രൂക്ഷമായ വിലക്കയറ്റത്തില്‍ വലഞ്ഞ ശ്രീലങ്കന്‍ ജനത പ്രസിഡന്റിനെതിരെ കലാപവുമായി തെരുവില്‍; അവശ്യ സാധനങ്ങള്‍ ഉള്‍പെടെയുള്ളവയുടെ വില താങ്ങാനാവുന്നില്ല; പ്രതിസന്ധിക്ക് കാരണം വിദേശനാണയം ഇല്ലാത്തത്; ഇന്‍ഡ്യയോട് സഹായം അഭ്യര്‍ഥിച്ചു

 


കൊളംബോ: (www.kvartha.com 17.03.2022) രൂക്ഷമായ വിലക്കയറ്റത്തില്‍ വലഞ്ഞ ശ്രീലങ്കന്‍ ജനത പ്രസിഡന്റിനെതിരെ കലാപവുമായി തെരുവില്‍. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. ശ്രീലങ്കയില്‍ വിദേശനാണയം ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അവശ്യ സാധനങ്ങള്‍ ഉള്‍പെടെയുള്ളവയുടെ വില ജനങ്ങള്‍ക്ക് താങ്ങാനാവുന്നില്ല.

രൂക്ഷമായ വിലക്കയറ്റത്തില്‍ വലഞ്ഞ ശ്രീലങ്കന്‍ ജനത പ്രസിഡന്റിനെതിരെ കലാപവുമായി തെരുവില്‍; അവശ്യ സാധനങ്ങള്‍ ഉള്‍പെടെയുള്ളവയുടെ വില താങ്ങാനാവുന്നില്ല; പ്രതിസന്ധിക്ക് കാരണം വിദേശനാണയം ഇല്ലാത്തത്; ഇന്‍ഡ്യയോട് സഹായം അഭ്യര്‍ഥിച്ചു

പ്രതിപക്ഷപാര്‍ടിയായ യുനൈറ്റഡ് പീപിള്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. സര്‍കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. 'രണ്ട് വര്‍ഷമായി ഞങ്ങള്‍ ഈ ദുരിതമനുഭവിക്കുന്നു. ഇനിയും സഹിക്കാനാകുമോ?', എന്ന ബാനറുകളും ഫ് ളക്‌സുകളുമായാണ് ജനം തെരുവിലെത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍കാര്‍ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയില്‍ അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപ(128 ഇന്‍ഡ്യന്‍ രൂപ) യാണ് വില. ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ 263 (75 ഇന്‍ഡ്യന്‍ രൂപ) ലങ്കന്‍ രൂപ നല്‍കണം.

പെട്രോളിനും ഡീസലിനും നാല്‍പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമവും രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. അതില്‍ തന്നെ ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയാണ് പെട്രോളിന്. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപയും. ഇതോടെ രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്.

വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ് സര്‍കാര്‍. ഇതോടെ ദിവസം ഏഴരമണിക്കൂര്‍ പവര്‍കട് ഏര്‍പെടുത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സാമ്പത്തികമേഖല. വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിവൃത്തിയില്ലാതെയായി.

ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്‍ഡ്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫില്‍ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ഒരു ബില്യണ്‍ ഡോളര്‍ കടമായി ഇന്‍ഡ്യ ശ്രീലങ്കയ്ക്ക് നല്‍കിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപോര്‍ടുകള്‍. ഇപ്പോള്‍ ഡെല്‍ഹിയിലുള്ള ധനമന്ത്രി ബേസില്‍ രാജപക്‌സ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളര്‍ സഹായമാണ് ഇന്‍ഡ്യ ശ്രീലങ്കയ്ക്ക് നല്‍കിയത്.

കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവില്‍ ശ്രീലങ്കയിലെ വിദേശനാണയശേഖരം ഏതാണ്ട് തീര്‍ന്ന അവസ്ഥയിലാണ്. മാത്രമല്ല, ഏഴ് ബില്യന്‍ ഡോളറോളും വിദേശകടവുമുണ്ട്.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സര്‍കാര്‍ നിരോധിച്ചിരിക്കുകയാണ്. കാറുകള്‍, ഫ്‌ളോര്‍ ടൈലുകള്‍ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാനാണ് ആദ്യം ആഢംബരവസ്തുക്കളുടെയും ഏറ്റവുമൊടുവില്‍ ഗതികെട്ട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനുള്ള നടപടി സര്‍കാര്‍ സ്വീകരിച്ചത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്തുണ്ടായത്. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുകയും ചെയ്തു.

Keywords: Sri Lankan protesters demand president quit over economic crisis, Srilanka,News, Economic Crisis, Protesters, Export, Import, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia