Celebration | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ കൊടുങ്കാറ്റായി വീശാന്‍ 'എവെയ്ക്ക് ജര്‍മനി'
ബെര്‍ലിന്‍: (KVARTHA) ജര്‍മനിയിലെ സിറോ മലബാര്‍ യുവജനസംഘടന ആയ എസ് എം വൈ എം(SMYM) ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ ആദ്യത്തെ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് ആയ എവെയ്ക്ക് (AWAKE) ജര്‍മനി 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ കൊളോണ്‍ ലീബ് ഫ്രാവെന്‍ പള്ളിയില്‍ വെച്ച് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് നടത്തപ്പെട്ടു.
വെള്ളിയാഴ്ച യൂറോപ്പ് അപ്പസ് തോലിക വിസിറ്റേറ്റര്‍ അഭിവന്ദ്യ സ്റ്റീഫന്‍ ചിറപ്പണത്തു പിതാവ് തിരി തെളിച്ച് ഉദ് ഘാടനം നിര്‍വഹിച്ചു. യൂറോപ്പ് യൂത്ത് ഡയറക്ടര്‍ ബഹു. ഫാദര്‍ ബിനോജ് മുളവരിക്കല്‍ ആണ് കോണ്‍ഫെറെന്‍സിന് നേതൃത്വം നല്‍കിയത്. ജര്‍മനിയിലെ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ കോര്‍ഡിനേറ്ററും എസ് എം വൈ എം ജര്‍മനിയുടെ ചാപ്ലൈനും ആയബഹു. ഫാദര്‍ ഇഗ്‌നേഷന്‍സ് ചാലിശ്ശേരി ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറും ആയ ജോസഫ് അന്നംക്കുട്ടി ജോസ് ആയിരുന്നു മുഖ്യാഥിതി.
നര്‍മ്മത്തില്‍ ചാലിച്ച ജോസഫ് അന്നംക്കുട്ടി ജോസിന്റെ പ്രസംഗം യുവജനങ്ങള്‍ക്ക് ഏറെ ഉള്‍കാഴ്ച നല്‍കുന്നതാ യിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞു നടത്തപ്പെട്ട പാനല്‍ ചര്‍ച്ചയും ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത് ആയിരുന്നു. എസ് എം വൈ എം ജര്‍മനിയുടെ 5 റീജിയണില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള യുവജനങ്ങളുമായി പങ്കുവെച്ചു.
ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം യുവജനങ്ങള്‍ കൊളോണില്‍ താമസിച്ച് പരിപാടിയില്‍ പങ്കെടുത്തു. കൂടാതെ 32 സിസ് റ്റേഴ്സും നിരവധി വൈദികരും അവരുടെ സാന്നിധ്യം കൊണ്ട് ഈ പരിപാടിയെ അനുഗ്രഹീതമാക്കി. വെള്ളിയാഴ്ച യുവജനങ്ങള്‍ക്കായി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികളും ഉച്ചക്ക് ശേഷം സംഘടിപ്പിച്ചു.
ശനിയാഴ്ച 170 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഇതില്‍ ഏകദേശം 50 ഓളം കുട്ടികളും ഉണ്ടായിരുന്നു. ശനിയാഴ്ച അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ 11 വൈദികര്‍ സമൂഹബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. വിശുദ്ധ കുര്‍ബാനയും കുമ്പസാരവും അതോടൊപ്പം ആരാധനയും മൂന്നു ദിവസങ്ങളില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച നടത്തപ്പെട്ട ആരാധനയും കൈവെപ്പു ശുശ്രുഷയും വലിയ ഒരു അഭിഷേകം തന്നെ ആയിരുന്നു.
ഞായാറാഴ്ച യുവജനങ്ങള്‍ റീജിയണ്‍ തിരിഞ്ഞ് ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച നടത്തുകയുണ്ടായി. ഞായറാഴ്ച നടന്ന ആരാധനയില്‍ വൈദികര്‍ക്കുവേണ്ടിയും സന്യസ്തര്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
യൂറോപ്യന്‍ ജനതയെത്തന്നെ വിശ്വാസത്തിലേക്ക് നയിക്കാന്‍ കഴിയുന്ന വിധത്തിലാണ് ജര്‍മനിയിലെ യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അടുത്ത ദിവസം ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ വിശ്വാസത്തിന്റെ കൊടുങ്കാറ്റായി വീശാന്‍ ഇതൊരു തുടക്കമാകുമെന്നും വളരെ സന്തോഷത്തോടെ ആണ് പരിപാടിയില്‍ പങ്കെടുത്തവരെല്ലാം മടങ്ങിയതെന്നും സംഘാടകര്‍ പറയുന്നു.
#SyroMalabarYouth #Germany #CatholicYouth #Faith #Community #SpiritualAwakening