഗവര്‍ണര്‍ ദാവൂദ് ലാഖ്മാനി ഓഫീസ് താലിബാന് വിട്ടുകൊടുത്ത ശേഷം ഓടിപ്പോവുകയായിരുന്നു. താലിബാന് പ്രവിശ്യ വിട്ടുകൊടുത്തിന്റെ പേരില്‍ പിന്നീട് ഇദ്ദേഹത്തെ അഫ്ഗാന്‍ സൈന്യം അറസ്റ്റു ചെയ്തു.
യുദ്ധം തുടര്‍ന്നാല്‍ അഫ്ഗാനിസ്താന്‍ വന്‍ ദുരന്തത്തിലേക്ക് നീങ്ങുമെന്ന് യുഎന്‍ സെക്രടറി ജനറല്‍ അന്റോണിയോ ഗുടറസ് മുന്നറിയിപ്പ് നല്‍കി. അഫ്ഗാന്റെ വിവിധ പ്രവിശ്യകളില്‍ നിന്ന് വീട് വിട്ടോടിയവരുടെ എണ്ണം നാലുലക്ഷം കടന്നതായി യുഎന്‍ അധികൃതര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ഭക്ഷണമോ മരുന്നോ ഇല്ലാതെ തെരുവിലാണ്. ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ പ്രാണരക്ഷാര്‍ത്ഥം ഇറാനിലേക്കും പലായനം ചെയ്തിട്ടുണ്ട്.
കാബൂള്‍ അടക്കം താലിബാന്‍ ഭീകരരുടെ പിടിയിലാകുമെന്ന ആശങ്ക വര്‍ധിച്ചതോടെ അമേരികയും ബ്രിടനും പിന്മാറ്റ നടപടികള്‍ വേഗത്തിലാക്കി. അഫ്ഗാനില്‍ ഇനി ശേഷിക്കുന്ന മുഴുവന്‍ യു എസ്, ബ്രിടീഷ് പൗരന്മാരെയും ഈ ആഴ്ച തന്നെ സുരക്ഷിതരായി മടക്കിക്കൊണ്ടു പോകും. ഇതിനായി താല്‍കാലികമായി സൈനികരെ വിന്യസിക്കും. അമേരിക മൂവായിരവും ബ്രിടന്‍ അറുന്നൂറും സൈനികരെ താല്‍കാലികമായി വിന്യസിച്ച് സുരക്ഷിത പാതയൊരുക്കി. യു എസ് ബ്രിടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും മടക്കിക്കൊണ്ടു പോകാനാണ് പദ്ധതി.
അതിനിടെ ഖത്വറില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ സുപ്രധാനമായൊരു ഒത്തുതീര്‍പ്പ് നിര്‍ദേശം അഫ്ഗാന്‍ സര്‍കാര്‍ മുന്നോട്ടുവച്ചു. വെടിനിര്‍ത്തലിന് തയാറായാല്‍ താലിബാനുമായി അധികാരം പങ്കിടാമെന്ന നിര്‍ദേശമാണ് അഫ്ഗാന്‍ സര്‍കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.