Gotabaya Rajapaksa | ജനരോഷം ഭയന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോടബയ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; വിമാനത്താവളത്തിലെത്തി വരവേറ്റ് പാര്‍ടി പ്രവര്‍ത്തകര്‍
Sep 3, 2022, 08:33 IST
കൊളംബോ: (www.kvartha.com) ജനരോഷം ഭയന്ന് ഏഴാഴ്ച മുമ്പ് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോടബയ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. അര്‍ധരാത്രി കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോടബയയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ടിയില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും എത്തിയിരുന്നു. ബൊകെ നല്‍കിയും വഴികളില്‍ പൂക്കള്‍ വിതറിയുമാണ് ഗോടബയയെ പാര്‍ടി പ്രവര്‍ത്തകര്‍ വരവേറ്റത്.
കനത്ത പൊലീസ് കാവലിലാണ് ഗോടബയ രാജപക്‌സയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ട് പോയത്. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ സര്‍കാര്‍ കൊളംബോയില്‍ അനുവദിച്ച വസതിയിലാണ് ഇപ്പോള്‍ ഗോടബയ ഉള്ളത്. മാലിദ്വീപ്, സിംഗപൂര്‍, തായ്‌ലന്‍ഡ് എന്നിവടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു ഗോടബയ രജപക്‌സെ. നിലവില്‍ ഗോടബയക്കെതിരെ രാജ്യത്ത് കേസുകളൊന്നും രെജിസ്റ്റര്‍ ചെയ്തിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസിതി ഉള്‍പെടെ കയ്യേറിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതിനെ മറികടക്കാന്‍ ഐഎംഎഫില്‍ നിന്നും 2.9 ബില്യന്‍ യു എസ് ഡോളര്‍ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്.
ജനകീയ പ്രതിഷേധത്തിനെ തുടര്‍ന്ന് ജൂലൈ ഒന്‍പതിലെ കലാപത്തിന് ശേഷമാണ് രജപക്സെ ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്തത്. ആദ്യം മാലിദ്വീപിലേക്ക് പലായനം ചെയ്ത രജപക്‌സെ അവിടെ നിന്ന് ജൂലൈ 13ന് സിംഗപൂരിലേക്ക് പോവുകയുമായിരുന്നു.
ജൂലൈ 14 ന് സ്വകാര്യ സന്ദര്‍ശനത്തിനായി സിംഗപൂരില്‍ എത്തിയ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റിന് സിംഗപൂര്‍ 14 ദിവസത്തെ ഹ്രസ്വകാല സന്ദര്‍ശന പാസ് അനുവദിച്ചത്. രജപക്സെ അഭയം ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നല്‍കിയിട്ടില്ലെന്നും സിംഗപൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ അറിയിച്ചിരുന്നു.
സിംഗപൂരിലേക്ക് എത്തുന്ന ശ്രീലങ്കയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് സാധാരണയായി 30 ദിവസം വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല സന്ദര്‍ശന പാസ് (എസ്ടിവിപി) നല്‍കുമെന്ന് സിംഗപൂര്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ചെക്പോയിന്റ് അതോറിറ്റി (ഐസിഎ) അറിയിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.